'എനിക്ക് അന്ന് തന്നത് ഭ്രാന്തിനുള്ള മരുന്നായിരുന്നു'; മൂന്ന് ദിവസം ഉറങ്ങിയില്ല; അനുഭവം പങ്കിട്ട് ലാല്‍ ജോസ്
മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ലാല്‍ ജോസ്. ദിലീപ് മുതല്‍ ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചിട്ടുണ്ട്. മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മിലും ഡയമണ്ട് നെക്ലേസും ക്ലാസ്‌മേറ്റ്‌സുമൊക്കെ ഒരുക്കിയ പ്രതിഭ. വിജയങ്ങള്‍ പോലെ തന്നെ കനത്ത പരാജയങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
കരിയറില്‍ തുടര്‍ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ താന്‍ ഡിപ്രഷനിലേക്ക് പോയെന്നാണ് ഒരിക്കല്‍ ലാല്‍ ജോസ് പറഞ്ഞത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പട്ടാളം, രസികന്‍ എന്നീ സിനിമകളുടെ പരാജയത്തോടെയാണ് ലാല്‍ ജോസ് തളരുന്നത്. മീശമാധവന്‍ എന്ന വലിയ ഹിറ്റിന് പിന്നാലെയായിരുന്നു തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്നത്. ഒരിക്കല്‍ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ലാല്‍ ജോസ് ആ അനുഭവം പങ്കുവച്ചിരുന്നു.

ലാല്‍ ജോസിന്റെ വാക്കുകള്‍:
രസികന്‍ തീയേറ്ററുകളില്‍ പരാജയപ്പെട്ടു. തിരികെ വീട്ടിലേക്ക് പോകുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. എന്റെ കരിയര്‍ തീര്‍ന്നുവെന്ന് കരുതി. മീശമാധവന്‍ എന്ന വലിയ ഹിറ്റ് സംഭവിച്ചു. അതിന് ശേഷം പട്ടാളവും രസികനും പരാജയപ്പെട്ടു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. തിരികെ വീട്ടിലേക്ക് പോയി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ ലീന ഒരു കാര്യം ശ്രദ്ധിച്ചു. ഞാന്‍ ഈ മൂന്ന് ദിവസവും ഉറങ്ങിയിട്ടില്ല. പകലുമുഴുവന്‍ വീട്ടില്‍ ടിവിയും കണ്ടിരിക്കും. രാത്രി ലീന ഒരുറക്കം കഴിഞ്ഞ് എഴുന്നേറ്റ് നോക്കുമ്പോള്‍ ഞാന്‍ കണ്ണ് തുറന്ന് കിടക്കുകയാണ്.
പക്ഷെ ഞാന്‍ ഉറങ്ങിയിട്ടില്ല എന്ന വിവരം ഞാന്‍ അറിയുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ലീന എന്റെ അപ്പച്ചനെ വിളിച്ചു. വന്നതിന് ശേഷം ഉറങ്ങിയിട്ടില്ല. വേറെ പ്രശ്‌നങ്ങളൊന്നുമില്ല. അപ്പച്ചന്‍ എന്നേയും കൂട്ടി ഒറ്റപ്പാലത്തെ വേലായുധന്‍ വൈദ്യരുടെ അടുത്തു കൊണ്ടുപോയി. അദ്ദേഹം രസികനായ ആളാണ്. പത്തെണ്‍പത് വയസുണ്ട്. ആ ലുക്കാണ് മീശമാധവനില്‍ ജഗതിയ്ക്ക് കൊടുത്തത്. ചെവിയിലെ രോമവും കട്ടിപ്പുരികവുമെല്ലാം വേലായുധന്‍ വൈദ്യരില്‍ നിന്നും കടം എടുത്തതാണ്.
വൈദ്യര്‍ ആദ്യമേ ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസില്‍ പെട്ടോ എന്നാണ്. ഇല്ല എന്ന് അപ്പച്ചന്‍ പറഞ്ഞു. ധാരാളം പൈസ നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. ഇവന്റെ പൈസയൊന്നും നഷ്ടപ്പെട്ടില്ല. പക്ഷെ ഇവന്‍ കാരണം വേറെ കുറേ ആളുകളുടെ പൈസ നഷ്ടം വന്നുവെന്ന് അപ്പച്ചന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം ഒരു ചൂര്‍ണവും എണ്ണയും തന്നു. തലയില്‍ കുളിര്‍ക്കാന്‍ തേച്ച് കുളിപ്പിക്കണം. ചൂര്‍ണം പാലില്‍ കലക്കി കൊടുക്കണം. വിളിച്ച് എഴുന്നേല്‍പ്പിക്കണ്ട. എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേറ്റാല്‍ മതിയെന്നും പറഞ്ഞു. പക്ഷെ ഒരു രാത്രി കഴിഞ്ഞ് രാവിലെ എഴുന്നേല്‍ക്കാതെ കിടക്കുകയാണ് കഞ്ഞിവെള്ളം സ്പൂണില്‍ കോരി വായില്‍ വച്ചു കൊടുക്കണം. അല്ലെങ്കില്‍ ഡിഹൈഡ്രേഷനുണ്ടാകും.

അടുത്ത 48 മണിക്കൂര്‍ ഞാന്‍ ഉറക്കമാണ്. ഭാര്യ അടുത്തിരുന്ന് പാലും കഞ്ഞിവെള്ളവും വായില്‍ ഒഴിച്ചു തരും. ആ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ നോര്‍മല്‍ ആയി. ഞാന്‍ വൈദ്യരെ വീണ്ടും പോയി കണ്ടു. ആ ചൂര്‍ണം കൊള്ളാം, അത് കിട്ടിയാല്‍ കൊള്ളാം. എപ്പോഴെങ്കിലും ഉറക്കം വരാതിരിക്കുമ്പോള്‍ കഴിക്കാലോ എന്നു ഞാന്‍ പറഞ്ഞു. അത് വേണ്ട, അതിനോട് ഒരു ആസക്തി തോന്നും. അതിലുള്ളത് അങ്ങനെയുള്ള സാധനങ്ങളാണ്. എട പൊട്ടാ ഇത് ഭ്രാന്തമാരെ മയക്കാന്‍ വേണ്ടി കൊടുക്കുന്ന മരുന്നാണ്. നിനക്ക് അതിന്റെ തുടക്കമായിരുന്നു എന്ന് വൈദ്യര്‍ പറഞ്ഞു.
അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് എനിക്ക് ഡിപ്രഷന്‍ ആയിരുന്നുവെന്നും അങ്ങനെ തന്നെ മുന്നോട്ട് പോയിരുന്നുവെങ്കില്‍ പ്രശ്‌നമായേനെ എന്ന്. പുള്ളിയുടെ ഞൊണുക്ക് വിദ്യ കൊണ്ട് നല്ല ഉറക്കം കിട്ടിയതിനാല്‍ രക്ഷപ്പെട്ടതാണ്.


Click it and Unblock the Notifications