വയ്യാവേലിക്ക് പോണ്ട ഗുസ്തിക്കാരനാ! പെണ്‍കുട്ടികളുടെ പേരില്‍ അടിയായി മോഹന്‍ലാലും എംജി ശ്രീകുമാറും
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും എംജി ശ്രീകുമാറും. എംജി പാടിയ പാട്ടിന് മോഹന്‍ലാല്‍ അഭിനയിക്കുക എന്നാല്‍ അതിലും മികച്ചൊരു കോമ്പോയില്ല. എംജി പാടുന്ന എത്ര പ്രയാസമുള്ള പാട്ടിനും മോഹന്‍ലാല്‍ അനായാസം ചുണ്ടനക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പാടുന്നതും അഭിനയിക്കുന്നതും വേറെ വേറെ ആളുകളാണെന്ന കാര്യം കണ്ടിരിക്കുന്നവര്‍ മറന്നു പോകും.
സിനിമയിലെത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പുള്ളതാണ് എംജിയുടേയും മോഹന്‍ലാലിന്റേയും സൗഹൃദം. കോളേജ് കാലത്തു തുടങ്ങിയതാണ് ആ ചങ്ങാത്തം. ഒരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ എംജി ശ്രീകുമാര്‍ മനസ് തുറന്നിരുന്നു. ആ വാക്കുകള്‍ ഇങ്ങനെയാണ്.

''ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച രസകരമാണ്. ലാലുവിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് ഒരു വഴക്കിലൂടെയാണ്. ഞാന്‍ ആര്‍ട്‌സ് കോളേജിലും ലാലു എംജി കോളേജിലുമായിരുന്നു. സ്‌കൂളിലും വേറെ വേറെ ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. തിരുവനന്തപുരത്ത് റോസ് ഡേ എന്നൊരു പരിപാടിയുണ്ട്. അന്നത്തെ ദിവസം പെണ്‍കുട്ടികളെ വായ് നോക്കി നില്‍ക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി. അന്നത്തെ പ്രായമതല്ലേ'' എംജി പറയുന്നു. .
അങ്ങനെ ഞങ്ങളുടെ കോളേജിലും പിള്ളേരും ലാലുവിന്റെ കോളേജിലെ പിള്ളേരും തമ്മില്‍ ചെറിയ മത്സരമായി. ഒരു അടിയുടെ വക്ക് വരെ എത്തി. അപ്പോഴാണ് ലാലുവിനെ പരിചയപ്പെടുന്നത്, പരിചയപ്പെടുകയല്ല കാണുകയും സംസാരിക്കുകയും ചെയ്യുന്നത്. ആരോ അപ്പോള്‍ എന്നോട് വന്ന് പറഞ്ഞു, വെറുതെ വഴക്കിനും വയ്യാവേലിയ്ക്കും പോകണ്ട അദ്ദേഹം ഗുസ്തിക്കാരനാണെന്ന്. ഞാന്‍ അന്ന് കൊഞ്ചു പോലൊരു പയ്യനാണ്. ആ ബന്ധം പക്ഷെ പിന്നീട് സുഹൃത്തിലും വലിയ ബന്ധമായി മാറിയെന്ന് പറഞ്ഞാല്‍ അന്ന് ആരും വിശ്വസിക്കില്ലെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
ഞാന്‍ കൂടുതലും പാടിക്കൊണ്ടിരുന്നത് ശങ്കറിന് വേണ്ടിയായിരുന്നു. ലാലുവിന് വേണ്ടി ആദ്യമായി പാടുന്നത് ചിത്രമാണ്. ദൂരെക്കിഴക്കുദിച്ചേ എന്ന പാട്ടാണ് പാടിയത്. എന്റെ ജീവിതത്തിലെ വഴിത്തിരിവാണത്. ആ അമാനുഷന്റെ ഗായകനായി മുദ്രകുത്തപ്പെട്ട അസുലഭ നിമിഷമായിരുന്നു അത്. അതിന് ശേഷം ഞാന്‍ ഒരുപാട് സിനിമകളിലേക്ക് ലാലുവിന് വേണ്ടി പാടാന്‍ ഓഫര്‍ വന്നു. ലാലു അഭിനയിക്കുന്നതും ഞാന്‍ പാടുന്നതും വളരെ നാച്ച്വറലാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് എംജി പറയുന്നത്.

അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഗുണം കൊണ്ടാണ് എനിക്ക് ആ ഭാഗ്യമുണ്ടായത്. ആദ്യമൊക്കെ ഞാന്‍ സാധാരണ പാടുന്നത് പോലെ തന്നെയായിരുന്നു ഞാന്‍ പാടിയിരുന്നത്. പക്ഷെ അതിന് ശേഷം ഓരോ പാട്ട് പാടുമ്പോഴും ലാലുവിനെ ഞാന്‍ മനസില്‍ ആലോചിക്കും. ഇങ്ങനെ പാടിയാല്‍ ലാലു ഇങ്ങനൊരു നമ്പര്‍ ഇടുമല്ലോ എന്ന്. അങ്ങനെ ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമായി. ഞാന്‍ അദ്ദേഹത്തിന്റെ അഭിനയത്തെ ക്ലോസായി നോക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സത്യത്തില്‍ അദ്ദേഹമാണ് എന്നെ രക്ഷിച്ചത്. അത്രയും അഭിനയ സിദ്ധിയുണ്ട്. അഭിനയിക്കാന്‍ പോയി പഠിച്ചിട്ടൊന്നുമില്ല. ജന്മനാ അങ്ങനെയാണ്. എന്തു കൊടുത്താലും ഈസിയായി ചെയ്യും. പോയിരുന്ന് പഠിച്ച് വന്ന് ചെയ്യുന്നതല്ല, പക്ഷെ അത് ആ സമയത്ത് താനെ വരുമെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് എംജി പറയുന്നത്.


Click it and Unblock the Notifications











