'ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറയാം'; നയൻതാരയും കീർത്തിയും കാണിച്ച സ്നേഹത്തെ കുറിച്ച് കുളപ്പുള്ളി ലീല
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ഹാസ്യകഥാപാത്രങ്ങളാണ് താരം അധികവും അവതരിപ്പിച്ചിരുന്നത്. ഇതുവരെ 350 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കുളപ്പുള്ളി ലീല മലയാളം കൂടാതെ, തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തേയിലും വിജയ് ചിത്രം മാസ്റ്ററിലും ലീല ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ കീർത്തി സുരേഷും നയൻതാരയും അണ്ണാത്തേയിൽ അഭിനയിച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ലൊക്കേഷനിൽ കണ്ടപ്പോൾ രണ്ടു സൂപ്പർ നായികമാരും തന്നോട് കാണിച്ച സ്നേഹത്തെ കുറിച്ച് കുളപ്പുള്ളി ലീല സംസാരിച്ചിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

രണ്ടുപേരും തന്നോട് സംസാരിക്കുകയും എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാമെന്നും പറഞ്ഞിരുന്നെന്നുമാണ് നടി പറഞ്ഞത്. അണ്ണാത്തെ എന്ന ചിത്രത്തില്‍ നയന്‍താരയും ഉണ്ടായിരുന്നുവെങ്കിലും തനിക്ക് കോമ്പിനേഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. തന്റെ സീനുകള്‍ മുഴുവന്‍ രജനികാന്തിനും കീര്‍ത്തി സുരേഷിനും ഒപ്പമായിരുന്നു. ഐറ എന്ന ചിത്രത്തിലാണ് നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചത്. അവിടെ വച്ചാണ് നയന്‍താരയെ ആദ്യമായി കണ്ടത്. വളരെ നല്ല പെരുമാറ്റമായിരുന്നു അവരുടേത് എന്ന് കുളപ്പുള്ളി ലീല ഓർത്തു.

ലൊക്കേഷനിൽ വച്ച് കീർത്തി സുരേഷിനെ കണ്ടു മുട്ടിയ രസകരമായ സംഭവവും അവർ വിവരിക്കുന്നുണ്ട്. 'ഒരു സൈഡില്‍ കുറച്ച് പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് അപ്പുറത്ത് കീര്‍ത്തി സുരേഷും ഉണ്ട്. ഞാന്‍ കരുതിയത് ഡാന്‍സ് കളിക്കാന്‍ വന്ന പെണ്‍കുട്ടികളാണ് എന്നാണ്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കീര്‍ത്തി എന്റെ അടുത്ത് വന്ന് പറഞ്ഞു, 'ഞാന്‍ കീര്‍ത്തി സുരേഷ്'.. അപ്പോൾ ഞാൻ സംശയത്തോടെ മേനകയുടെ മകള്‍ എന്ന് ചോദിച്ചു, അപ്പോൾ അതെ അത് തന്നെയെന്ന് കീർത്തി പറഞ്ഞു. 'മോളെ എനിക്ക് മനസ്സിലായില്ല' എന്ന് പറഞ്ഞപ്പോള്‍, 'എനിക്ക് തോന്നി, ആന്റിയ്ക്ക് എന്നെ മനസ്സിലായില്ല എന്ന്. അത് കൊണ്ടാണ് ഞാന്‍ തന്നെ വന്നത്' എന്ന് കീര്‍ത്തി പറഞ്ഞു.

ലൊക്കേഷനുകളിൽ വച്ച് കീര്‍ത്തി ആയാലും നയന്‍താര ആയാലും, ചേച്ചിയ്ക്ക് എന്ത് വേണമെങ്കിലും പറയാമെന്ന് പറഞ്ഞിരുന്നു. വേറെ ആരോടും പറയേണ്ട. എന്ത് അസൗകര്യം ഉണ്ടെങ്കിലും പറയണം എന്നൊക്കെ പറഞ്ഞു. ബ്രേക്ക് സമയത്ത് അവിടെ ഉള്ളവരോട് പറഞ്ഞ് കീര്‍ത്തി സൂപ്പ് ഒക്കെ എത്തിക്കുമായിരുന്നു എന്നും ലീല പറയുന്നു.
അവർ സംസാരിച്ചത് ഒക്കെ മലയാളത്തില്‍ തന്നെയാണ്. പക്ഷേ തമിഴ് ഡയലോഗ് പറയുമ്പോള്‍ ചിലതിന്റെ അര്‍ത്ഥം അറിയാന്‍ പറ്റില്ല. അര്‍ത്ഥം അറിയാതെ, ഡയലോഗുകൾ അതേ ഇമോഷനോടെ പറയാന്‍ സാധിക്കില്ല. അപ്പോള്‍ നയന്‍താരയോടും കീര്‍ത്തിയോടും ചോദിക്കുമായിരുന്നു. എന്നാൽ അവര്‍ക്കും കൃത്യമായി മലയാളം അര്‍ത്ഥം പറഞ്ഞു തരാന്‍ സാധിക്കാറില്ല. എന്നാലും ആരോടെങ്കിലും ഒക്കെ ചോദിച്ചു പറഞ്ഞു തരും.' കുളപ്പുള്ളി ലീല കൂട്ടിച്ചേർത്തു.


Click it and Unblock the Notifications