മീനാക്ഷിക്കൊപ്പം നൃത്ത പഠനം, ഗുരുവായൂരിൽ വീണ്ടും അരങ്ങേറ്റം: മഞ്ജുവിന്റെ രണ്ടാമൂഴം തുടങ്ങിയത് ഇങ്ങനെ
മലയാള സിനിമയുടെ പ്രിയ താരം മഞ്ജു വാര്യരുടെ ജീവിതം, ഇന്ന് ഒരുപാട് പേർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ്. ദിലീപുമായുള്ള വിവാഹ ശേഷം ഏറ്റവും വിജയകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന കരിയറിന് പൂർണ്ണ വിരാമമിട്ട്, വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു മഞ്ജു. പിന്നീട്, വല്ലപ്പോഴും ഏതെങ്കിലും സിനിമ ചടങ്ങുകളിലോ വിവാഹങ്ങളിലോ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ ഭാര്യ സിനിമയിൽ അഭിനയിക്കരുത് എന്ന മുൻ ഭർത്താവ് ദിലീപിന്റെ കടുംപിടിത്തത്തിന് മുന്നിൽ വഴങ്ങുകയായിരുന്നു പ്രശസ്ത നടി.
എന്നാൽ, 2012 ഒക്ടോബറിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വച്ച് വീണ്ടും ഒരു അരങ്ങേറ്റം നടത്തി മഞ്ജു വാര്യർ കലാരംഗത്തേക്ക് തിരികെയെത്തി. തന്റെ മകൾ മീനാക്ഷിയ്ക്ക് താൻ അഭിനയിക്കുമെന്നോ നൃത്തം ചെയ്യുമെന്നോ അറിയില്ലായിരുന്നു എന്ന് പണ്ടൊരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞിരുന്നു. ആ കുറവ് നികത്താനും, മീനൂട്ടിക്ക് പ്രചോദനം നൽകാനുമായി, തന്റെ മകൾ നൃത്തം പഠിച്ചു തുടങ്ങിയപ്പോൾ ഒപ്പം മഞ്ജുവും കുച്ചിപ്പുടി പഠനം തുടങ്ങി. അങ്ങനെയാണ് അന്ന് ആ രണ്ടാം അരങ്ങേറ്റം നടന്നത്.

മലയാളി പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട താരം കലാരംഗത്തേക്ക് മടങ്ങിയെത്തണമെന്ന് എത്രത്തോളം ആഗ്രഹിച്ചുവെന്നതിന്, അന്ന് മഞ്ജു വാര്യരുടെ നൃത്ത പരിപാടിക്ക് ലഭിച്ച സ്വീകാര്യത തന്നെയായിരുന്നു തെളിവ്. പ്രതീക്ഷിച്ചതു പോലെ തന്നെ, മഞ്ജുവിന്റെ ഈ നീക്കത്തോട് മുൻ ഭർത്താവ് ദിലീപിന് വിയോജിപ്പായിരുന്നു. അത് കൊണ്ട് തന്നെ, ഗുരുവായൂരമ്പലത്തിൽ വച്ച് നടന്ന നൃത്ത പരിപാടി കാണാൻ അദ്ദേഹം എത്തിയതുമില്ല. പിന്നീട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ, താൻ ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന മറുപടിയാണ് പ്രശസ്ത താരം നൽകിയത്.
എന്നാൽ അപ്പോഴും, മഞ്ജു ഇനി അഭിനയിക്കില്ലെന്നും, നൃത്ത രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ദിലീപ് പലയിടത്തായി ആവർത്തിച്ചു കൊണ്ടിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടിയും മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. താൻ ഡാൻസ് കരിയർ സീരിയസായി എടുക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ സിനിമയിലേക്ക് ഇനിയൊരു മടക്കമില്ല എന്നായിരുന്നു മഞ്ജുവിന്റെ വിശദീകരണം. പക്ഷെ ഇതോടെ, മുൻ താര ദമ്പതികളുടെ ബന്ധത്തിൽ വിള്ളലുകൾ വീണു കഴിഞ്ഞുവെന്ന നിഗമനത്തിൽ മാധ്യമങ്ങളും പ്രേക്ഷകരും എത്തി.

സല്ലാപത്തിലെ രാധ മനസ്സിനെ സ്വാധീനിച്ചു: ട്രെയിനിന് മുന്നിൽ ചാടാനൊരുങ്ങിയ മഞ്ജുവിന് രക്ഷയായത് ഈ താരം
അധികം വൈകാതെ, വാർത്തകൾ ശരിവച്ചു കൊണ്ട് ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. നടന് കാവ്യ മാധവനുമായി ഉണ്ടായിരുന്ന ബന്ധവും, മഞ്ജു കരിയറിൽ സജീവമാകാൻ എടുത്ത തീരുമാനവുമാണ് ദാമ്പത്യ തകർച്ചയിലേക്ക് നയിച്ചതെന്ന് അന്ന് സംസാരമുണ്ടായിരുന്നു. മകൾ മീനാക്ഷി അമ്മയ്‌ക്കൊപ്പം പോവാതെ, അച്ഛനൊപ്പം തന്നെ കഴിയാനാണ് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹുമാനിച്ച മഞ്ജു, മകളുടെ കസ്റ്റഡി ദിലീപിന് വിട്ട് നൽകി. റിപോർട്ടുകൾ അനുസരിച്ച് ജീവനാംശമായി മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത 80 കോടിയിൽ പരം രൂപയുടെ സ്വത്തുക്കൾ സ്വീകരിക്കാതെ, ഒന്നും എടുക്കാതെയാണ് മഞ്ജു പടിയിറങ്ങിയത്.
2014ൽ വിവാഹമോചനം നേടിയ മഞ്ജു, തൊട്ട് പിന്നാലെ തന്നെ സിനിമയിലേക്കുള്ള തിരിച്ചു വരവ് നടത്തി. ഹൌ ഓൾഡ് ആർ യു എന്ന താരത്തിന്റെ ചിത്രം, പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഒരുപാട് നല്ല ചിത്രങ്ങളുടെയും, ചില പരാജയങ്ങളുടെയും ഭാഗമായി, സജീവമായി തന്നെ സിനിമയിൽ മുന്നോട്ട് പോവുകയാണ് നടി ഇന്ന്. മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും വേരുറപ്പിച്ച താരം, ഇന്ന് രജിനികാന്ത്, അജിത് കുമാർ, വിജയ് സേതുപതി, ധനുഷ്, തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിന് പുറമെ, ഇന്ന് ബൈക്ക് റൈഡുകളും പ്രശസ്ത താരത്തിന് പ്രിയമാണ്.


Click it and Unblock the Notifications











