വിവാഹത്തിന് തൊട്ടുമുന്‍പും പിന്മാറുന്നതിനെക്കുറിച്ച് ചോദിച്ചു; ഭര്‍ത്താവിനെക്കുറിച്ച് മീന പറഞ്ഞ വാക്കുകള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നടിയാണ് മീന സാഗര്‍. ഒടുവില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡി വരെ ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് സിനിമകളും കഥാപാത്രങ്ങളും മീന സമ്മാനിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും നായികയായി അഭിനയിച്ച ഏക നായികയാണ് മീന. തന്റെ ജീവിതത്തില്‍ വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് മീന ഇപ്പോള്‍ കടന്നു പോകുന്നത്.
ഈയ്യടുത്തായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിച്ചത്. താരത്തിന്റെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിനും ആരാധകര്‍ക്കും വലിയ വേദനയായി മാറിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇതിനിടെ ഇപ്പോഴിതാ വിദ്യാസാഗറുമായുള്ള വിവാഹത്തെക്കുറിച്ചുള്ള മീനയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പണം തരും പടത്തില്‍ അതിഥിയായെത്തിയപ്പോള്‍ മീന പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

തനിക്ക് ആരാധകരില്‍ നിന്നും കത്തുകള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും തന്റെ സൗന്ദര്യത്തെക്കുറിച്ച് അവര്‍ പറയാറുണ്ടായിരുന്നുവെന്നും മീന പറയുന്നു. പിന്നാലെ തങ്ങളുടെ വിവാഹത്തെക്കുറിച്ച് ജഗദീഷിനോട് മനസ് തുറക്കുകയായിരുന്നു മീന. തങ്ങളുടേത് അറേഞ്ച്ഡ് കം ലവ് മാര്യേജ് ആയിരുന്നുവെന്നാണ് മീന പറയുന്നത്. പൊതു സുഹൃത്തുക്കള്‍ വഴിയായിരുന്നു വിദ്യ സാഗറും താനും പരിചയപ്പെട്ടതെന്നാണ് മീന പറയുന്നത്.
വിദ്യ സാഗര്‍ ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലായിരുന്നു ആദ്യം. പിന്നീട് ചെന്നൈയിലേക്ക് മാറുകയായിരുന്നു. സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടു. എന്നാല്‍ അന്നൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് മീന പറയുന്നത്. നല്ല പയ്യനാണല്ലോ എന്നായിരുന്നു വിദ്യ സാഗറിനെക്കുറിച്ച് എല്ലാവരും പറഞ്ഞിരുന്നതെന്ന് മീന ഓര്‍ക്കുന്നുണ്ട്.

അടുത്ത സുഹൃത്തുക്കളായിരുന്നു മീനയും വിദ്യ സാഗറും. വിദ്യ സാഗറാണ് തന്നോട് വിവാഹത്തെക്കുറിച്ച് ആദ്യം ചോദിച്ചതെന്നും മീന പറയുന്നുണ്ട്. അങ്ങനെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ജൂലൈ 12 നായിരുന്നു താരത്തിന്റെ വിവാഹം. രാവിലെ 6 മണിക്കായിരുന്നു മുഹൂര്‍ത്തം. അവസാനത്തെ അവസരമാണ്, വേണമെങ്കില്‍ പിന്‍മാറാമെന്ന് മുഹൂര്‍ത്തത്തിന് മുന്‍പ് താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വേഗം പോയി റെഡിയായി വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മീന ഓര്‍ക്കുന്നു.
താന്‍ സിനിമാനടിയാണെങ്കിലും ഭര്‍ത്താവിന് ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ ചമ്മലാണെന്നും ഫോട്ടോയെടുക്കാനൊന്നും വരികയേയില്ലെന്നും മീന പറയുന്നുണ്ട്. മീനയുടെ പാതയിലൂടെ മകളും സിനിമയിലെത്തിയിരുന്നു. വിജയ് ചിത്രമായ തെറിയിലൂടെയായിരുന്നു മീനയുടെ മകളുടെ സിനിമാ അരങ്ങേറ്റം. മകളുടെ അരങ്ങേറ്റത്തിന് പിന്നിലെ കഥയും മീന പങ്കുവെക്കുന്നുണ്ട്.

''എനിക്ക് വേണ്ടിയാണ് അവര്‍ വന്നതെന്നായിരുന്നു ഞാന്‍ കരുതിയത്. നല്ലൊരു ഫാദര്‍-ഡോട്ടര്‍ സിനിമയാണെന്നൊക്കെ പറഞ്ഞിരുന്നു. ഇതിലെനിക്കെന്താണ് റോള്‍ എന്നായിരുന്നു ഞാന്‍ ആലോചിച്ചത്. അപ്പോഴാണ് അവര്‍ ഡാഡി വിജയ് യാണെന്നും മകളായി നിങ്ങളുടെ മകളെ അഭിനയിപ്പിക്കണമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാനും മകളുടെ കാര്യം ഓര്‍ത്തത്. അവള്‍ അഭിനയിക്കാന്‍ റെഡിയായിരുന്നു. ആ സിനിമ വന്‍വിജയമായി മാറുകയുമായിരുന്നു'' എന്നാണ് മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് മീന പറഞ്ഞത്.
നേരത്തെ ഭര്‍ത്താവിന്റെ മരണ ശേഷം മീന സിനിമാ സെറ്റിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Recommended Video

എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും വ്യക്തമാവുന്നത്. നടി ഷൂട്ടിങ്ങിനെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ മേയ് മാസത്തില്‍ നടന്ന ചിത്രീകരണത്തില്‍ നിന്നുള്ളതാണ്. ജൂണ്‍ പതിമൂന്നിന് നടിയിത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ വിയോഗ ശേഷമുള്ള ഫോട്ടോസെന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെട്ടത്.
ബ്രോ ഡാഡിയാണ് മീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജ് ആയിരുന്നു. തമിഴില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയായിരുന്നു മീനയുടെ ഒടുവിലിറങ്ങിയ സിനിമ.


Click it and Unblock the Notifications