ആരാ ഇത്? മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ച് ഹനീഫ് പറഞ്ഞത്
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് കലാഭവന്‍ ഹനീഫ്. ചെറിയ വേഷങ്ങളാണെങ്കിലും കണ്ടവര്‍ ഓര്‍ത്തിരിക്കുന്നതായിരുന്നു ഹനീഫ് അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും. ഈ പറക്കും തളികയിലെ മണവാളന്‍ മുതല്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ സോമന്‍ എന്ന ശശി വരെ അദ്ദേഹം ചിരിപ്പിച്ച കഥാപാത്രങ്ങള്‍ ഒരുപാടാണ്്. കലാഭവന്‍ ഹനീഫിന്റെ മരണ വാര്‍ത്ത സിനിമാ ലോകത്തെ വേദനയിലാക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഹനീഫ് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മമ്മൂട്ടിയെ ആദ്യം കണ്ടതിനെക്കുറിച്ചും ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ വച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ഞാന്‍ സ്‌കൂട്ടര്‍ ഓടിച്ച് പോവുകയായിരുന്നു. എതിരെ മുണ്ടുമുടുത്ത് വരികയായിരുന്നു മമ്മൂക്ക. ഞാന്‍ വണ്ടി തിരിച്ച് വരുമ്പോഴേക്കും അദ്ദേഹം എന്റെ കണ്ണില്‍ നിന്നും മറഞ്ഞു. പിന്നീട് സിനിമയില്‍ വന്ന ശേഷം ഒരുമിച്ച് അഭിനയിക്കുന്നത് തുറുപ്പ് ഗുലാനിലാണ്.
ഞാന്‍ എന്റെ ഉള്ളില്‍ ആഗ്രഹിച്ച വേഷമായിരുന്നു അത്. അക്കാലത്ത് മിമിക്രി വേദികളില്‍ മദ്യപാനിയെ അവതരിപ്പിക്കുന്ന ഒരുപാട് പേരുണ്ട്. ഞാനും അത്തരമൊരു വേഷം കിട്ടിയിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു. അത് കിട്ടി. സാധാരണ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെ ചെയ്യാന്‍ സാധിച്ചുവെന്നാണ് തോന്നിയത്.
ഒരു ദിവസം ജോണി വിളിച്ചിട്ട് ഇക്ക പെട്ടെന്ന് വരണം എന്ന് പറഞ്ഞു. എന്നെ വന്ന് കണ്ടാല്‍ മതിയെന്നും പറഞ്ഞു. എന്തിനാണ് വിളിക്കുന്നതെന്ന് അറിയില്ല. ചെന്നപ്പോള്‍ ഒരു കഥാപാത്രമുണ്ട്. മുഴുക്കുടിയന്‍ ആണ്. സാധാരണ വേദിയില്‍ കാണുന്ന മദ്യപാനി വേണ്ട എന്ന് പറഞ്ഞു. ഞാന്‍ കൊച്ചിയിലെ ഒരു പാമ്പിന്റെ രൂപം പറഞ്ഞു കൊടുത്തു. ഉടനെ തന്നെ പട്ടണം റഷീദ് പെര്‍ഫെക്ടായി മേക്കപ്പ് ചെയ്ത് തന്നു.
ജോണി എന്നേയും കൊണ്ട് നേരെ മമ്മൂക്കയുടെ മുറിയില്‍ ചെന്നു. ആരാണ് ഇതെന്ന് മമ്മൂക്ക ചോദിച്ചു. ഇത് കലാഭവന്‍ ഹനീഫ് ആണെന്ന് ജോണി പറഞ്ഞു. ഇത് കൊള്ളാലോ, കറക്ട് ആണല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. അതെനിക്ക് വലിയ സന്തോഷമായി. അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഓക്കെ പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി. മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിക്കാന്‍ പോവുകയാണ്.
ഞാന്‍ വിചാരിച്ചത് പോലെ തന്നെ പെര്‍ഫോം ചെയ്യാന്‍ സാധിച്ചുവെന്നാണ് എന്നെ വിശ്വാസം. പലരും വിൡച്ചിരുന്നു. പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകളിലൊക്കെ ചെറിയ സീനിലും എനിക്ക് വലിയ കയ്യടി കിട്ടിയിരുന്നു. ആ സിനിമകളുടെ കൂട്ടത്തില്‍ ഞാന്‍ ഈ സിനിമയുടെ പേരും പറയാറുണ്ട്.

മമ്മൂക്കയ്ക്ക് എന്നെ അറിയാം. അത് എന്റെ വലുപ്പം കൊണ്ടല്ല. സിനിമയില്‍ മാത്രമല്ല, സീരിയലില്‍ വരെ വരുന്ന ആര്‍ട്ടിസ്റ്റുകളെ ശ്രദ്ധിക്കുകയും അവരെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. എന്റെ ഉമ്മയുടെ നാടും ചെമ്പാണ്. വീട്ടു പേരൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അറിയാം. തുറുപ്പുഗുലാന് ശേഷം ഫയര്‍ മാന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, പുഴുവിലുമെല്ലാം അഭിനയിച്ചു. അതൊക്കെ ഭാഗ്യമാണ്.
എല്ലാവരും പറയും മമ്മൂക്കയുടെ കൂടെ അഭിനയിക്കുക ടെന്‍ഷനാണ്്. ഭയങ്കര ദേഷ്യമാണ് എന്നൊക്കെ. അദ്ദേഹവും മനുഷ്യനാണല്ലോ. പിന്നെയല്ലേ നടന്‍. മാനുഷികമായ എല്ലാ വികാരങ്ങളും മമ്മൂക്കയ്ക്കുമുണ്ട്. കോമഡി ഭയങ്കരമായി ആസ്വദിക്കുകയും ചെയ്യുന്ന ആളാണ്. നല്ല ഓര്‍മ്മയാണ്. മാസങ്ങള്‍ക്ക് ശേഷം കണ്ടാലും അന്ന് പറഞ്ഞത് ഓര്‍ത്തിരിക്കും.


Click it and Unblock the Notifications