എന്നെ കുറച്ചു പേരെങ്കിലും അനുകരിക്കാതിരിക്കില്ല; അതിനാൽ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നി; മമ്മൂട്ടി
മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി.
സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. തുടക്കകാലത്ത് മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ചെല്ലാം നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ കഥകളെല്ലാം തെറ്റിധാരണകളിൽ നിന്ന് ഉടലെടുത്തതാണെന്ന് പിന്നീട് തെളിഞ്ഞു. ഇന്ന് അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ ഇമേജാണ് മമ്മൂട്ടിക്ക് ഉള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനാണ് മമ്മൂട്ടി.

ഇപ്പോഴിത മെഗാസ്റ്റാറിന്റെ പഴയ ഒരു അഭിമുഖത്തിൽ നിന്നുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിച്ച തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ശീലത്തെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം നടൻ സിദ്ദിഖ് ആണ് ഇതിന്റെ വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്.
പുകവലി ശീലത്തെയും പിന്നെ അത് മാറ്റിയതിനെ കുറിച്ചുമാണ് മമ്മൂട്ടി സംസാരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ, താങ്കൾ നിഷ്കരുണം തള്ളിക്കളഞ്ഞ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി പുകവലിയുടെ കാര്യം പറഞ്ഞത്.
'എനിക്കിഷ്ടപ്പെട്ട ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം എന്റെ പുകവലി തള്ളിക്കളഞ്ഞതാണ്. എനിക്ക് ഇഷ്ടമായിരുന്നു പുകവലി. പത്ത് പതിനഞ്ച് വർഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ്, പക്ഷേ പുകവലിക്കുന്നത് നല്ലതല്ല. എനിക്ക് മാത്രമല്ല ആർക്കും, ശാരീരികമായി. നമ്മുടെ ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ടല്ലോ. ആഹാരപദാർത്ഥങ്ങളും വായുവും മതിയല്ലോ',

'ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടല്ല പുകവലി മാറ്റിയത്. അത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനികരം അല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നെ ഒരുപക്ഷെ വളരെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല. അപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കുന്നുണ്ട്. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി,' എന്നാണ് മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നത്.
നിരവധിപേരാണ് സിദ്ദിഖ് പങ്കുവച്ച വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 'സിനിമയിൽ മാത്രമല്ല ജീവിതത്തിലും അനുകരണീയമായ വ്യക്തിത്വം, മമ്മൂക്ക ഒരിക്കലും സ്വയം പൊക്കി പറയില്ല ഉള്ളത് ഉള്ളത് പോലെ തന്നെ നല്ലതായാലും മോശമായാലും ആരുടെ മുന്നിലും തുറന്നു പറയും, ഓരോ ദിവസം കടന്നു പോകുമ്പോഴും ഈ വ്യക്തിത്വത്തിന് മാറ്റ് കൂടികൊണ്ടേയിരിക്കും, ഈ മനുഷ്യനെ ഞാൻ കുഞ്ഞുന്നാൾ മുതലേ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ഇതൊക്കെ തന്നെ ആണ്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ജ്യോതിക നായികയായ കാതൽ ദി കോർ, ബസൂക്ക, ഭ്രമയുഗം എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഉള്ള ചിത്രങ്ങൾ.


Click it and Unblock the Notifications