വിദേശത്ത് പ്രോഗ്രാം കഴിഞ്ഞ് വരുമ്പോ മണിച്ചേട്ടൻ ഒരു പാക്കറ്റ് തരും! ഒരുപാട് സ്നേഹം തന്നിട്ടുള്ളയാളാണ്: ഷാജോൺ
മണി മിമിക്രി കലാകാരന്മാരോട് കാണിച്ചിരുന്ന സ്നേഹത്തെ കുറിച്ച് പറയുകയാണ് കലാഭവൻ ഷാജോൺ
മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണി വിട പറഞ്ഞിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും മണിയുടെ ഓർമ്മകൾക്ക് ഇന്നും മരണമില്ല. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. ജനപ്രീതിയുടെ കാര്യത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പമായിരുന്നു മണിയും.
സിനിമയ്ക്ക് പുറത്ത് തന്റെ സഹജീവികളോടൊക്കെ ഏറെ സ്നേഹവും കരുണയുമൊക്കെയുള്ള നടനായാണ് മണി അറിയപ്പെട്ടിരുന്നത്. സിനിമയിലും നാട്ടിലുമുള്ള സുഹൃത്തുക്കൾക്കൊക്കെ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട് ഈ കലാകാരൻ. നടന്റെ ആ സ്നേഹത്തെ കുറിച്ചും നൽകുന്ന പരിഗണനയെ കുറിച്ചുമൊക്കെ പല താരങ്ങളും വാചാലരായിട്ടുണ്ട്.

ഇപ്പോഴിതാ, മണിയെ കുറിച്ച് നടൻ കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്ന് താരങ്ങളൊന്നുമല്ലാത്ത തങ്ങളോട് മണി കാണിച്ചിരുന്ന സ്നേഹത്തെയും കരുതലിനെയും കുറിച്ചാണ് ഷാജോൺ പറയുന്നത്. ഒരിക്കൽ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യങ്ങൾ പറഞ്ഞത്.
രണ്ടുമൂന്ന് തവണ മണിച്ചേട്ടനൊപ്പം വിദേശയാത്രകള്‍ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയാണ് കലാഭവന്‍ മണി എന്ന കലാകാരനെയും മനുഷ്യനെയും അടുത്തറിയാന്‍ കഴിഞ്ഞത്. ആ ഗ്രൂപ്പിലുള്ള മറ്റു പല നടന്മാരും പലപ്പോഴും മിമിക്രിക്കാരുമായി വലിയ സൗഹൃദത്തില്‍ അല്ലാതിരിക്കുമ്പോഴും മണിച്ചേട്ടന്‍ ഫുള്‍ടൈം ഞങ്ങള്‍ക്കൊപ്പമായിരിക്കും.
ഞാന്‍, കലാഭവന്‍ പ്രജോദ്, ഹരിശ്രീ യൂസഫ്, ധര്‍മജന്‍ ബോള്‍ഗാട്ടി അങ്ങനെ ഞങ്ങള്‍ കുറച്ചു പേരാണ് മണിച്ചേട്ടനൊപ്പം ഉണ്ടാവാറുള്ളത്. മണിച്ചേട്ടന് പ്രധാനപ്പെട്ട മറ്റ് നടന്മാര്‍ക്കൊപ്പം നടക്കാം. അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. പക്ഷേ, അദ്ദേഹം നടക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഞങ്ങള്‍ക്കൊപ്പമായിരുന്നു. എന്നെയും പ്രജോദിനെയും ധര്‍മജനെയും കെട്ടിപ്പിടിച്ചായിരിക്കും കിടക്കുക.
മണിച്ചേട്ടന് പ്രത്യേകം മുറിയുണ്ടെങ്കിലും ഫ്രഷ് ആവാന്‍ വേണ്ടിമാത്രമായിരിക്കും അവിടെ പോവുക. എയര്‍പോര്‍ട്ടിലൊക്കെ ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെ എന്തു പൈസയാവുമെന്ന് നമുക്കറിയാം. പക്ഷേ, ഞങ്ങള്‍ വിശന്നിരിക്കുകയാണെന്ന് മനസ്സിലാക്കിയാല്‍ 'മോനേ, കഴിക്കാനെന്തെങ്കിലും വേണോ, കുടിക്കാനെന്തെങ്കിലും വേണോ' എന്നു ചോദിച്ച് ഞങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ വാങ്ങിച്ചുതരും.
അദ്ദേഹത്തിന്റെ ആ പരിപാടിക്ക് കിട്ടുന്ന തുകയുടെ വലിയൊരു ശതമാനം ഞങ്ങള്‍ക്കു വേണ്ടി ചെലവാക്കിയിട്ടുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് വളരെ തുച്ഛമായ വേതനമായിരിക്കും ട്രിപ്പൊക്കെ കഴിയുമ്പോള്‍ കിട്ടുക. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മാനേജര്‍ ജോബി മണിച്ചേട്ടനെ വിളിക്കാന്‍ വന്നിട്ടുണ്ടാവും. ഞങ്ങളെ കെട്ടിപ്പിടിച്ച് യാത്ര പറയും മുമ്പ് ജോബിയെ വിളിക്കും. അദ്ദേഹം കുറച്ച് പാക്കറ്റ് മണിച്ചേട്ടന് കൊടുക്കും.
ആ ഓരോ പാക്കറ്റും ഞങ്ങള്‍ക്കുതരും. അതു തുറന്നു നോക്കുമ്പോള്‍ സ്വര്‍ണമോതിരമായിരിക്കും. അങ്ങനെ എനിക്കും പ്രജോദിനും ധര്‍മജനുമൊക്കെ മണിച്ചേട്ടന്റെ വക സ്വര്‍ണമോതിരം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് സ്നേഹം തന്നിട്ടുള്ളയാളാണ് മണിച്ചേട്ടന്‍.
ഞാനേറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നൊരാളാണ് അദ്ദേഹം. മണിച്ചേട്ടന്റെ പകരക്കാരനായിട്ടായിരുന്നു സിനിമയിലും സ്റ്റേജിലും എന്റെ തുടക്കം. മണിച്ചേട്ടന്റെ ഒരു പകരക്കാരനായിട്ടാണ് ഞാന്‍ കലാഭവനില്‍ എത്തിയത്. 1999-ല്‍ മൈ ഡിയര്‍ കരടി എന്ന ചിത്രത്തിലും മണിച്ചേട്ടന്റെ പകരക്കാരനായിട്ടാണ് എന്നെ വിളിച്ചത്. അങ്ങനെയാണ് ഞാൻ സിനിമയിൽ എത്തുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ദൃശ്യം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ച സഹദേവന്‍ എന്ന കഥാപാത്രം തമിഴില്‍ ചെയ്തത് മണിച്ചേട്ടനായിരുന്നു. അതും എനിക്കു കിട്ടിയ വലിയൊരു അംഗീകാരമാണ്. ഞാനഭിനയിച്ച് പ്രേക്ഷകര്‍ അംഗീകരിച്ച ഒരു കഥാപാത്രം, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വഴിത്തിരിവായ കഥാപാത്രം ഞാന്‍ ആരാധിക്കുന്ന നടന്‍ തമിഴില്‍ ചെയ്യുന്നുവെന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷമായി.
പാപനാസത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസം മണിച്ചേട്ടന്‍ എന്നെ വിളിച്ചിരുന്നു. 'മോനേ, നാളെ ഷൂട്ട് തുടങ്ങുകയാണ്, നീ പ്രാര്‍ഥിക്കണം' എന്നു പറഞ്ഞു. അത് ഗംഭീര സിനിമയാവട്ടെ എന്ന് ഞാനും ആശംസിച്ചു. എന്നെ വലിയ കാര്യമായിരുന്നു മണിച്ചേട്ടന്. എനിക്കും അങ്ങനെ തന്നെ,' ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications











