'മമ്മൂക്കയ്ക്ക് ഡബ്ബ് ചെയ്യാൻ വരാമോ എന്ന് ചോദിച്ചു, എനിക്ക് ഭയങ്കര സങ്കടമായി'; കാവ്യയുടെ വാക്കുകൾ
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. കാവ്യയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളുമൊക്കെ മിക്കപ്പോഴും വൈറലായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ ബാലതാരമായി സിനിമയിലെത്തിയതാണ് കാവ്യ. പിന്നീട് മലയാളത്തിന്റെ മുൻനിര നായികയായും മുഖശ്രീയായുമെല്ലാം മാറുകയായിരുന്നു താരം.
എന്നാൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്നെല്ലാം പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് താരം. അതിനിടെ ഇപ്പോഴിതാ കാവ്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചശ്രദ്ധ നേടുകയാണ്.

ശബ്ദത്തിന്റെ പേരിൽ കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും സിനിമയിൽ നിന്നുണ്ടായ ഒരു വേദനിപ്പിച്ച അനുഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ ശബ്ദം ആണിന്റെ ശബ്ദമാണ് പലരും പറയുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്നും ഒരിക്കൽ മമ്മൂട്ടിക്ക് പകരം ഡബ്ബ് ചെയ്യാനായി തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നുമാണ് കാവ്യ പറയുന്നത്. മുൻപൊരിക്കൽ മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറഞ്ഞത്.
'സാഹചര്യങ്ങളാണ് ശബ്ദത്തെ നല്ലതും ചീത്തയുമായി മാറ്റുന്നത്. എന്റെ ശബ്ദം ഒരേ സമയം തന്നെ നല്ലതും ചീത്തയുമായി എനിക്ക് തോന്നിയിട്ടുണ്ട്. സാഹചര്യം അനുസരിച്ച് ഒരാളുടെ സ്വഭാവം മാറുന്നത് പോലെയാണ് എന്റെ ശബ്ദവും. മലയാളം പദ്യം ചൊല്ലല്‍, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം പോലുള്ള പരിപാടികള്‍ക്ക് എന്റെ ശബ്ദം നല്ലതാണ്. പക്ഷെ ലളിതഗാനം പോലുള്ള പരിപാടിയ്ക്ക് എന്റെ ശബ്ദം യോജിക്കില്ല. പിന്നെ ആളുകളുടെ കളിയാക്കൽ കാരണമാണ് ഞാൻ എന്റെ ശബ്ദത്തിൽ കോൺഷ്യസ് ആയിപോയത്,'

'എന്റെ ശബ്ദം ആണിന്റേതാണെന്ന് ആള്‍ക്കാര്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വിഷമം തോന്നുമായിരുന്നു. ഒരിക്കൽ എന്നെ ഒരുകൂട്ടർ വിളിച്ച് ഡബ്ബിങ്ങിന് വരുമോ എന്ന് ചോദിച്ചു. എന്നെ ആരും അതുവരെ ഡബ്ബിങ്ങിന് വിളിച്ചിട്ടില്ല. ഞാൻ എന്തിനാണ് ഡബ്ബിങ്ങിന് വരുന്നേ എന്നെ ആരും വിളിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, മമ്മൂക്ക വന്നിട്ടില്ല. അദ്ദേഹം കുറച്ചു ദിവസം കഴിഞ്ഞേ ജോയിൻ ചെയ്യൂ. കാവ്യയെ കൊണ്ട് മമ്മൂട്ടിക്ക് ഡബ്ബ് ചെയ്യിക്കാനാണെന്ന് അവർ പറഞ്ഞു,'
'എനിക്ക് ഭയങ്കര സങ്കടമായി. ചെറിയ പ്രായമല്ലേ. ഞാൻ ഓടിപ്പോയി അമ്മയോട് പരാതി പറഞ്ഞു. മമ്മൂക്കയ്ക്ക് ഡബ്ബ് ചെയ്യാൻ പറ്റുന്ന ശബ്ദമാണ് എന്റേതെന്ന് അവർ പറഞ്ഞുവെന്ന്. നീ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നാണ് അമ്മ പറഞ്ഞത്. മമ്മൂക്കയുടെ ശബ്ദം നല്ല ശബ്ദമല്ലേ. ഗാംഭീര്യമുള്ള നല്ല ശബ്ദം എന്നല്ലേ എല്ലാവരും പറയുക. അങ്ങനെ പറഞ്ഞെങ്കിൽ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന്. എങ്കിലും ചെറുപ്പം മുതൽ പലരും പറഞ്ഞത് എന്റെ ഉള്ളിൽ കിടപ്പുണ്ട്. ശബ്ദം നല്ലതല്ല എന്ന തോന്നലൊക്കെ എന്റെ ഉള്ളിൽ ഉള്ളത് തന്നെയാണ്,' കാവ്യ മാധവൻ പറഞ്ഞു.


Click it and Unblock the Notifications