വേദന കാരണം വയറ്റില്‍ പിടിച്ചാണ് ഇരിക്കുന്നത്, കണ്ടു നില്‍ക്കാനാകില്ല; പക്ഷെ അതിലും വലിയ വേദന അവരുടെ നഷ്ടമാണ്!
മലയാളികളുടെ മനസില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന പേരാണ് ബാലഭാസ്‌കര്‍ എന്നത്. ഒട്ടും നിനച്ചിരിക്കാതെ വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ ബാലഭാസ്‌കറിനേയും കൊണ്ടു പോവുകയായിരുന്നു. ആ മരണത്തിന്റെ വേദനയില്‍ നിന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഇന്നും മുക്തരായിട്ടില്ല.
ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനെതിരെ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ബാലഭാസ്‌കറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും കടന്നു വരുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് സുഹൃത്ത് കൂടിയായ ഇഷാന്‍ ദേവ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

ബാലഭാസ്‌കറിന്റെ പിറന്നാള്‍ ദിനത്തില്‍ വനിതയ്ക്് നല്‍കിയ അഭിമുഖത്തിലാണ് ഇഷാന്‍ ദേവ് മനസ് തുറന്നത്. ഈ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ബാലഭാസ്‌കറുമായുള്ളത് കോളേജ് കാലം മുതലുള്ള ബന്ധം ആണെന്നാണ് ഇഷാന്‍ ദേവ് പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ് ബാലഭാസ്‌കര്‍. അതേ ബന്ധം അദ്ദേഹത്തിന്റെ കുടുംബവുമായിട്ടുണ്ടെന്നും ഇഷാന്‍ പറയുന്നു. തന്റെ മകളെ എഴുത്തിനിരുത്തിയത് ബാലഭാസ്‌കറായിരുന്നുവെന്നും താന്‍ ഒരു സംഗീത ഉപകരണം പോലും ബാലഭാസ്‌കര്‍ അറിയാതെ വാങ്ങിയിട്ടില്ലെന്നും ഇഷാന്‍ പറയുന്നു.

ബാലഭാസ്‌കറിന്റെ മരണ ശേഷം അദ്ദേഹത്തെ നെഗറ്റീവ് ആയി ചിത്രീകരിക്കാനാണ് പലരും ശ്രമിച്ചതെന്നും സുഹൃത്തെന്ന നിലയില്‍ അത് വലിയ വേദനയുണ്ടാക്കിയെന്നും ഇഷാന്‍ പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയ്‌ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരേയും ഇഷാന്‍ രംഗത്തെത്തിയിരുന്നു. അവരുടെ നഷ്ടം അവര്‍ക്ക് മാത്രമാണ് മനസിലാകുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വര്‍ഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുന്നത് കഷ്ടമാണെന്ന് ഇഷാന്‍ പറഞ്ഞിരുന്നു.
താന്‍ ഒടുവില്‍ കാണുമ്പോഴും ചേച്ചിയ്ക്ക് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നുവെന്നും ഇഷാന്‍ പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റില്‍ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടുനില്‍ക്കാനാകില്ലെന്നും ഇഷാന്‍ പറഞ്ഞിരുന്നു. ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട സ്ത്രീയുടെ അവസ്ഥ ഊഹിച്ച് നോക്കൂവെന്നും അതിനിടെയാണ് വ്യാജ പ്രചരണങ്ങളെന്നും ഇഷാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പറയേണ്ട കാര്യങ്ങള്‍ ലക്ഷ്മി ചേച്ചി പറയേണ്ടിടത്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും പിന്നെന്താ ലക്ഷ്മി ചേച്ചി ചാനലില്‍ വന്നിരുന്ന് കരഞ്ഞോണ്ട് ഇന്റര്‍വ്യു കൊടുക്കണം എന്നാണോ എന്നായിരുന്നു ഇഷാന്‍ ചോദിച്ചത്. അതിനൊന്നും അവര്‍ക്ക് താല്‍പര്യമില്ലെന്നും അവര്‍ പണ്ടും അങ്ങനെയാണെന്നും പൊതുവെ അഭിമുഖങ്ങളോട് താല്‍പര്യമുള്ള ആളല്ലെന്നും ഇഷാന്‍ പറഞ്ഞിരുന്നു. അതേസമയം ലക്ഷ്മി ചേച്ചി എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അവരോട് അടുപ്പമുള്ളവര്‍ക്ക് അറിയാമെന്നും ഇഷാന്‍ അന്ന് പറഞ്ഞിരുന്നു.
അതേസമയം ബാലഭാസ്‌കറിന്റെ അപകട മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് സിബിഐ കണ്ടെത്തല്‍. നേരത്തെ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം ഹര്‍ജി നല്‍കുകയായിരുന്നു.
Recommended Video

അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി പറയുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. 2018 സെപ്തംബര്‍ 24 നായിരുന്നു പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തിലാകുന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിക്കുകയും ഭാര്യ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.


Click it and Unblock the Notifications











