പ്രിയേട്ടൻ മതം മാറാൻ പറഞ്ഞിട്ടില്ല, പക്ഷെ അമ്മയ്ക്ക് എന്നെ ഭയമായിരുന്നു: ലിസ്സി പറഞ്ഞത്
പ്രിയദർശനും ലിസ്സിയും മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താര ദമ്പതികളിൽ പ്രമുഖരായിരുന്നു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്, 2016ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. നീണ്ട ഇരുപത്തിനാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്, ഒരുപാട് നാളത്തെ നിയമ യുദ്ധത്തിന് ശേഷമാണ് ലിസ്സി പ്രിയദർശനിൽ നിന്ന് വിവാഹമോചനം നേടി എടുത്തത്. അന്ന്, ഏതൊരു ബന്ധത്തിലും ഉണ്ടാവേണ്ട സാമാന്യ ബഹുമാനം പോലും കിട്ടാത്തത് കൊണ്ടാണ് ഈ തീരുമാനം എന്ന് നടി പറഞ്ഞിരുന്നു. വെറും ഈഗോ കാരണമാണ് ദാമ്പത്യം അവസാനിച്ചതെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്.
എന്നാൽ, ഡിവോഴ്സിന് വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ, പ്രിയദർശനോടൊപ്പം ജീവിതം തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ലിസ്സി സംസാരിച്ചിരുന്നു. അന്ന്, ലക്ഷ്മി എന്ന പേര് സ്വീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും താളവട്ടം താരം വിശദീകരിച്ചു. എന്നാൽ, പ്രശസ്ത സംവിധായകനോ അദ്ധേഹത്തിന്റെ കുടുംബമോ, വിവാഹശേഷം തന്നെ മതം മാറാൻ നിർബന്ധിച്ചിട്ടില്ല എന്നാണ് നടി വെളിപ്പെടുത്തിയത്.

പ്രിയദർശനുമായുള്ള വിവാഹം നടന്നപ്പോൾ, പുതിയൊരു ഹിന്ദു പേര് ഇടണമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ അമ്മയാണെന്ന് ലിസ്സി ഓർത്തെടുത്തു. തന്റെ അമ്മായിയമ്മ എന്നും തന്നെ ആ പേരാണ് വിളിക്കാറുള്ളതെന്നും താരം പറഞ്ഞു. എന്നാൽ, മതം മാറണം എന്നുള്ളത് തന്റെ മാത്രം തീരുമാനമായിരുന്നു. അത് എടുത്തത്, മകൻ സിദ്ധാർഥ് പ്രിയദർശന് വേണ്ടിയാണ് എന്ന് കൂടി ലിസ്സി കൂട്ടി ചേർത്തു. "പള്ളിയിൽ പോവുന്നതിനോടൊന്നും പ്രിയേട്ടന്റെ അമ്മയ്ക്ക് വിരോധമില്ലായിരുന്നു. പക്ഷെ അമ്പലത്തിൽ വച്ച് കല്യാണം കഴിക്കുമ്പോൾ ഒരു ഹിന്ദു പേര് സ്വീകരിച്ചു വേണം എന്ന് പറഞ്ഞു," അവർ വെളിപ്പെടുത്തി.
"ആദ്യമൊക്കെ അമ്മയ്ക്ക് എന്നെ ഭയമായിരുന്നു. അതായത് ഞാൻ അവരുടെ മകനെ മാറ്റിയെടുക്കുമോ എന്ന്. എല്ലാ അമ്മമാർക്കും തോന്നുന്ന ഒരു വികാരമാണല്ലോ അത്. അവരൊക്കെ ഹിന്ദു രീതികളിൽ ഉറച്ചു വിശ്വസിക്കുമ്പോൾ, ഞാൻ പ്രിയേട്ടനെ ഒരു ക്രിസ്ത്യാനിയാക്കുമോ എന്ന് - അങ്ങനെയാണല്ലോ സാധാരണയായിട്ട് നടക്കാറുള്ളത്. അങ്ങനെ ഒരു ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് കൊണ്ട് അവർ പറഞ്ഞു, അമ്പലത്തിൽ കല്യാണം കഴിക്കുമ്പോൾ 'ലക്ഷ്മി' എന്നൊരു പേര് സ്വീകരിച്ചാൽ കൊള്ളാം, എന്ന്," ലിസ്സി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വാപ്പയെ ഇപ്പോഴും ചെറിയ പേടിയുണ്ട്, പക്ഷെ വഴക്കു പറയുമ്പോൾ..: ദുൽഖർ സൽമാൻ വെളിപ്പെടുത്തിയത്
"പ്രിയേട്ടന്റെ അമ്മ എന്നെ ലക്ഷ്മി എന്ന് തന്നെയാണ് വിളിക്കാറുള്ളത്. അച്ഛൻ ആദ്യമൊക്കെ അങ്ങനെയാണ്, ബന്ധുക്കളും. പക്ഷെ മറ്റുള്ള എല്ലാവരും 'ലിസ്സി' എന്ന് വിളിക്കുന്നത് കേട്ട് കേട്ട് അച്ഛനും, പ്രിയേട്ടന്റെ സഹോദരിയും ഒക്കെ അങ്ങനെ ആയി," അവർ പറഞ്ഞു. എന്നാൽ, താനൊരു ക്രിസ്ത്യാനി ആണെന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട്, ചില അമ്പലങ്ങളിൽ കയറാൻ സാധിച്ചിരുന്നില്ല എന്നാണ് ലിസ്സി പറഞ്ഞത്. കടുത്ത ദൈവവിശ്വാസിയായ താൻ അമ്പലങ്ങളിലും, പള്ളികളിലും, ദർഗ്ഗകളിലും പോകുന്ന ആളാണെന്നും നടി വെളിപ്പെടുത്തി. ഗർഭിണി ആയപ്പോൾ, മകൻ ജനിച്ചാൽ ഗുരുവായൂർ അമ്പലത്തിൽ കൊണ്ട് പോകാം എന്ന് പ്രാർത്ഥിച്ചു, അങ്ങനെയാണ് മതം മാറുന്നത്.
"ഗുരുവായൂർ അമ്പലത്തിൽ പോയിട്ടാണ് അറിഞ്ഞത്, ശരിക്കും ആര്യ സമാജത്തിൽ പോയി മതം മാറിയാലേ അവിടെ പ്രവേശനമുള്ളൂ എന്ന്. ഞാൻ പ്രാർഥിച്ചതാണ്, എനിക്ക് പോയെ പറ്റുള്ളൂ എന്നൊരു വാശിയായിരുന്നു. അങ്ങനെ, പ്രിയേട്ടനോ അമ്മയോ നിർബന്ധിച്ചു ചെയ്യിച്ചതല്ല. അവിടെ പോകാൻ ആ ചടങ്ങ് നടത്തണമായിരുന്നു, അത് ഞാൻ ചെയ്തു. അവിടെ ഒരു സെർട്ടിഫിക്കറ്റ് ഉണ്ട്. അപ്പോൾ ആരെങ്കിലും ചോദിച്ചാൽ, ഞാൻ പറയും ഞാൻ ഹിന്ദുവാണെന്ന്," ലിസ്സി കൂട്ടി ചേർത്തു. ചോറ്റാനിക്കര അമ്പലത്തിൽ പോയപ്പോൾ ഇങ്ങനെ പ്രശ്നം വന്നിരുന്നുവെന്നും, അന്ന് ആ സെർട്ടിഫിക്കറ്റ് കാണിച്ചാണ് അകത്ത് കയറിയതെന്നും അവർ പറഞ്ഞു.


Click it and Unblock the Notifications











