For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു; അത് ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു: മോഹൻലാൽ

  |

  മലയാളികൾ ഒരിക്കലും മറക്കാത്ത നടനാണ് ജയൻ. ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഒരുകാലത്ത് ത്രസിപ്പിച്ചിരുന്ന നടൻ. ആക്ഷന്‍ എന്നാല്‍ ജയന്‍ ആയിരുന്നു മലയാളികള്‍ക്ക്. മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന വിശേഷണം പോലും നടന് സ്വന്തമാണ്. അതുവരെ മലയാള സിനിമ കണ്ട നായക സങ്കല്‍പ്പത്തിന് തീര്‍ത്തും വിഭിന്നനായിരുന്നു നടൻ.

  കരിയറിൽ തന്റെ സുവർണ കാലഘട്ടത്തിൽ നിൽക്കെയാണ് ജയന്റെ അപ്രതീക്ഷിത വിയോഗം. 1980 ല്‍ ഇതുപോലൊരു നവംബര്‍ മാസത്തില്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് ജയന്‍ മരണപ്പെടുകയായിരുന്നു. ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ മരണം ജയനെ തട്ടിയെടുക്കുകയായിരുന്നു.

  Also Read: വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  വർഷം ഇത്രയേറെ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ മായാത്ത മുഖമായി ജയനുണ്ട്. 90 കളിലും 2000 ത്തിലും ജനിച്ച കുട്ടികൾക്ക് വരെ ജയൻ സുപരിചിതനാണ്. മലയാളികളുടെ മനസ്സിൽ ജയൻ എന്ന നടന്റെ ഓർമകൾ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്നതിന്റെ സൂചനയാണ് അത്.

  ഇപ്പോഴിതാ, ജയനെ കുറിച്ച് മോഹൻലാൽ പങ്കുവച്ച ഓർമ്മകൾ ശ്രദ്ധനേടുകയാണ്. ഭാനുപ്രകാശ് തയ്യാറാക്കിയ ഗുരുമുഖങ്ങൾ എന്ന പുസ്തകത്തിലാണ് മോഹൻലാൽ ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിട്ടുള്ളത്. മാതൃഭുമി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ജയനൊപ്പം സഞ്ചാരി എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഓർമകളും അനുഭവങ്ങളുമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.

  'പുതുമുഖമെന്ന നിലയില്‍ വലിയ ഭാഗ്യങ്ങള്‍ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു മഞ്ഞില്‍വിരിഞ്ഞ പൂക്കളിനു ശേഷം ഞാനഭിനയിച്ച സഞ്ചാരി എന്ന ചിത്രം. ജയനും പ്രേംനസീറുമായിരുന്നു അതിലെ നായകന്മാർ. തിക്കുറിശ്ശി, കെ പി ഉമ്മര്‍, എസ് പി പിള്ള, ആലുംമൂടന്‍, ഗോവിന്ദന്‍കുട്ടി, ജി കെ പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തിൽ അണിനിരന്നു. പ്രധാന വില്ലന്‍ വേഷം എനിക്കായിരുന്നു.

  ഉദയാ സ്റ്റുഡിയോയിലെ സഞ്ചാരിയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിൽ അല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു.

  സഞ്ചാരി'യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. 'സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.' ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു.

  സഞ്ചാരി'യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാന്‍ ഓര്‍ക്കുന്നു. നസീര്‍ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞു, 'പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും.' പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു തന്നു ആ വാക്കുകള്‍. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ ജയന്‍ പറഞ്ഞു, 'മോനേ... കാണാം.' അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം.

  Also Read: വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞില്ലെന്ന് റഹ്മാന്‍; രോഹിണിയും ശോഭനയും റഹ്മാന്റെ കാമുകിമാരായിരുന്നോ? മറുപടിയിങ്ങനെ

  സഞ്ചാരിയുടെ സെറ്റില്‍നിന്നും ജയന്‍ തിരിച്ചത് അറിയപ്പെടാത്ത രഹസ്യത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്കായിരുന്നു. അവിടുന്ന് കോളിളക്കത്തിന്റെ സെറ്റിലേക്കും. സഞ്ചാരി കഴിഞ്ഞ് ഞാന്‍ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിച്ചുവെന്ന വാര്‍ത്തയറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ തകര്‍ന്നുപോയ നിമിഷം.

  ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയന്‍ അവര്‍ക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങള്‍. ജയന്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് ഞാന്‍ ബാലന്‍ കെ. നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും കണ്ടു. ആ ദുര്‍വിധിയുടെ തീരാവ്യഥകള്‍ ജയന്റെ അമ്മയിലും പ്രതിഫലിച്ചിരുന്നു,' മോഹൻലാൽ ഓർത്തു.

  Read more about: mohanlal
  English summary
  When Mohanlal Recalled His Memories With Late Actor Jayan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X