എന്റെ സ്വഭാവം എനിക്ക് തന്നെ ഇഷ്ടമാവാറില്ല: മമ്മൂട്ടി നടത്തിയ തുറന്നു പറച്ചിൽ ഇങ്ങനെയാണ്
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി പണ്ടൊക്കെ 'ജാഡക്കാരൻ' എന്ന വിളി ഒരുപാട് കേട്ടിട്ടുള്ള വ്യക്തിയാണ്. ഒപ്പം, അദ്ദേഹത്തിന്റെ ദേഷ്യത്തെ കുറിച്ചും, പിടിവാശികളെ കുറിച്ചുമൊക്കെ പല കാലങ്ങളിലും പല ഗോസിപ്പുകളും മലയാളി പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിൽ ഏറ്റവും രസകരമായ കാര്യം എന്നത്, താനൊരു ദേഷ്യക്കാരാണെന്ന് തുറന്നു പറയാനും, ആ സ്വഭാവത്തെ സ്വയം വിമർശിക്കാനും മമ്മൂട്ടി എന്നും തയ്യാറായിട്ടുണ്ട് എന്നതാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് മമ്മൂട്ടി സംസാരിച്ചിരുന്നു.
അടുത്ത സുഹൃത്തും, നടനും, എഴുത്തുകാരനുമായ വി.കെ. ശ്രീരാമനുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഒരു വടക്കൻ വീരഗാഥ താരം തന്റെ സ്വഭാവത്തെ കുറിച്ച് സത്യസന്ധമായ ഒരു തുറന്നു പറച്ചിൽ നടത്തിയത്. താൻ വലിയ ദേഷ്യക്കാരനാണെന്ന് സമ്മതിച്ച മമ്മൂട്ടി, ചില സമയത്ത് തന്റെ സ്വഭാവം തനിക്ക് പോലും ഇഷ്ടമല്ല എന്നും വെളിപ്പെടുത്തിയിരുന്നു. ഒപ്പം, അത് സിനിമാക്കാരൻ ആയതു കൊണ്ട് വന്ന സ്വഭാവമല്ല എന്നും അദ്ദേഹം പറഞ്ഞു.

"പെട്ടെന്ന് ദേഷ്യം വരുന്നതും, വികാരഭരിതനാവുന്നതും ഒക്കെ കണ്ടിട്ടുണ്ട്... സ്വന്തം സ്വഭാവത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ?" എന്ന് സുഹൃത്തും അവതാരകനുമായ വി.കെ. ശ്രീരാമൻ ചോദിച്ചപ്പോൾ ഒരു ചിരിയോടെയാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. "സ്വഭാവത്തെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... എന്റെ സ്വഭാവം അത്ര നല്ല സ്വഭാവമല്ല. എന്റെ സ്വഭാവം എനിക്ക് തന്നെ പലപ്പോഴും ഇഷ്ടപ്പെടാറില്ല," ഭ്രമയുഗം താരം തുറന്നു പറഞ്ഞു.
"പിന്നെ, എല്ലാവർക്കും ഒരു ബേസിക് സ്വഭാവമുണ്ട്. ശ്രീരാമന് ശ്രീരാമന്റേതായ ഒരു സ്വഭാവമുണ്ട്. എനിക്ക് എന്റെയൊരു സ്വഭാവമുണ്ട്. പക്ഷെ ആ ബേസിക് സ്വഭാവം, ആ ഒരു പ്രകൃതം, ആ കാരക്ടർ - അതായത്, നമ്മുടെ ആ സ്ഥായിയായ ഭാവങ്ങൾ, സ്ഥായിയായ സ്വഭാവ വിശേഷങ്ങൾ, ഇതൊന്നും മാറ്റാൻ പറ്റില്ല. നമ്മൾ എത്രയൊക്കെ സ്വയം മാറിയാലും ശെരി, നമ്മൾ എത്രയൊക്കെ സംസ്കാരത്തോടെ ജീവിച്ചാലും അതൊന്നും മാറ്റാൻ ആവില്ല," മമ്മൂട്ടി അഭിപ്രായപ്പെട്ടു.

"നമുക്ക് മാറ്റാവുന്നത് എന്താണെന്ന് വച്ചാൽ, നമുക്ക് നഖം കടിക്കുന്ന ശീലം മാറ്റാം... ഈ മൂക്കിൽ തൊടുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് മാറ്റാം... അത് പോലത്തെ ചെറിയ ചെറിയ സംഭവങ്ങൾ മാറ്റം. അല്ലാതെ സ്വഭാവ സവിശേഷതകലോക്കെ മാറ്റാൻ വലിയ പാടാണ്. പക്ഷെ മദ്യപാനം, പുകവലി പോലത്തെ ദുശീലങ്ങൾ എല്ലാം മാറ്റാം," മെഗാസ്റ്റാർ പറഞ്ഞു. വ്യക്തി ജീവിതത്തിലേക്ക് വന്നാൽ, അത്തരത്തിൽ തനിക്ക് ഏറെ ഇഷ്ടമായിരുന്ന പുകവലി, കുടുംബത്തിനും മക്കൾക്കും വേണ്ടി നിർത്തിയ വ്യക്തിയാണ് പാട്രിയറ്റ് താരം. എന്നാൽ ഇപ്പോഴും, പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന, വാശി പിടിക്കാറുള്ള വ്യക്തി തന്നെയാണ് താനെന്നും അദ്ദേഹം പറയാറുണ്ട്.
പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന സ്വഭാവം ഒരു നടനെന്ന നിലയ്ക്ക് ഗുണം ചെയ്തിട്ടുണ്ടോ എന്ന് ശ്രീരാമൻ ചോദിച്ചപ്പോൾ, "ഗുണം ചെയ്തിട്ടുണ്ടാകാം," എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. "ആർട്ടിസ്റ്റുകൾ പൊതുവെ എല്ലാ വികാരങ്ങളും പെട്ടെന്ന് വരുന്ന ആളുകളാണല്ലോ... സെൻസിറ്റീവ് സ്വഭാവം വളരെ കൂടുതൽ ആയിരിക്കും," ലെജൻഡറി താരം കൂട്ടി ചേർത്തു. എന്തായാലും, സ്വന്തം മുൻകോപത്തെ ന്യായീകരിക്കാതെ, അതെ കുറിച്ച് തുറന്നു പറയാൻ അദ്ദേഹം കാണിച്ച സന്നദ്ധത പ്രശംസ അർഹിക്കുന്നുണ്ടെന്ന് സംശയമില്ലാതെ പറയാം.


Click it and Unblock the Notifications