ആളൊരു കുസൃതി കുടുക്ക, ആ സിനിമയിൽ കാണിച്ചതൊക്കെ ജീവിതത്തിലും കാണിക്കുന്നതാണ്; മോഹൻലാലിനെ കുറിച്ച് അമ്മ!
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് പിറന്നാളാണ് ഇന്ന്. അറുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് താരം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാളികളെ എല്ലാം വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിനയ കുലപതിയാണ് അദ്ദേഹം. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് മോഹൻലാൽ എന്ന് നടന്. ആ ഇതിഹാസ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള ആരാധകരും. സോഷ്യൽ മീഡിയയിലൊക്കെ ആശംസ കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ നിറയുകയാണ്.
1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായിട്ടായിരുന്നു മോഹൻലാലിന്റെ ജനനം. സ്‌കൂൾ കാലം മുതൽ നാടകങ്ങളിലൂടെ അഭിനയത്തെ കൂടെ കൂട്ടിയ മോഹൻലാൽ തന്റെ കോളേജ് കാലഘട്ടത്തിലാണ് സിനിമയുമായി പ്രണയത്തിലാകുന്നത്. അമ്മയുടെ പുന്നാര മകനായിരുന്നു മോഹൻലാൽ. അഭിമുഖങ്ങളിലൊക്കെ പലപ്പോഴും അമ്മയെ കുറിച്ച് മോഹൻലാൽ വാചാലനായിട്ടുണ്ട്.

അമ്മ ശാന്തകുമാരിയും മകനെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ കുറിച്ചുള്ള അമ്മയുടെ വാക്കുകളും വൈറലായി മാറുകയാണ്. പഠിത്തിലൊക്കെ ഒരു ആവറേജ് വിദ്യാർത്ഥി ആയിരുന്നു ലാലേട്ടൻ എന്നാണ് അമ്മയുടെ അഭിപ്രായം. ഒരു കുസൃതി കുടുക്ക ആയിരുന്നു തന്റെ മകനെന്നും അമ്മ പറയുന്നുണ്ട്. വിശദമായി വായിക്കാം.
ഒരു കുസൃതിക്കുടുക്ക ആയിരുന്നു എന്റെ മോൻ. മോൻ അഭിനയിച്ച എല്ലാ സിനിമകളും പാടിയ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമായിരുന്നു. ഡിഗ്രി പഠനത്തിന് ശേഷം അഭിനയത്തിലേക്ക് പോയാൽ മതി എന്നായിരുന്നു അച്ഛന്റെ അഭിപ്രായം അങ്ങനെ ഡിഗ്രി കൊമേഴ്‌സ് കംപ്ലീറ്റ് ചെയ്ത ശേഷമാണു മോൻ സിനിമയിലേക്ക് പോകുന്നത്. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു മോൻ എന്നും മോഹൻലാലിന്റെ അമ്മ പറയുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്യുമ്പോൾ സിനിമ ഞാൻ ആശുപത്രിയിലായിരുന്നു. വന്നപ്പോൾ ദേഹത്തു പാടുകൾ കണ്ടപ്പോൾ ഒരുപാട് വിഷമം വന്നു. അവൻ വില്ലൻ അല്ല, ആ പയ്യനെ പിടിച്ചു വില്ലനാക്കിയപ്പോൾ സങ്കടം തോന്നി. എന്നാൽ അതൊക്കെ സിനിമക്ക് വേണ്ടി ചെയ്തത് ആണ്. കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കാൻ വളരെ ഇഷ്ടമായിരുന്നു അവനെന്നും അമ്മ പറയുന്നത്. മുൻപ് കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
താളവട്ടം സിനിമയിൽ കിടന്നു ചാടുന്ന ഗോഷ്ടികൾ ഒക്കെ അവൻ യഥാർത്ഥ ജീവിതത്തിലും കാണിക്കുന്നതാണ്. സിനിമക്ക് വേണ്ടി ഒന്നും അവൻ പ്രത്യേകിച്ചും സൃഷ്ടിച്ചിട്ടില്ല. അവൻ വീട്ടിലും ഇങ്ങനെ ചരിഞ്ഞു നടക്കുന്ന ആളാണ്. ഇപ്പോൾ അതൊന്നും ഇല്ല. വീട്ടിൽ വന്നാൽ ഇപ്പോൾ ഭയങ്കര ശാന്തനാണ്. എല്ലാ കാര്യത്തിലും ആത്മാർത്ഥതയുള്ള ആളാണ്. എത്ര വയ്യെങ്കിലും അവൻ എല്ലാ കാര്യങ്ങളും ചെയ്യും. മോൻ ഡോക്ടറാവണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അവന് ഇതായിരുന്നു ഇഷ്ടമെന്നും അമ്മ പറഞ്ഞിരുന്നു.

പ്രത്യേകിച്ച് ഒന്നിനോടും അങ്ങനെ ഒരു ഭ്രമം ഉള്ള ആളായിരുന്നില്ല. പക്ഷെ ആഭരണങ്ങളോടും നല്ല വസ്ത്രങ്ങളോടും ഭ്രമം ഉണ്ടായിരുന്നു. മോതിരങ്ങളോടായിരുന്നു അവനു കൂടുതൽ ഇഷ്ടം. പഴയ വസ്തുക്കളോട് ഒക്കെ ഇഷ്ടമാണ്. അങ്ങനെ ഒരുപാട് വാങ്ങി വച്ചിട്ടുണ്ട്. ശുഭാപ്‌തി വിശ്വാസമുള്ള ആളാണ്. എന്നോടും അങ്ങനെ ചിന്തിക്കാനാണ് പറയുക. സിനിമയ്ക്ക് വേണ്ടി അവൻ ഒരുപാട് കഷ്ടപെടാറുണ്ട്. വാനപ്രസ്ഥത്തിന് വേണ്ടി അവൻ കഷ്ടപെട്ടത് ഞാൻ കണ്ടതാണെന്നും അമ്മ പറഞ്ഞു.
സിനിമകളുടെ തിരക്കിലും കുടുംബത്തിനായി സമയം മാറ്റിവയ്ക്കുന്ന ആളാണ് മോഹൻലാൽ. അമ്മ സുഖമില്ലാതെ ആശുപത്രിയിലായ സമയത്ത് സെറ്റിൽ നിന്ന് ആശുപത്രിയിലേക്ക് ഓടി കൊണ്ടിരുന്ന മോഹൻലാലിനെ കുറിച്ച് നടൻ ബാല അടക്കമുള്ള സഹതാരങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. അതേസമയം, ഏയ്ഞ്ചൽസ് ഹട്ട് എന്ന ഷെൽറ്റർ ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു മോഹൻലാലിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications