'മമ്മൂട്ടിയെ കോമാളിയാക്കിയ നിന്റെ തന്തയുടെ കൈ വെട്ടും'; നാല് വയസുള്ള മകളോട് പറഞ്ഞത്: ലാല്‍ ജോസ്
തീയേറ്ററില്‍ പരാജയപ്പെട്ടിട്ടും പിന്നീട് ആരാധകരുടെ മനസില്‍ ഇടം നേടിയ നിരവധി സിനിമകളുണ്ട്. അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട സിനിമയായി മാറിയ ചിത്രമാണ് പട്ടാളം. മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് പട്ടാളം. ഇന്നും പട്ടാളത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. എന്നാല്‍ തീയേറ്ററില്‍ ചിത്രം കനത്ത പരാജയമാണ് നേരിട്ടത്.
ഒരിക്കല്‍ പട്ടാളത്തിന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളുമെല്ലാം ലാല്‍ ജോസ് പങ്കുവച്ചിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാല്‍ ജോസ് മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പട്ടാളം റിലീസിന് മുമ്പുള്ള പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ ഈ പടത്തിന്റെ ബജറ്റ് വലുതാണല്ലോ, നിങ്ങള്‍ ഇങ്ങനെ ബജറ്റ് കൂട്ടാന്‍ പാടുണ്ടോ എന്ന് ചോദിച്ചു. സംവിധായകനല്ല, കഥയാണ് സിനിമയുടെ ബജറ്റ് തീരുമാനിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. കഥ ഡിമാന്റ് ചെയ്യുന്ന ബജറ്റ് സിനിമയ്ക്ക് വേണം. ബജറ്റ് കൂടുതലാണെങ്കില്‍ ആ കഥ വേണ്ടെന്ന് തീരുമാനിക്കുകയും അടുത്ത കഥയിലേക്ക് പോവുകയും ചെയ്യാം എന്നും പറഞ്ഞു. അതിനെ ഉദാഹരിക്കാന്‍ ഞാന്‍ പറഞ്ഞത് മമ്മൂക്കയുടെ മുമ്പത്തെ സിനിമകളെക്കുറിച്ചാണ്.
മമ്മൂക്ക ഒരു പെട്ടി, ഒരു കുട്ടി, ബെന്‍സ് കാര്‍ ഓക്കെയുള്ള ഫാമിലി ഡ്രാമയായിരുന്നു ചെയ്തിരുന്നത്. അതിന് അത്ര ബജറ്റല്ലേ വേണ്ടൂ. പക്ഷെ ഇത് അങ്ങനെയുള്ള സിനിമയല്ല. വലിയ ക്യാന്‍വാസിലുള്ളതാണ്. ക്യാമ്പും ട്രക്കുകളും ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെ വരുന്ന സിനിമയാണ് എന്ന് അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞു. പക്ഷെ ആ അഭിമുഖം പിന്നീട് പട്ടാളത്തിന് വലിയ ബാധ്യതയായി.
കാരണം പട്ടാളത്തിന് ഓപ്പോസിറ്റ് വന്ന പടം ബാലേട്ടന്‍ ആയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് ഞാന്‍ പറഞ്ഞത് ആ സിനിമയെ കളിയാക്കി പറഞ്ഞതാണെന്ന് ധരിച്ചു. ആ സമയത്ത് എനിക്ക് ബാലേട്ടന്റെ കഥ എന്താണെന്ന് പോലും അറിയില്ല. ആ സിനിമയിലും പെട്ടിയും കുട്ടിയുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ അതിനെ കുത്തിയതാണെന്നാണ് അവര്‍ കരുതിയത്. അതോടെ പട്ടാളം റിലീസ് ചെയ്ത തീയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രശ്‌നമുണ്ടാക്കി. ഫാന്‍സ് തമ്മില്‍ എല്ലാ തീയേറ്ററിലും പ്രശ്‌നങ്ങളുണ്ടായി.

പട്ടാളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടമുള്ള ഒരു ഓര്‍മ്മയുണ്ട്. പട്ടാളം റിലീസ് ചെയ്ത് പരാജയപ്പെട്ട ശേഷം ഒരു ദിവസം എന്റെ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. നാല് വയസുള്ള, എന്റെ രണ്ടാമത്തെ മകളാണ് ഫോണെടുത്തത്. നിന്റെ തന്ത വീട്ടിലുണ്ടോ? അയാളോട് പറഞ്ഞേക്ക്, മമ്മൂട്ടി എന്ന മഹാനടനെ ഓടിന്റെ പുറത്ത് കേറ്റിയും പാമ്പിനെ പിടിപ്പിക്കുകയും പട്ടിയുടെ പിന്നാലെ ഓടിച്ചും കോമാളിത്തരം കാണിച്ചതിന് അവന് മാപ്പില്ല. അവന്റെ കൈ ഞങ്ങള്‍ വെട്ടുമെന്ന് പറഞ്ഞേക്ക്. നാല് വയസുള്ള കുട്ടിയോടാണ് പറയുന്നത്. പിന്നെ മോള്‍ എന്നെ പുറത്ത് പോകാന്‍ സമ്മതിക്കില്ലായിരുന്നു. നമുക്ക് സിനിമ വേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത്.
ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന് വേണ്ടി നമ്മള്‍ അനുഭവിച്ച ടെന്‍ഷനും ത്യാഗവും കഷ്ടപ്പാടും എല്ലാവരും മറക്കും. ചെയ്ത പുണ്യങ്ങളൊക്കെ പാപങ്ങളാകും. വിജയിച്ചാല്‍ ഷൂട്ടിംഗ് സമയത്തെ പാപങ്ങളൊക്കെ പുണ്യങ്ങളാവുകയും ചെയ്യും. സിനിമയുടെ വിചിത്രമായൊരു നിയമമാണ് അത്. അതില്‍ ആര്‍ക്കും മാറ്റമില്ല. പരാജയപ്പെട്ടതോടെ അത് എന്റെ മാത്രം സിനിമയായി. എന്റെ മാത്രം പ്രശ്‌നമായി. മീശമാധവന്‍ എല്ലാവരുടേയും വിജയം ആയിരുന്നു. പട്ടാളം പരാജയപ്പെട്ടപ്പോള്‍ എന്റെ മാത്രം പരാജയമായി.


Click it and Unblock the Notifications