സുരേഷ് ഗോപി കാരണമാണ് എന്റെ മകൻ ഇന്നും ജീവിച്ചിരിക്കുന്നത്, ഒരിക്കലും മറക്കാൻ കഴിയില്ല; മണിയൻപിള്ള രാജു പറഞ്ഞത്
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ഇടക്കാലത്ത് സിനിമകളിൽ നിന്നും മാറി നിന്ന സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. സുരേഷ് ഗോപിയുടെ അവസാനമിറങ്ങിയ ഗരുഡൻ അടക്കമുള്ള സിനിമകൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സിനിമയ്ക്കപ്പുറം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ നടന്റെ നല്ല മനസ്സിനെ പറ്റി പലരും സംസാരിക്കാറുണ്ട്. സിനിമയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമെല്ലാം പലരും സുരേഷ് ഗോപി ചെയ്ത സഹായങ്ങൾ കുറിച്ച് സംസാരിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി ചെയ്ത സഹായത്തെ കുറിച്ച് നടൻ മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

ഗുജറാത്തില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന് കൊവിഡ് പിടിപെട്ട കാലത്ത് സുരേഷ് ഗോപിയില്‍ നിന്നു ലഭിച്ച സഹായത്തെക്കുറിച്ച് മണിയൻപിള്ള രാജു സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഒരല്‍പ്പം കൂടി വൈകിയിരുന്നുവെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടുമായിരുന്നില്ലെന്നും സുരേഷ് ഗോപി അന്ന് ചെയ്ത ആ സഹായം തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
'കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന്‍ സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായി വന്നു. രോഗം കൂടിയതോടെ അവന്റെ ശ്വാസകോശം ചുരുങ്ങി പോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍ നിന്ന് എനിക്ക് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്തായിരുന്നു മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി,'
'സത്യത്തിൽ എന്ത് ചെയ്യണം എന്നറിയാത്ത ഒരു മാനസികാവസ്ഥയായിരുന്നു ഞാൻ. നിസ്സഹായാവസ്ഥകൊണ്ട് ഞാൻ നിലവിളക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ മനസിലേക്ക് സുരേഷ് ഗോപിയെ ഓർമ്മ വന്നത്. ഒട്ടും താമസിക്കാതെ ഞാൻ സുരേഷ് ഗോപിയെ വിളിച്ചു. ഞാൻ കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നിൽ നിന്നും വിശദാംശങ്ങള്‍ എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു,' മണിയൻപിള്ള രാജു പറയുന്നു.

'ഗുജറാത്തിലുള്ള എം.പിയെ സുരേഷ് ഗോപി നേരിട്ട് ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി. ഏകദേശം അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് എന്റെ മകനെയും കൊണ്ട് അവർ രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു,'
'ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻമാരെയും കണ്ടു, അതിനും മുകളിൽ ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും," മണിയൻപിള്ള രാജു പറഞ്ഞു.


Click it and Unblock the Notifications