തിലകൻ ചേട്ടൻ സെറ്റിലിരുന്ന് മദ്യപിച്ചു, കാലിലാണെങ്കിൽ ഭയങ്കര നീരും; ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല: ലാൽ ജോസ്
മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നിരവധി ഹിറ്റുകൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഒരുപാട് പരാജയങ്ങളിലൂടെയും ലാൽ ജോസ് എന്ന സംവിധായകന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ തുടക്കകാലത്ത് തിയേറ്ററിൽ പരാജയം നേരിട്ട ഒരു ലാൽ ജോസ് സിനിമയാണ് രണ്ടാം ഭാവം. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ ബിജു മേനോൻ, തിലകൻ, ലാൽ, പൂർണിമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
പിൽക്കാലത്ത് ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ തിയേറ്ററിലെ പരാജയം ലാൽ ജോസിനെ സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഒരിക്കൽ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ലാൽ ജോസ് സംസാരിച്ചിരുന്നു. ഷൂട്ടിനിടെ സുരേഷ് ഗോപിയുടെ അച്ഛൻ മരിച്ചതും തിലകൻ ആശുപത്രിയിലായതുമെല്ലാം സിനിമയുടെ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നു എന്നാണ് ലാൽ ജോസ് പറഞ്ഞത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്.

'കുടുംബപശ്ചാത്തലവും ആക്ഷനും ചേർന്നൊരു സിനിമയായിരുന്നു രണ്ടാംഭാവം. സുരേഷ് ഗോപിയുടെ അച്ഛനായി അഭിനയിച്ചത് നരേന്ദ്ര പ്രസാദ് സാറും മംഗലാപുരത്തെ സുരേഷ് ഗോപിയുടെ പിതൃതുല്യനായിട്ടുള്ള ആളായി അഭിനയിച്ചത് തിലകൻ ചേട്ടനുമാണ്. അങ്ങനെ ആദ്യ ദിവസത്തെ ഷൂട്ട് മദ്രാസിൽ തുടങ്ങി. ഞാൻ സെറ്റിലേക്ക് വരുമ്പോൾ തിലകൻ ചേട്ടൻ സെറ്റിലുണ്ട്. നോക്കുമ്പോൾ അദ്ദേഹത്തിന്റെ കാലിൽ നല്ല നീര്. നീരുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അത് വന്നും പോയും ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി',
'നന്നായി നീര് തോന്നുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും വേണമെങ്കിൽ ഡോക്ടറെ കാണാമെന്നും ഞാൻ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും അതിന്റെ സൈഡ് എഫക്ട് ആണെന്നും പറഞ്ഞ് അദ്ദേഹം അത് തളളിക്കളഞ്ഞു. അങ്ങനെ ഉച്ചയ്ക്ക് ബ്രേക്കിന്റെ സമയത്ത് ഞാൻ നോക്കുമ്പോൾ അദ്ദേഹം ഭക്ഷണം കഴിക്കാതെ വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോൾ കാണുന്നത് ആ ഗ്ലാസിന്റെ സൈഡിൽ പച്ചമുളക് കട്ട് ചെയ്ത് വച്ചിരിക്കുന്നതാണ്. പച്ചമുളക് ഗ്ലാസിൽ വെച്ചിട്ടുമുണ്ട്',
'അദ്ദേഹം കഴിക്കുന്നത് വോഡ്ക്കയാണെന്ന് മനസിലായി. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് സാർ കാലിന് നീരുണ്ട്, എന്തോ കുഴപ്പമുണ്ട്. അതിന്റെ കൂട്ടത്തിൽ ഇത് കഴിക്കുന്നത് ശരിയല്ല. എന്തെങ്കിലും പ്രശ്നം വരുമോ എന്ന് പേടിയുണ്ട്. നമുക്ക് കഴിഞ്ഞ് ഡോക്ടറെ കാണാമെന്ന് സ്നേഹപൂർവം പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ആ രീതിയിൽ എന്നോട് സംസാരിക്കുകയും ചെയ്തു',
'അന്ന് സെറ്റിൽ നടി പൂർണിമയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. തിലകൻ ചേട്ടനോട് നിങ്ങൾ ഒന്ന് സംസാരിക്കണമെന്നും ഞാൻ പറഞ്ഞിട്ട് അദ്ദേഹം കേൾക്കുന്നില്ലെന്നും അദ്ദേഹത്തിന് കാര്യമായി എന്തോ തകരാറുണ്ടെന്നും ഞാൻ അവരോട് പറഞ്ഞു. ഞാൻ ആണെങ്കിൽ പുള്ളിയുടെ കൂടെ അധികം പടം ചെയ്തിട്ടില്ല. വല്ലാതെ ശാസിച്ച് പറയാനും നിർബന്ധപൂർവം പറയാനുമുള്ള ബന്ധമായിട്ടില്ല',

'സെറ്റിൽ ഒടുവിൽ ഉണ്ണികൃഷണൻ ചേട്ടനുണ്ട്. അദ്ദേഹത്തോട് സംസാരിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞു, തന്നോട് ബഹളത്തിന് വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവിൽ എല്ലാവരുംകൂടി പോയി സംസാരിച്ചു. ഡോക്ടറെ കാണാൻ നിർബന്ധിച്ചു. പിറ്റേന്ന് രാവിലെ ഷൂട്ടിന് വരുന്നതിന് മുൻപ് മദ്രാസിലെ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഉടനെ തന്നെ ഡോക്ടർമാർ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു',
'കാര്യമായി കിഡ്നിയെ ബാധിക്കുന്ന തരത്തിൽ അസുഖം വന്നിട്ടുണ്ടെന്ന് പറഞ്ഞു. മദ്യപിച്ചതൊക്കെ മോശമായി ബാധിച്ചിട്ടുണ്ടായിരുന്നു. കുറച്ചുമാസങ്ങൾ നീണ്ട ചികിത്സ അദ്ദേഹത്തിന് വേണ്ടി വരുമെന്നും അഭിനയിക്കാൻ വിടാൻ പറ്റില്ലെന്നും പറഞ്ഞു. ഞാൻ ആകെ ധർമസങ്കടത്തിലായി. അദ്ദേഹത്തെ മാറ്റി വേറെ നടനെ കാസ്റ്റ് ചെയ്യാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല. ബാക്കിയുള്ള ഷൂട്ട് തീർക്കാമെന്നും അപ്പോഴേക്കും അദ്ദേഹം വരുമെന്നും കരുതി',
'പക്ഷേ അസുഖം മാറാൻ പിന്നെയും സമയമെടുത്തു. ഈ സിനിമ ഭയങ്കര നിർഭാഗ്യങ്ങളുണ്ടായ സിനിമയായിരുന്നു. ഷൂട്ടിനിടെ സുരേഷ് ഗോപിയുടെ അപ്പൻ മരിച്ചു. അദ്ദേഹം 41 ദിവസം കഴിഞ്ഞിട്ടേ ഇനി അഭിനയിക്കാൻ വരൂ എന്ന് പറഞ്ഞു. സിനിമ ഷെഡ്യൂളായി. അങ്ങനെ നിരവധി തവണ ഷൂട്ട് നിർത്തിവയ്‌ക്കേണ്ടി വന്നു', ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications