സിനിമയിൽ വന്നപ്പോൾ ഭാര്യ നൽകിയ ഉപദേശം അത് മാത്രം; പിന്നീട് ആ സാഹസം ഞാൻ കാണിച്ചിട്ടേയില്ല; സിദ്ദിഖ് പറഞ്ഞത്
പ്രിയ സംവിധായകൻ സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുമ്പോഴും അത്ഭുതം സംഭവിക്കും, അദ്ദേഹം തിരികെ വരും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷയും ആഗ്രഹവും. എന്നാൽ അദ്ദേഹം ഇനിയില്ല എന്നറിയുമ്പോൾ ദുഖം താങ്ങാനാകാത്ത അവസ്‌ഥയിലാണ് പ്രിയപ്പെട്ടവർ. കരൾസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച ഹിറ്റ് മേക്കറുടെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമാണ്. മിമിക്രി വേദികളിൽ നിന്നാണ് സിദ്ദിഖ് സിനിമയിലേക്കെത്തുന്നത്. വേദികളിൽ നിരവധി സ്ക്രിപ്റ്റുകളിലൂടെ കാണികളെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് സിനിമകളിലും അത് തുടരുകയായിരുന്നു. സംവിധാന സഹായി സിനിമയിലേക്ക് എത്തിയ സിദ്ദിഖ് ആദ്യ കാലങ്ങളിൽ അഭിനേതാവായും സാന്നിധ്യമറിയിക്കുകയുണ്ടായി. പിന്നീട് അഭിനയം പൂർണമായി വിട്ട് എഴുത്തിലേക്കും സംവിധാനത്തിലേക്കും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.

കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ സിദ്ദിഖ് താൻ അഭിനയം വേണ്ടന്ന് വയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും ഭാര്യ നൽകിയ ഉപദേശത്തെ കുറിച്ചും പറയുകയുണ്ടായി. ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് ഏറ്റവും റിസ്ക് ആയി തോന്നിയിട്ടുള്ള ജോലി അതാണെന്ന് സിദ്ദിഖ് പറയുന്നു. ഭാര്യയും തന്നോട് അഭിനയിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് ഏറ്റവും റിസ്ക് ആയി തോന്നിയിട്ടുള്ള ജോലി. സ്റ്റേജ് ഷോകള്‍ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പെര്‍ഫോമന്‍സ് വന്നാൽ എങ്ങനെയെങ്കിലും അതങ്ങ് തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നു. മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പറയുക എനിക്ക് ബുദ്ധിമുട്ടായിരുന്നു, ഞാന്‍ ആഗ്രഹിച്ചത് പോലെ എന്റെ ഭാര്യയും എന്നോട് പറഞ്ഞത് അതായിരുന്നു',
'സിനിമയില്‍ ഒരിക്കലും ഇക്ക അഭിനയിക്കരുതെന്നാണ് അവൾ എന്നോട് പറഞ്ഞത്. എനിക്കും എന്റെ അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടും ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടും ഞാന്‍ പിന്നീട് എന്റെ സിനിമകളില്‍ ഒന്നും അങ്ങനെയൊരു സാഹസം കാണിച്ചിട്ടേയില്ല. ഞാന്‍ ഒരു നടനായിരുന്നില്ലേ പിന്നെ എന്തുകൊണ്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കണ്ടാ എന്ന് പറഞ്ഞത് എന്ന് വെറുതെ ഒരിക്കൽ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്ന് മാത്രമായിരുന്നു മറുപടി',
'അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ഭാര്യയെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാൻ അതങ്ങ് അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം', സിദ്ദിഖ് പറഞ്ഞു. അതേസമയം പിൽക്കാലത്ത് ഒരുപിടി സിനിമകളിൽ അതിഥി വേഷത്തിൽ അദ്ദേഹമായി തന്നെ വന്ന് പോയിട്ടുണ്ട്.

കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും സംവിധായകൻ ഫാസിലാണ് മലയാള സിനിമയിലേക്ക് എത്തിക്കുന്നത്. 1984ൽ പുറത്തിറങ്ങിയ ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലാണ് സിദ്ദിഖ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കി തിരക്കഥാകൃത്തായി. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു.
ഏകദേശം മുപ്പത് വർഷത്തിലധികം നീണ്ട സിനിമാ ജീവിതത്തിനിടെ തമിഴിലും മലയാളത്തിലുമെല്ലാം അദ്ദേഹത്തിന് സാന്നിധ്യമറിയിക്കാനായി. 2020 ൽ പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് അവസാന ചിത്രം.


Click it and Unblock the Notifications