മണിച്ചേട്ടൻ അന്ന് പൊട്ടിക്കരയുകയായിരുന്നു, എന്താണ് പ്രശ്നമെന്ന് ചോദിച്ച് സുബി വന്നു; മറക്കാനാവാത്തത്!: ഷാജോൺ
നടൻ കലാഭവൻ മണിക്കൊപ്പമുള്ള മറക്കാനാവാത്ത ഒരു ഓർമ്മ കലാഭവൻ ഷാജോൺ പങ്കുവച്ചപ്പോൾ..
മലയാളികൾ പരിധികളില്ലാതെ സ്നേഹിച്ച കലാകാരനായിരുന്നു നടൻ കലാഭവൻ മണി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ആനന്ദിപ്പിക്കുകയുമെല്ലാം ചെയ്ത നടൻ വിട പറഞ്ഞിട്ട് ഇന്ന് ഏഴ് വർഷം പിന്നിട്ടിരിക്കുകയാണ്. നടനായും മിമിക്രി താരമായും ഗായകനായുമെല്ലാം തിളങ്ങിയ മണി മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. അദ്ദേഹം ബാക്കിയാക്കി പോയ ഒരുപറ്റം കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിച്ചിരിക്കുന്നുണ്ട്.
വലിയ സിനിമ താരമായിരിക്കുമ്പോഴും സാധാരണക്കാർക്കിടയിലായിരുന്നു മണിയുടെ ജീവിതം. നാടിനും നാട്ടുകാർക്കും എല്ലാം കൂട്ടത്തിൽ ഒരാളായിരുന്നു മണി. കേരളത്തിലെ സിനിമ പ്രേക്ഷകർക്കെല്ലാം ആരൊക്കെയോ ആയിരുന്നു നടൻ. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം മണിയുടെ സ്നേഹമറിഞ്ഞവർ നിരവധിയാണ്.
അക്കൂട്ടത്തിൽ ഒരാളാണ് കലാഭവൻ ഷാജോണും. മണിയുടെ ഡ്യൂപ്പായി സിനിമയിലേക്ക് എത്തിയതാണ് കലാഭവൻ ഷാജോൺ. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന ഷാജോണും മണിയെ കുറിച്ചുള്ള ഓർമ്മകൾ ഒരുപാടുണ്ട്. നിരവധി സ്റ്റേജ് ഷോകളിൽ ഇവർ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.

ഒരിക്കൽ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ മണിയോടൊപ്പമുള്ള മറക്കാനാവാത്ത ഒരു അനുഭവം ഷാജോൺ പങ്കുവച്ചിരുന്നു. ഷാജോണിന്റെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
'വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു അമേരിക്കന്‍ ട്രിപ്പില്‍ വെച്ച് ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് മണിച്ചേട്ടനോട് ഇച്ചിരി ദേഷ്യത്തില്‍ സംസാരിക്കേണ്ടി വന്നു. സ്‌നേഹമുള്ളവരെ അദ്ദേഹം അടിക്കുകയും ഇടിക്കുകയുമൊക്കെ ചെയ്യും. അങ്ങനെയൊരു സാഹചര്യത്തില്‍ അറിയാതെ അദ്ദേഹത്തിന്റെ കൈയില്‍ കിടന്ന വള, എന്റെ മൂക്കിലൊന്നു തട്ടി,'
'അപ്പോൾ പെട്ടെന്ന് വന്നൊരു ദേഷ്യത്തില്‍ ഞാനെന്തോ മണിച്ചേട്ടനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും അവിടെ എന്ത് നടക്കുമെന്ന് നമുക്ക് ഉദ്ദേശിക്കാവുന്നതേയുള്ളൂ. അന്ന് ഞങ്ങള്‍ക്കൊപ്പം ദിലീപേട്ടന്‍, സലിംകുമാര്‍ ചേട്ടന്‍ എല്ലാവരുമുണ്ടായിരുന്നു. ഇവരെല്ലാവരും ഇതു കണ്ടിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയായി മാറിപ്പോയി,'
'മണിച്ചേട്ടന്‍ തിരിച്ചൊന്നും പ്രതികരിക്കാതെ എന്റെ കണ്ണിലേയ്ക്ക് ഒരു രണ്ടു സെക്കന്റ് നോക്കിയിട്ട് നടന്നുപോയി. അതുകഴിഞ്ഞ് രണ്ടു മൂന്ന് ദിവസത്തിന് ശേഷം മറ്റെന്തോ കാര്യം പറഞ്ഞ് അദ്ദേഹം ധര്‍മജന്റെ കൈപിടിച്ച് തിരിച്ചു. സ്‌നേഹം കൊണ്ടാണ്. പക്ഷെ ആ സമയത്ത് ധര്‍മജനും മണി ചേട്ടനോട് ദേഷ്യപ്പെട്ടു,'
'എന്നാല്‍ പിന്നെ എന്നെയങ്ങട് കൊല്ല്, എന്റെ കുടുംബം മണിച്ചേട്ടന്‍ നോക്ക്' എന്നൊക്കെ പറഞ്ഞു. അന്നും ഇതുപോലെ ഒന്നും മിണ്ടാതെ മണിച്ചേട്ടന്‍ പോയി. സാധാരണ ഞങ്ങള്‍ക്കൊപ്പം തന്നെ ചിരിച്ചുകളിച്ച് നടക്കുന്ന മണിച്ചേട്ടനാണ്. മണിച്ചേട്ടന്റെ നെഞ്ചില്‍ തലവെച്ചാണ് ഞാനും ധര്‍മജനും കിടക്കാറുണ്ടായിരുന്നതും,'
'എന്നാല്‍ ധര്‍മജനുമായിട്ട് ദേഷ്യപ്പെട്ട അന്ന് അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞാല്‍ വരുമെന്നാണ് ഞങ്ങള്‍ വിചാരിച്ചത്. പക്ഷേ അന്നേറെ വൈകിയിട്ടും അദ്ദേഹത്തെ കണ്ടില്ല. അപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന സുബി ചോദിച്ചു, 'മണിച്ചേട്ടനും നിങ്ങളും തമ്മില്‍ എന്താ പ്രശ്‌നമെന്ന്?' മണിച്ചേട്ടന്‍ മുറിയിലിരുന്ന് കരയുകയാണെന്ന് പറഞ്ഞു,'

'ഞങ്ങള്‍ അവളെയും കൂട്ടി മണിച്ചേട്ടന്റെ മുറിയിലേക്ക് ചെന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ മണിച്ചേട്ടന്‍ പൊട്ടിക്കരയുന്നു. ഞാനും ധര്‍മജനും കാര്യം ചോദിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹം സങ്കടത്തോടെ ഞങ്ങളെ നോക്കി. 'എടാ നിന്നെയൊക്കെ ഞാന്‍ എന്തോരം സ്‌നേഹിക്കുന്നുണ്ട് എന്നറിയാമോ, അപ്പോള്‍ നീയൊക്കെ എന്നോട് ഇങ്ങനെയാണോടാ പറയുക' അതുകേട്ടതും ഞങ്ങള്‍ക്കും സങ്കടം വന്നു,'
'ഞങ്ങള്‍ മണിച്ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചിലിനുശേഷം ഞങ്ങള്‍ക്കൊപ്പം മുറിയിലേക്ക് വന്നു. അന്നെനിക്ക് മനസ്സിലായി, ഈ പുറമേ കാണിക്കുന്ന ദേഷ്യമോ പരുക്കന്‍ സ്വഭാവമോ ഒന്നുമല്ല, ഒരു കൊച്ചു കുട്ടിയുടെ മനസ്സാണ് അദ്ദേഹത്തിന്റേത്. പിന്നീടൊരിക്കല്‍ പോലും മണിച്ചേട്ടനെ വേദനിപ്പിക്കുന്നതരത്തിലുള്ള ഒരു സംസാരമോ പെരുമാറ്റമോ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു,' കലാഭവൻ ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications











