അതിനോട് മാത്രമാണ് എനിക്ക് ഭ്രമം; ഫ്രീ ടൈം കിട്ടിയാൽ രണ്ടു പെഗ്ഗ് അടിക്കും; ജഗതി അന്ന് പറഞ്ഞത്
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്നാണ് നടൻ ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കും സാധാരണ ജീവിതത്തിലേക്കുമുള്ള തിരിച്ചുവരവ്. 2012 ൽ ഉണ്ടായ വാഹനാപകടത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടനെ മലയാള സിനിമ വളരെയധികം മിസ് ചെയ്യുന്നുണ്ട്. ഹാസ്യ സാമ്രാട്ടായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജഗതിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ മലയാളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അത്രയധികം ഹാസ്യകഥാപാത്രങ്ങളാണ് അദ്ദേഹം അനശ്വരമാക്കിയിട്ടുള്ളത്.
ഹാസ്യത്തിന് പുറമെ വില്ലൻ വേഷങ്ങളും അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ റോളുകളും ജഗതിയുടെ കയ്യിൽ ഭദ്രമായിരുന്നു. സിനിമയിലെന്നത് പോലെ ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയപ്പെട്ട നടനായിരുന്നു ജഗതി. എന്തും വെട്ടിത്തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ശീലമാണ് പലരെയും ആകർഷിച്ചിരുന്നത്. അഭിമുഖങ്ങളിലൊക്കെ അദ്ദേഹം നടത്തിയിട്ടുള്ള തുറന്നു പറച്ചിലുകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. മുൻപൊരിക്കൽ തന്റെ മദ്യപാന ശീലത്തെക്കുറിച്ചടക്കം ജഗതി ഇത്തരത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ അതും ശ്രദ്ധ നേടുകയാണ്.

'ഞാൻ നന്നായി ഭക്ഷണം പാചകം ചെയ്യും. നന്നായിട്ട് കോഴിക്കറി വയ്ക്കുമെന്ന് കേൾക്കുന്നതൊക്കെ സത്യം തന്നെയാണ്. പക്ഷെ കഞ്ഞി, പയർ, ചമ്മന്തി ഒക്കെയാണ് എന്റെ ആഹാരം. അതിപ്പോൾ സിനിമ ഇല്ലെങ്കിലും എനിക്ക് ലഭിക്കും എന്നാണ് വിശ്വാസം. പിന്നെ വസ്ത്രങ്ങളോടൊന്നും അധിക മോഹങ്ങളില്ല. എനിക്ക് ഭ്രമമുള്ളത് എന്ന് പറഞ്ഞാൽ, ഫ്രീ ടൈം കിട്ടിയാൽ രണ്ടു പെഗ് അടിക്കും. അതാണ് എനിക്കുള്ള ഒരു ഭ്രമം,' ജഗതി പറയുന്നു.
'കോളേജിൽ പഠിക്കുന്ന സമയത്ത് പുകവലി ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് വലിച്ചു തുടങ്ങുന്നത്. പിന്നീട് ശബ്ദത്തിന് ഒരു പ്രശ്നം വന്നപ്പോൾ നിർത്താമെന്ന് എനിക്ക് തന്നെ തോന്നി. പിന്നെ എന്റെ അമ്മ പറയുമായിരുന്നു, ഒരു കലാകാരൻ എന്ന നിലയ്ക്ക് നിന്റെ ശബ്ദവും മുഖവും ആരോഗ്യവുമൊക്കെയാണ് പ്രധാനപ്പെട്ടത് അതിന് ഹാനികരമാകുന്ന ഒന്നും ചെയ്യരുതെന്ന്. ഒരു ശ്ലോകവും പറഞ്ഞു തന്നിരുന്നു. ഒരു കലാകാരൻ അവന്റെ അഞ്ച് ഇന്ദ്രീയങ്ങളും നശിക്കുന്ന രീതിയിൽ ഒന്നും ചെയ്യരുത് എന്നായിരുന്നു അത്,'
'അമ്മയുടെ വാക്കുകൾ ഞാൻ കേട്ടു. ഒരു രണ്ടു രണ്ടര വർഷമാണ് ഞാൻ തുടർച്ചയായി പുകവലിച്ചിരുന്നത്. ചില സമയത്ത് മൂക്കിൽപൊടി ഉപയോഗിക്കുമായിരുന്നു. ചില സമയത്ത് പാക്ക് കഴിക്കും, ചില സമയത്ത് മുറുക്കും അങ്ങനെ ആയിരുന്നു. ഒരു കാലഘട്ടം വരെ മുറുക്കലായിരുന്നു. പിന്നീട് അത് നിർത്തി. നല്ല പുകയിലയും അടക്കയുമൊക്കെ ആയിട്ടാണ് മുറുക്കിയിരുന്നത്. അത് കൂടുതൽ തലയ്ക്ക് പിടിച്ചാൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാകും. പിന്നെ പല്ലൊക്കെ കറുത്ത് തുടങ്ങി,'

'അതും അമ്മ പറഞ്ഞ ശേഷമാണ് നിർത്തിയത്. നിന്നെ കണ്ടാൽ ഡ്രാക്കുളയെ പോലെ ഉണ്ടെന്നാണ് അമ്മ പറഞ്ഞത്. മദ്യപാനത്തിന് എനിക്ക് കമ്പനി വേണമെന്നില്ല. കമ്പനി സന്തോഷമാണ്. അല്ലെങ്കിൽ അധികവും ഞാൻ ഒറ്റയ്ക്കാണ്. ഒരു ബാറിൽ 25 വർഷം തുടർച്ചയായി പോയതിന് അവർ അത് ആഘോഷിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ഒരു ട്രീറ്റ് നൽകി,' ജഗതി പറഞ്ഞു.
മുൻപൊരിക്കൽ ജഗതി ശ്രീകുമാറിന്റെ മദ്യപാനത്തെ കുറിച്ച് നടനും വിദേശ പരിപാടികൾ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള ആൽബർട്ട് അലക്സ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. 'മദ്യപിച്ച് കഴിഞ്ഞാൽ നല്ല സാധനങ്ങൾ ജഗതി ചേട്ടനിൽ നിന്ന് വരും. പരസ്യമായി മദ്യപിക്കുന്ന ശീലമൊന്നുമില്ല. വേദിയിലൊക്കെ ആണെങ്കിൽ വെള്ളം കൊടുക്കുന്ന ഗ്ലാസിൽ കൊണ്ടുപോയി കൊടുത്താൽ വെള്ളം പോലെ കുടിക്കും. ആള് വേദിയിൽ വച്ച് ചോദിക്കും. കുടിച്ചിട്ടുണ്ടെന്ന് ആർക്കും മനസിലാവില്ല', എന്നായിരുന്നു ആൽബർട്ട് പറഞ്ഞത്.


Click it and Unblock the Notifications