'അന്ന് ഭാര്യയും മകളും എന്നെ നല്ല ഇടി ഇടിച്ചു; ലാലേട്ടന്റെ വാക്കുകേട്ട് പേടിച്ച് പുറത്തിറങ്ങിയില്ല': ഷാജോൺ!
മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് കലാഭവൻ ഷാജോൺ. മിമിക്രി വേദികളിൽ നിന്ന് സിനിമയിൽ എത്തിയ ഷാജോണിന്റെ തുടക്കം വളരെ ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു. എന്നാൽ ഇന്ന് മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ഷാജോൺ. സംവിധായക വേഷത്തിലും അദ്ദേഹം എത്തിയിട്ടുണ്ട്.
മലയാളത്തിലെ എല്ലാ മുൻനിര താരങ്ങൾക്കൊപ്പവും ഷാജോൺ അഭിനയിച്ചിട്ടുണ്ട്. ഷാജോണിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ദൃശ്യം. അതുവരെ കോമഡി വേഷങ്ങളിൽ മാത്രം കണ്ടിരുന്ന നടന്റെ അടിമുടി വ്യത്യസ്തമായൊരു വേഷമായിരുന്നു ജീത്തു ജോസഫിന്റെ ദൃശ്യത്തിലേത്.
മോഹൻലാൽ നായകനായ ചിത്രത്തിൽ സഹദേവൻ എന്ന പൊലീസുകാരനായാണ് ഷാജോൺ അഭിനയിച്ചത്. ദൃശ്യത്തിന് ശേഷം നിരവധി കഥാപാത്രങ്ങളാണ് ഷാജോണിന് ലഭിച്ചത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ ആ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും സിനിമയുടെ റിലീസ് ദിവസം മോഹൻലാൽ ഫോൺ ചെയ്തതിനെ കുറിച്ചും സംസാരിച്ചിരുന്നു.
സിനിമയിൽ ഷാജോൺ മോഹൻലാലിനെയും മകളായി അഭിനയിച്ച എസ്തറിനെയുമെല്ലാം മർദിക്കുന്ന ദൃശ്യങ്ങളുണ്ട്. അത് കണ്ട ശേഷം ഭാര്യയുടെയും മകളുടെയും പ്രതികരണത്തെ കുറിച്ചുമൊക്കെയാണ് നടൻ സംസാരിച്ചത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'എനിക്ക് ആ സിനിമ ചെയ്യുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എസ്തറിന്റെ അത്രയുമൊക്കെ ഉണ്ട് എന്റെ മകളും. അവളെ തല്ലുമ്പോൾ എന്റെ മകളെയാണ് എനിക്ക് ഓർമ്മ വന്നിരുന്നത്. നമ്മുക്ക് അത് അഡ്ജസ്റ്റ് ചെയ്ത് അടിക്കാൻ പറ്റില്ല. ആ കൊച്ച് മുന്നോട്ടെങ്ങാനും വന്നാൽ പ്രശ്‌നമാണ്. അത് പെട്ടെന്നുള്ള ഒരു അടിയാണ്. എന്നോട് ജിത്തു ഭായ് പറഞ്ഞത് ദേഷ്യം സഹിക്കാൻ പറ്റാതെ സത്യം പുറത്ത് വരാൻ വേറെ നിവർത്തിയില്ലെന്ന് കരുതി അടിക്കുന്നതാണ് എന്നാണ്,'
'എപ്പോൾ അടിക്കുമെന്ന് ഒരു ടൈമിങ് എനിക്ക് പറഞ്ഞ് കൊടുക്കാനും കഴിയില്ല. അതിന്റെയൊക്കെ പേടിയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവളോട് തമാശകളൊക്കെ പറഞ്ഞ് ടിഫിനൊക്കെ കൊടുത്ത് ഇരിക്കും എന്നിട്ട് മുന്നോട്ട് വരരുതെന്നും പറഞ്ഞു കൊണ്ട് ഇരിക്കും. എന്നിട്ടാണ് ആ സീക്വൻസ് ചെയ്തത്,'
'പക്ഷെ അവൾ മിടുക്കിയാണ്. അവൾ നന്നായി തന്നെ റിയാക്റ്റ് ചെയ്തു. ഒന്നും രണ്ടും തവണയൊക്കെ ചെയ്യേണ്ടി വന്നിരുന്നെങ്കിൽ ആദ്യം ചെയ്യുന്ന ഒറിജിനാലിറ്റി കിട്ടില്ല. ഫസ്റ്റ് ടേക്കിൽ തന്നെ അത് ഓക്കെയായി,'
'സത്യം പറഞ്ഞാൽ സിനിമ ഇറങ്ങി ഒരാഴ്ച ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. അങ്ങനെയായിരുന്നു വരുന്ന ഫോൺ കോളുകളിലെയൊക്കെ പ്രതികരണം. എല്ലാവരും അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇപ്പോൾ കിട്ടിയാൽ കയ്യും കാലും തല്ലിയൊടിക്കും എന്നൊക്കെ പറഞ്ഞുള്ള കോളുകളും വരുന്നുണ്ടായിരുന്നു. ലാലേട്ടൻ ഫാൻസൊക്കെ ആയിരുന്നു,'

'രാത്രി ലാലേട്ടൻ വിളിച്ചു, മോനെ നീ സിനിമയ്ക്ക് പോയോന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ മോൻ പോകണ്ട തിയേറ്ററിലേക്ക്. എന്റെ ഫാൻസ് ആണ്. ഞാൻ പറഞ്ഞിട്ടുണ്ട്. എങ്കിലും അറിയാലോ നിനക്ക്, നീ പോകണ്ട എന്നൊക്കെ ലാലേട്ടൻ പറഞ്ഞു. തമാശ രീതിയിൽ ആണ് പറഞ്ഞതെങ്കിലും എനിക്ക് പേടിയായി. അതെല്ലാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഫാമിലിയുമായി സിനിമയ്ക്ക് പോകുന്നത്,'
'എന്റെ മോൾ എങ്ങനെ എടുക്കും എന്നായിരുന്നു പിന്നെ എന്റെ പേടി. സിനിമ കഴിഞ്ഞ് ചോദിച്ചപ്പോൾ അപ്പ സിനിമയല്ലേ. അതൊന്നും കുഴപ്പമില്ലെന്ന് ഒക്കെ പറഞ്ഞു. വീട്ടിൽ ചെന്ന് ബെഡ്‌റൂമിൽ കയറിയ ശേഷം വൈഫും മകളും കൂടി ഇടിയോട് ഇടി ആയിരുന്നു. ലാലേട്ടനെ ഇടിച്ചതിന് ഭാര്യയും എസ്തറിനെ അടിച്ചതിന് മകളും,'
'അന്ന് എനിക്ക് മനസിലായി. നമ്മളെ അടുത്ത് അറിയുന്നവർക്ക് ആണ് ഇങ്ങനെ തോന്നിയെങ്കിൽ ആ കഥാപാത്രം തീർച്ചയായും ഒരു വിജയമാണെന്ന്,' ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications