ഉണ്ണി അന്ന് അത് പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു; നടൻ അഭിനയം ഉപേക്ഷിക്കാൻ ഒരുങ്ങിയതിനെ കുറിച്ച് ഷാജോൺ
മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കണായി ഒക്കെ അറിയപ്പെടുന്ന നടനാണ് ഉണ്ണി. അന്യഭാഷാ താരങ്ങളെ പോലെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന നടന് മസിലളിയൻ, സൂപ്പർ മാൻ എന്നിങ്ങനെ ആരാധകർക്കിടയിൽ വിശേഷണങ്ങൾ ഏറെയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയിട്ടുണ്ട് താരം.
നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങളിലെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011 ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ പുറത്തിറങ്ങിയ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലെ അരങ്ങേറ്റം.

പിന്നീട് മലയാളത്തിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഉണ്ണി മുകുന്ദനെ തേടി എത്തുകയായിരുന്നു. അതേസമയം, തുടക്ക കാലത്ത് പല താരങ്ങളെയും പോലെ ജീവിതത്തിൽ കയറ്റിറങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് നടന്. എന്നിരുന്നാലും സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ വന്ന് മലയാളത്തിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ നിർമ്മാണത്തിലും തിളങ്ങിയിട്ടുണ്ട് താരം. മേപ്പടിയാൻ ആയിരുന്നു ഉണ്ണി നിർമ്മിച്ച ആദ്യ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രവും ഉണ്ണിയാണ് നിർമ്മിച്ചത്. അതേസമയം, കരിയറിന്റെ തുടക്കത്തിൽ നേരിട്ട പരാജയങ്ങൾ ഉണ്ണിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. അതിനെയൊക്കെ പഴങ്കഥ ആക്കികൊണ്ടാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറുന്നത്.
ഉണ്ണി നിർമ്മിച്ച ആദ്യ ചിത്രമായ മേപ്പടിയാന്റെ വിജയാഘോഷത്തിൽ പങ്കെടുക്കവെ, നടൻ കലാഭവൻ ഷാജോൺ ഉണ്ണി അഭിനയം നിർത്താൻ ഒരുങ്ങിയ സാഹചര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഒരുമിച്ച് അമേരിക്കയിൽ പങ്കെടുക്കുമ്പോൾ നടന്ന സംഭവമാണ് നടൻ പറഞ്ഞത്. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ.

'ഉണ്ണി മുകുന്ദനൊപ്പം വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു. ഉണ്ണിയെ ഞാൻ അടുത്തറിയുന്നത് ഒരു മാസത്തോളം ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദൻ ശരിക്കും എന്താണെന്ന് ഞാൻ മനസിലാക്കുന്നത്. നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമൊക്കെയാണ് ഉണ്ണി. കുറെ ഡാൻസും പാട്ടും സ്‌കിറ്റുകളും ഒക്കെയായി അടിച്ചു പൊളിച്ച ഒരു ആഴ്ച ആയിരുന്നു അത്.
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡോഫായി കണ്ടു. ഞങ്ങൾ പരിപാടിയൊക്കെ കഴിഞ്ഞ് ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആണ് അത്. ഞാൻ പതിയെ ഉണ്ണിയോട് എന്താണെന്ന് ചോദിച്ചു, അപ്പോൾ ഉണ്ണി പറഞ്ഞു, 'ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുകയാണ്. എനിക്ക് പറ്റുന്നില്ല'.
അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അത്ര മികച്ച അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അന്ന് എനിക്ക് ഉണ്ണിയോട് ഒന്നും പറയാൻ പറ്റിയില്ല. പക്ഷെ ഇന്ന് എനിക്ക് പറയാനുണ്ട്.
അടങ്ങാത്ത സ്വപ്‌നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും ഒക്കെ ആയിട്ട്. സിനിമയ്ക്ക് പുറകെ നടക്കുന്ന എല്ലാവര്ക്കും ഒരു ഇൻസ്പിരേഷൻ ആണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന സിനിമയുടെ വിജയത്തേക്കാൾ എനിക്ക് സന്തോഷം നൽകുന്നത്. ഉണ്ണി അതിന് പുറകെ ഓടി നടന്ന് അവിടെ എത്തി എന്നുള്ളതാണ്. അതിനുള്ള വിജയം ഉണ്ണി അർഹിക്കുന്നതാണ്,' എന്നായിരുന്നു ഷാജോൺ പറഞ്ഞത്.


Click it and Unblock the Notifications