ഇച്ചാക്കയുടെ അടുത്ത് ഞാൻ എപ്പോഴും അങ്ങനെയാണ്; കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്: മോഹൻലാൽ
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്നവർ. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മറ്റെവിടെയും കാണാത്തത് പോലെ പരസ്‌പരം വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് ഇരുവരും. സഹോദര തുല്യനല്ല സഹോദരൻ തന്നെയാണ് തനിക്ക് ഇച്ചാക്ക (മമ്മൂട്ടി) യെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്.
ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർ അതെല്ലാം ആഘോഷിച്ചിട്ടേ ഉള്ളു. അത്തരത്തിൽ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോഷി സംവിധാനം ചെയ്ത No.20 മദ്രാസ് മെയിൽ. മോഹൻലാലിന്റെ എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നായ സിനിമയിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഈ സിനിമയിലെ മോഹൻലാൽ മമ്മൂട്ടി-കോംബോ സീനുകൾ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഒരിക്കൽ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം മോഹൻലാൽ പങ്കുവയ്ക്കുകയുണ്ടായി. ആ സിനിമയിൽ തനിക്ക് ഇളകി അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം മമ്മൂട്ടിയുമായുള്ള അടുപ്പം കൊണ്ട് മാത്രമാണെന്നാണ് മോഹൻലാൽ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ 72-ാം പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ ആ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്. രണ്ടു വർഷം മുൻപ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മാതൃഭൂമിക്ക് നൽകിയ പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
'ഞങ്ങൾ തമ്മിലുള്ള സ്നേഹവും പരിചയവും കൊണ്ട് തന്നെയാണ് ആ സിൻ അത്തരത്തിൽ ചെയ്യാനായത്. അല്ലാതെ അങ്ങനെയൊരു സീൻ ചെയ്യാൻ കഴിയില്ല. വേറൊരു ആക്ടർ അത് ചെയ്താൽ വേറൊരു തരത്തിലായി മാറും, എല്ലാ സീനുകളും അങ്ങനെയാണ്. പക്ഷെ ഞാൻ അല്ലെങ്കിലും മമ്മൂട്ടിക്കയുടെ അടുത്ത് ഇങ്ങനെയൊക്കെ കാണിക്കാറുണ്ട്', ചിരിയോടെ മോഹൻലാൽ പറഞ്ഞു.
അദ്ദേഹത്തെ പോയി കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അത് തന്നെയാണ് ഞാൻ ആ സിനിമയിൽ ചെയ്തിരിക്കുന്നത്. നല്ല തമാശയല്ലേ. നമ്മൾ ചെയ്യുന്ന കാര്യം തന്നെയാണ് റീക്രീയേറ്റ് ചെയ്തിരിക്കുന്നത്. അത് വേറൊരു സ്പേസിലാണ്, സ്റ്റാർട്ട് ക്യാമറ ആക്ഷൻ എന്നുള്ള ശബ്ദങ്ങളൊക്കെയുണ്ട്. പിന്നെ ഒരു കഥാപാത്രവുമാണെന്ന് മോഹൻലാൽ പറയുന്നു.
'നമ്മൾ വളരെ ഓപ്പണാണ്. ആ സ്നേഹവും സ്വതന്ത്രവുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പോയി കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും പറ്റുന്നത്. നമ്മുടെ കൂടെ പലപ്പോഴും അഭിനയിക്കുന്ന സമയത്ത് പലർക്കും എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ പരിഭ്രമിക്കാറുണ്ട്. 'അയ്യോ ഏട്ടാ' എന്നൊക്കെ പറയും. ഒരു വലിയ ആക്ടറിന്റെ കൂടെ അഭിനയിക്കുമ്പോൾ മറ്റൊരാൾക്ക് തോന്നാവുന്ന കാര്യങ്ങളാണിത്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടായിട്ടില്ല', മോഹൻലാൽ പറഞ്ഞു.

മമ്മൂട്ടിക്കയുടെ കൂടെയൊക്കെ അങ്ങനെയുള്ള സിനിമ ചെയ്തുവന്നതുകൊണ്ടാകാം, അമിതാഭ് ബച്ചന്റെ കൂടെയും ശിവാജി സാറിന്റെ കൂടെയും നാഗേഷ് ശിവറാം സാറിന്റെ കൂടെയുമൊക്കെ അഭിനയിച്ചപ്പോൾ എനിക്കൊരു കംഫേർട്ട് സോണിലേക്ക് പോകാൻ സാധിച്ചത്. മമ്മൂട്ടിക്കയുടെ കൂടെ അഭിനയിച്ച ഇത്തരത്തിലുള്ള സിനിമകളിലൂടെയുള്ള സഞ്ചാരം കാരണമാകാം അതെന്നും മോഹൻലാൽ പറഞ്ഞു.
അതേസമയം പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിക്കാതെ മമ്മൂട്ടിക്ക് ആശംസയുമായി മോഹൻലാൽ എത്തിയിരുന്നു. തന്റെ പുതിയ വീട്ടിൽ എത്തിയപ്പോൾ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ അറിയിച്ചത്. മലയാളത്തിലെ യുവതാരങ്ങളടക്കം മമ്മൂട്ടിക്ക് ആശംസകളുമായി എത്തി.


Click it and Unblock the Notifications