മോഹൻലാലിനൊപ്പം തമാശ കവിതകൾ എഴുതാറുണ്ട്, സിനിമയേക്കുറിച്ചു സംസാരമില്ല: മമ്മൂട്ടി സൗഹൃദത്തെ കുറിച്ച്
ഇന്ത്യൻ സിനിമ രംഗത്തെ അപൂർവ്വ താര സൗഹൃദങ്ങളിൽ ഒന്നാണ് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ബന്ധം. കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി വെള്ളിത്തിരയിൽ ഏറ്റവും വലിയ മത്സരങ്ങൾ നടക്കുന്നത് ഇരുവരും തമ്മിലാണെങ്കിലും, വ്യക്തി ജീവിതത്തിൽ ഉറ്റ സുഹൃത്തുക്കളാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ. മുൻപ് പല അഭിമുഖങ്ങളിലും ഈ അപൂർവ്വ സൗഹൃദത്തെ കുറിച്ച് സംസാരിച്ചിട്ടുള്ള മമ്മൂട്ടിയും മോഹൻലാലും, ആരാധകർ തമ്മിലുള്ള പ്രശ്ങ്ങളൊന്നും തങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വളരെ വർഷങ്ങൾക്ക് മുൻപ്, മനോരമ ന്യൂസ് ചാനലിന് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസിനോട് സംസാരിച്ച മമ്മൂട്ടി, മോഹൻലാലുമായുള്ള തന്റെ ഗാഢ സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. സിനിമയിൽ സ്ഥായിയായ സൗഹൃദമോ ശത്രുതയോ ഇല്ല എന്ന് വെളിപ്പെടുത്തിയ മെഗാസ്റ്റാർ, തനിക്കുള്ള സൗഹൃദങ്ങൾ എല്ലാം സിനിമയ്ക്ക് അപ്പുറത്തേയ്ക്ക് നീളുന്നവയാണെന്നാണ് വെളിപ്പെടുത്തിയത്. മോഹൻലാലും താനും തമ്മിൽ ഉള്ള മത്സരം സിനിമകൾക്ക് ഉള്ളിൽ മാത്രമാണെന്നും, അത് ജീവിതത്തിലേക്ക് നീളാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേം നസീറിന് പരിഹാസം, പ്രതിയെ തല്ലിയൊതുക്കിയ മോഹൻലാൽ: വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നുവെന്ന് താരം
"സിനിമയിലെ സൗഹൃദങ്ങൾക്ക് ഭയങ്കരമായ ഒരു തമാശയുണ്ട്. സിനിമയിലെ സൗഹൃദം എന്ന് പറയുന്നത്, ഒരു പ്രൊഡക്ഷൻ - ഇപ്പോൾ ഞാൻ ജോഷിയുടെ സിനിമ അഭിനയിക്കുകയാണെങ്കിൽ, അതിന്റെ ഒരു ടീം ഉണ്ട്, ഈ സിനിമയുടെ വിജയമാണ് നമ്മുടെ ലക്‌ഷ്യം. അപ്പോൾ നമ്മൾ സുഹൃത്തുക്കളാണ്. ഈ സിനിമ കഴിഞ്ഞാൽ ജോഷിയുടെ അടുത്ത പടത്തിൽ ഞാൻ ആയിരിക്കില്ല നായകൻ, വേറെ ആരെങ്കിലും ആവും. അപ്പോൾ നമ്മൾ ശത്രുക്കളാണ്. സിനിമയിൽ അത്രയൊക്കെയേ ഉള്ളു," മമ്മൂട്ടി വിശദീകരിച്ചു.
"ശാശ്വതമായ ഒരു ശത്രുതയോ, സൗഹൃദമോ, സിനിമ എന്ന വ്യവസായത്തിന് അകത്ത് ഇല്ല. ഞാനും മോഹൻലാലും തമ്മിൽ ഉണ്ടെന്ന് പറയപ്പെടുന്ന മത്സരം പോലും ഇതിൽ നിന്ന് മാത്രം ഉണ്ടായതാണ്. പക്ഷെ ലാലുമായി എനിക്കുള്ള വ്യക്തി ബന്ധത്തിന് സിനിമയുമായി യാതൊരു കണക്ഷനും ഇല്ല. ഞങ്ങൾ ഒന്നിച്ച് വന്ന ആളുകളല്ലേ?," ഒരു ചിരിയോടെ മമ്മൂട്ടി ചോദിച്ചു. "സിനിമയിൽ മത്സരം ഉണ്ടെന്ന് വച്ച് മോഹൻലാലിന് അപകടം പറ്റണം എന്നൊക്കെ ഞാൻ പ്രാർത്ഥിക്കുമോ? എനിക്ക് അങ്ങനെയൊന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല," അദ്ദേഹം കൂട്ടി ചേർത്തു.

മോഹൻലാലും താനും ഒന്നിച്ച് ഇരിക്കുമ്പോൾ സിനിമയെ കുറിച്ച് സംസാരിക്കാറേയില്ല എന്നും, മറ്റൊരു വിനോദമാണ് തങ്ങൾക്ക് ഉള്ളതെന്നും മമ്മൂട്ടി വെളിപ്പെടുത്തി. തമാശ കവിതകൾ എഴുതുക എന്നതാണത്. "അന്ന് ഒന്നിച്ചു കൂടിയാൽ തമാശ കവിതകൾ എഴുതുക, പരസ്പരം കൈമാറുക, എന്നതായിരുന്നു എന്റെയും മോഹൻലാലിന്റേയും വിനോദം. ഇന്നും അമ്മ സംഘടന മീറ്റിങ്ങുകൾക്ക് പോയാൽ ഞങ്ങൾ കവിത എഴുതി കളിക്കാറുണ്ട്," മമ്മൂട്ടി വെളിപ്പെടുത്തി.
"ഒരുപാട് കവിതകൾ എഴുതിയത്, വാത്സല്യത്തിന്റെ ഷൂട്ട് നടക്കുമ്പോൾ, അടുത്ത് ലാലിൻറെ ദേവാസുരത്തിന്റെ ഷൂട്ട് നടക്കുകയാണ്. രണ്ടു സിനിമകളിലും അംഗമാണ് കൊച്ചിൻ ഹനീഫ. അവിടെ ഇരുന്ന് ലാൽ തമാശ കവിതകൾ എഴുതി കൊടുത്തയക്കും. ഇവിടെ ഇരുന്ന് ഞാൻ അതിന് മറുപടി എഴുതി തിരിച്ചു കൊടുക്കും. അത് അങ്ങനെ പ്രചരിക്കും, സെറ്റിലുള്ള എല്ലാവരും വായിക്കും," മെഗാസ്റ്റാർ ഓർത്തെടുത്തു.
"ഞങ്ങളൊക്കെ സിനിമയിൽ വന്നത് ഒന്നിച്ചാണല്ലോ. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞാനുണ്ട്, ലാലുണ്ട്, നെടുമുടി വേണു, ശ്രീനിവാസൻ, രതീഷ്, രവീന്ദ്രൻ, പിന്നെ പ്രിയദർശൻ, തമ്പി കണ്ണന്താനം, കമൽ തുടങ്ങിയ സംവിധായകർ, അങ്ങനെ കുറെ പേരുണ്ട്. ഷൂട്ടിങ്ങിന് മദ്രാസിലെത്തിയാൽ എല്ലാവരും ഒന്നിച്ചാണ്. വുഡ്ലാൻഡ്സ് ഹോട്ടലിലെ എന്റെ മുറിയിൽ സ്ഥിരമായി ഉറങ്ങുന്നവരായിരുന്നു പ്രിയദർശനും, ശ്രീനിവാസനും ഒക്കെ. ഞാനും നെടുമുടി വേണുവും ഒന്നിച്ചാണ് താമസം, എല്ലാരും വന്നതാവട്ടെ, പല പടങ്ങൾ ചെയ്യാനും. ആ സൗഹൃദങ്ങൾ ഒന്നും ഒരിക്കലും മുറിഞ്ഞു പോയില്ല എന്നതാണ് സത്യം," മമ്മൂട്ടി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











