പൊട്ടിത്തെറിച്ച് ചിത്ര, ദേഷ്യം വന്ന് പുരികം കാലിയയുടേത് പോലായി ; ഇന്റര്‍വ്യുവിനിടെ പണി കൊടുത്ത് ശരത്ത്
കെഎസ് ചിത്ര എന്നാല്‍ മലയാളികള്‍ക്ക് ചിത്ര ചേച്ചിയാണ്. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം. നമ്മുടെയൊക്കെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടൊരാള്‍. ചിത്രയുടെ പാട്ടിന്റേയും ശബ്ദത്തിന്റേയും ആരാധകരല്ലാത്ത ഒരു മലയാളിയെ പോലും കാണാനാകില്ല. മലയാളത്തില്‍ മാത്രമല്ല പാടിയ ഭാഷകളിലെല്ലം കയ്യടികളും ആരാധകരേയും നേടിയ ഗായിക.
രാജ്യം പത്മശ്രീയും പദ്മഭൂഷനും നല്‍കിയ ആദരിച്ച പ്രതിഭയാണ് ചിത്ര. ചിരിച്ച മുഖത്തോടെ മാത്രമേ ചിത്രയെ കണ്ടിട്ടുള്ളൂ. എന്നാല്‍ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ചിത്ര ദേഷ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തന്നോട് ചിത്ര ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംഗീത സംവിധായകന്‍ ശരത് തുറന്ന് പറയുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിന് ചിത്ര നല്‍കിയ അഭിമുഖത്തില്‍ വീഡിയോ സന്ദേശമായി എത്തിയാണ് ശരത്തിന്റെ തുറന്ന് പറച്ചില്‍. ചിത്രയ്ക്കുള്ള ചോദ്യമായിട്ടാണ് ശരത്ത് സംഭവം പറഞ്ഞത്. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ചിത്ര ചേച്ചി അന്ന് കഥാപുസ്തകത്തിലെ കാലിയയുടെ പുരികം പോലെ പുരികമൊക്കെ വളച്ച് പിടിച്ച് തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് ശരത് പറയുന്നത്. പിന്നാലെ ചിത്ര തന്നെ ആ സംഭവം വിവരിക്കുകയാണ്.
പൊതുവെ ഞാന്‍ സിസ്റ്റമാറ്റിക് ആണ്. വീട്ടില്‍ എന്തെങ്കിലും സാധാനം വച്ചാല്‍ അത് അവിടെ തന്നെ വേണം. വൃത്തിയുണ്ട്. ഒസിഡിയാണെന്ന് വേണമെങ്കില്‍ പറയാം. എനിക്ക് അതുപോലെ തന്നെ വേണം. അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് ദേഷ്യം വരാറുണ്ടെന്നാണ് ചിത്ര പറയുന്നത്.
ഒരു പ്രോഗ്രാം ചാര്‍ട്ട് ചെയ്യുമ്പോള്‍ ഒരു ഫ്‌ളോയിലാണ് ചെയ്യുക. ഗായകര്‍ മാറി മാറി വരണം, ഒരേ ടെമ്പോയിലാകരുത്, വേരിയേഷന്‍ വേണം എന്നൊക്കെയുണ്ട്. അങ്ങനൊരു ഫോര്‍മാറ്റ് ഉണ്ടാക്കി അതിനനുസരിച്ച് പാട്ടുകള്‍ ഒരുക്കിയാണ് അവതരിപ്പിക്കുക. ഒരു പാട്ട് കഴിഞ്ഞ അടുത്ത പാട്ടിലേക്ക് പോകാന്‍ വൈകരുത്, കേള്‍വിക്കാര്‍ കാത്തു നില്‍ക്കേണ്ടി വരരുത്. അങ്ങനെയെങ്കില്‍ കേള്‍ക്കുന്നവര്‍ക്കും രസകരമായിരിക്കും, നമുക്കും സമയത്ത് തീര്‍ക്കാം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് ചിത്ര പറയുന്നു.
''വൈകുന്ന സാഹചര്യം വരരുത്. അങ്ങനെ, ശരത്തിനെ ഇന്‍ട്രോയ്ക്കായി റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ്. വെള്ളമൊക്കെ കൊടുത്ത് നിര്‍ത്തിയേക്കുകയാണ്. ശരത്ത് കയറൂവെന്ന് പറഞ്ഞപ്പോള്‍ എന്റെ ബുക്ക് എവിടേ എന്ന്. കയ്യില്‍ വച്ചിരുന്നതല്ലേ എന്ന് ഞാന്‍ ചോദിച്ചു. അത് അവിടെ നിന്നൊരു പെണ്‍കൊച്ച് വാങ്ങിച്ചു! ആ പെണ്‍കുട്ടി ആരെന്നോ പേരോ പോലും അറിയില്ല. എനിക്ക് ഭയങ്കരമായിട്ട് ദേഷ്യം വന്നു. ഞാന്‍ വഴക്കു പറഞ്ഞു. അപ്പോഴാണ് എന്റെ പുരികം കാലിയയുടേത് പോലെയായത്'' എന്നാണ് ചിത്ര പറയുന്നത്.
ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് ചിത്ര. ആ ശബ്ദത്തോടും ഗായികയോയുമുള്ള സ്‌നേഹം മലയാളികള്‍ക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ആ സ്‌നേഹം താന്‍ മനസിലാക്കിയൊരു സംഭവത്തെക്കുറിച്ചും ചിത്ര അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ആളുകള്‍ തന്നെ ഇത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് കണ്ട് അമ്പരന്നു പോയൊരു നിമിഷമുണ്ടെന്നാണ് ചിത്ര പറയുന്നത്. വളര്‍മതി എന്ന പെണ്‍കുട്ടിയാണ് ചിത്രയെ ഞെട്ടിച്ച ആ ആരാധിക.

''ലണ്ടനില്‍ ഒരു പ്രോഗ്രാമിന് പോയി. അമ്മയും കൂടെയുണ്ട്. അമ്മ എപ്പോഴും മുണ്ടും നേര്യതുമാണ് ധരിക്കുക. അതുകൊണ്ട് എത്ര വലിയ ആള്‍ക്കൂട്ടത്തിലും അമ്മയെ തിരിച്ചറിയാനാകും. അങ്ങനെ പരിപാടിക്ക് മുമ്പായി സംഘാടകര്‍ അമ്മയെ ഓഡിയന്‍സിന്റെ ഇടയില്‍ കൊണ്ടിരുത്തി. പരിപാടി കഴിയുമ്പോള്‍ ബാക്ക് സ്‌റ്റേജിലേക്ക് കൂട്ടി കൊണ്ടു വരികയും ചെയ്യും''.
എന്റെ അമ്മയാണെന്ന് ഈ കുട്ടിയ്ക്ക് മനസിലായി. അവള്‍ അമ്മയുടെ അടുത്ത് വന്ന ആരാധികയാണെന്നും ഒരു തവണ കാണാന്‍ അവസരം നല്‍കണമെന്നൊക്കെ പറഞ്ഞു. അങ്ങനെ അവള്‍ അമ്മയുടെ കൂടെ എന്നെ കാണാന്‍ വന്നു. അവള്‍ ചിത്ര എന്ന് ദേഹത്ത് പച്ച കുത്തിയിരുന്നു. കഴുത്തിലെ മാലയിലും ചിത്ര. സി എന്നെഴുതിയ മോതിരം. അത് കണ്ട് ഇത്രയൊക്കെ സ്‌നേഹിക്കാനാകുമോ എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു പോയെന്നാണ് ചിത്ര പറയുന്നത്.


Click it and Unblock the Notifications











