'ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം; കാൻസർ വന്നപ്പോൾ പോലും അവർ തിരിഞ്ഞു നോക്കിയിട്ടില്ല': കൊല്ലം തുളസി
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളിലാണ് നടനെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം തുളസി അതിനിടെ അഭിനയ രംഗത്തേക്കും കടന്നു വരുകയായിരുന്നു. 1979ൽ ഇറങ്ങിയ മുഖ്യമന്ത്രി ആയിരുന്നു ആദ്യ സിനിമ. പിന്നീട് സൂപ്പർ താര ചിത്രങ്ങളടക്കം നിരവധി സിനിമകളിലാണ് നടൻ അഭിനയിച്ചത്. ലേലത്തിലെ പാപ്പി ഉൾപ്പടെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കൊല്ലം തുളസിക്ക് കഴിഞ്ഞു.
അതിനിടെ ജീവിതത്തിൽ ചില അപ്രതീക്ഷിത വെല്ലുവിളികളെയും നടന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് നടന് കാൻസർ പിടിപെട്ടത്. അതിനു മുൻപ് ഭാര്യയും മകളും ഉപേക്ഷിച്ച് പോയതും വാർത്തയായിരുന്നു. തനിക്ക് അസുഖമാണെന്ന് വാർത്ത വന്നപ്പോൾ പോലും ഒന്ന് അന്വേഷിക്കാനോ തിരിഞ്ഞുനോക്കാനോ ഭാര്യയും മകളും തയ്യാറയില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.

തനിക്ക് എന്തെങ്കിലും സംഭവിച്ചു കാണാനുള്ള കാത്തിരിപ്പിലാണ് അവർ അതിനായി കാത്തിരിക്കുന്നവരാണ് തന്റെ ബന്ധുക്കളിൽ ഏറെയൊന്നും കൊല്ലം തുളസി പറയുന്നു. താൻ കഷ്ടപ്പെട്ട് നിർമിച്ച വീട്ടിൽ നിന്നും തന്നെ തെരുവിലേക്ക് ഇറക്കാനാണ് ഭാര്യയും മകളും ശ്രമിക്കുന്നതെന്നും നടൻ ആരോപിച്ചു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കൊല്ലം തുളസി ഇക്കാര്യങ്ങൾ പറഞ്ഞത്.
'എന്റെ മകളോ ഭാര്യയോ ഒന്നും തിരിഞ്ഞു നോക്കിയിട്ടില്ല. എനിക്ക് അസുഖം വന്നപ്പോൾ വല്ലതും സംഭവിച്ചോ എന്നാണ് ചോദിച്ചത്. സംഭവിച്ചിട്ടുണ്ടെങ്കിൽ വന്ന് കണ്ട് പോകാമല്ലോ. അതല്ലാതെ ഒന്ന് വന്ന് കാണുന്നവരോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരോ അല്ല അവർ. എനിക്ക് എന്തെങ്കിലും സംഭവിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി കാത്തിരിക്കുന്നവരാണ് എന്റെ ബന്ധുക്കളിൽ കൂടുതൽ പേരും,' കൊല്ലം തുളസി പറയുന്നു.
എന്റെ സഹായങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയവരാണ് ഈ ബന്ധുക്കൾ. എന്നിൽ നിന്നും സഹായങ്ങൾ ഒരുപാട് ലഭിച്ചിട്ടുള്ളവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കളെന്നും കൊല്ലം തുളസി പറഞ്ഞു. ഭാര്യയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞ അദ്ദേഹം ഭാര്യ ഇല്ലാതെ ജീവിക്കുന്നതാണ് സുഖമെന്നും അഭിമുഖത്തിൽ പറഞ്ഞു.
'ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അത് പോലെയാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത്. ഞാൻ കഷ്ടപ്പെട്ട് വെച്ച വീട് പോലും അവരുടേത് ആണെന്ന് പറഞ്ഞ്, എന്നെ തെരുവിലിറക്കാൻ കേസ് കൊടുത്തയാളാണ് ഭാര്യ. അവരുമായി എങ്ങനെ ഒന്നിച്ചുപോകും. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. പുതിയ ട്രെൻഡ് അങ്ങനെയാണല്ലോ, ഒന്ന് ജീവിക്കുക, അത് കഴിഞ്ഞ് ഗുഡ് ബൈ പറയുക. അത്രയേ ഉള്ളൂ', കൊല്ലം തുളസി പറഞ്ഞു.

'ഭാര്യയെയും മക്കളെയും സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കാം അവർ അകന്ന് പോകാനുണ്ടായ കാരണം. അങ്ങനെ ഇരിക്കട്ടെ. എനിക്കാ ബന്ധം വേണമെന്ന് ഇല്ല. ഭാര്യയുടെയും മകളുടെയും പേജ് എന്റെ ജീവിതത്താളുകളിൽ നിന്ന് വലിച്ച് കീറിക്കളഞ്ഞു. അവർക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കെന്ത് സംഭവ്വിച്ചാലും അവർക്കൊരു കുഴപ്പവും ഇല്ലെന്ന തിരിച്ചറിവും എനിക്കുണ്ട്. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ', നടൻ പറയുന്നു.
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചെന്നൊരു ചൊല്ലുണ്ട്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അതാണ്. ഭാര്യയുടെ കാര്യത്തിൽ സംഭവിച്ചതും അത് തന്നെ. സുഹൃത്തുക്കൾ പറ്റിച്ച് ലക്ഷങ്ങളുടെ നഷ്ടം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും കൊല്ലം തുളസി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications