'ആരെയെങ്കിലും കല്യാണം കഴിച്ച് സാധാരണ വീട്ടമ്മയായി കഴിയേണ്ടതായിരുന്നു; അർഹിച്ചതിലും അധികം ദൈവം തന്നു': കാവ്യ!
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. മലയാളത്തിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാള്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യയെ മലയാളത്തിന്റെ മുഖശ്രീ ആയിട്ടാണ് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്നത്. ചിലർക്ക് തങ്ങളുടെ അടുത്ത വീട്ടിലെ പെൺകുട്ടി ആയിരുന്നു കാവ്യ. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി സിനിമകളില്‍ കാവ്യ നായികയായി എത്തിയിട്ടുണ്ട്.
എന്നാൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമൊക്കെ അടുത്തിടെയാണ് കാവ്യയെ കണ്ടുതുടങ്ങിയത്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. അതേ സമയം സിനിമകളിൽ നിന്നൊക്കെ അകന്നു നിൽക്കുകയാണെങ്കിലും താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്.

ഇതിനിടെ ഇപ്പോഴിതാ കാവ്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ കരിയറിനെ കുറിച്ച് കാവ്യ മനസുതുറക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. താൻ അര്‍ഹിച്ചതിലും അധികം സിനിമ തനിക്ക് നല്‍കിയിട്ടുണ്ടെന്ന് കാവ്യ പറയുന്നു. സിനിമാ നടി അല്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാവ്യ മാധവൻ.
"എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍," എന്നാണ് കാവ്യ പറഞ്ഞത്. സിനിമയിൽ വന്നതും ഒരുപാട് പേരുടെ സ്നേഹം ലഭിക്കാനായതും ഭാഗ്യമാണെന്നും കാവ്യ പറഞ്ഞു.
"ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ്. സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല,"
"ഒരുപാടുപേര്‍ സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമല്ലേ. സിനിമയില്‍ വന്നു എന്ന് മാത്രമല്ല, ഇത്രയും കാലം നില്‍ക്കാന്‍ സാധിച്ചു, ഒരുപാടു പേരുടെ ഇഷ്ടവും അനുഗ്രഹവുമൊക്കെ നേടാന്‍ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമാണ്." എന്നായിരുന്നു കാവ്യയുടെ വാക്കുകൾ.

അതേ സമയം കാവ്യയും ദിലീപും മകളും ഇപ്പോൾ ചെന്നൈയിലാണ് താമസം. ദിലീപ് ഇക്കാര്യം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മഹാലക്ഷ്മി ചെന്നൈയിലാണ് സ്‌കൂളിൽ ചേർന്നിരിക്കുന്നത്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് മെഡിസിന് പഠിക്കുന്നത്. മക്കളുടെ സൗകര്യത്തിന് കൂടി വേണ്ടിയാണ് ദിലീപ് ചെന്നൈയിലേക്ക് താമസം മാറിയത്. സിനിമാ പ്രമോഷനുകൾക്കും ഷൂട്ടിനും ചില പൊതുപരിപാടികൾക്കും വേണ്ടി മാത്രമാണ് ദിലീപ് ഇപ്പോൾ കേരളത്തിലേക്ക് വരാറുള്ളത്.
ചെന്നൈയിലേക്ക് മാറിയശേഷം ചില പൊതുപരിപാടികൾക്കായി കാവ്യയും കേരളത്തിലേക്ക് വന്നിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനിടെ കാവ്യയും സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ചിരുന്നു. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളൊക്കെയാണ് കാവ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുള്ളത്. ശ്രീകൃഷ്ണ ജയന്തി ദിവസം മകൾ മഹാലക്ഷ്മി ശ്രീകൃഷ്ണ വേഷം കെട്ടി നിൽക്കുന്ന ചിത്രങ്ങൾ കാവ്യ പങ്കുവെച്ചത് വലിയ ശ്രദ്ധനേടിയിരുന്നു.ഓണത്തിന് കുടുംബസമേതം വീഡിയോ ആശംസയുമായും കാവ്യ എത്തുകയുണ്ടായി.


Click it and Unblock the Notifications











