'മമ്മൂട്ടിയുടെ ഡയലോഗ് കേട്ട് ഷൂട്ടിന് വന്ന ജനങ്ങൾ കരഞ്ഞു; എന്റെ സിനിമാ ജീവിതത്തിൽ അങ്ങനെയൊന്ന് കണ്ടിട്ടില്ല!'
കഥപറയുമ്പോൾ എന്ന സിനിമയുടെ ക്ളൈമാക്സ് രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടി ആയിരുന്ന മുകേഷ്
വളരെ ചെറിയ സിനിമയായി വന്ന് വമ്പൻ ഹിറ്റായി മാറിയ നിരവധി സിനിമകൾ മലയാളത്തിലുണ്ട്. അതിലൊന്നാണ് ശ്രീനിവാസൻ, മീന, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കഥ പറയുമ്പോൾ.
ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് എം മോഹനൻ ആയിരുന്നു. ശ്രീനിവാസനും മുകേഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ബാർബറായ ബാലനും ഫിലിം സ്റ്റാറായ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററിൽ വമ്പൻ വിജയമായി എന്ന് മാത്രമല്ല ഗംഭീര പ്രേക്ഷക, നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഹിറ്റായതിന് പിന്നാലെ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും രജനീകാന്തിനെ നായകനാക്കി പി. വാസുവാണ് ചിത്രം റിമേക്ക് ചെയ്തത്.

ഹിന്ദിയിൽ ഷാരൂഖ് ഖാനെ നായകനാക്കി പ്രിയദർശനാണ് ചിത്രം ഒരുക്കിയത്. ഹിന്ദിയിലും ചിത്രം വിജയമായി മാറിയിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് താൻ കഥപറയുമ്പോൾ നിർമ്മിക്കാമെന്ന തീരുമാനമെടുത്തതെന്ന് മുകേഷ് മുൻപ് പറഞ്ഞിട്ടുണ്ട്. നിർമ്മാതാക്കൾ എന്ന നിലയിൽ മുകേഷിനും ശ്രീനിവാസനും ചിത്രം വലിയ ലാഭമാണ് നൽകിയത്.
പ്രധാന വേഷങ്ങളിൽ ഒന്നാണെങ്കിലും ഒരു അതിഥി വേഷം പോലെയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. സൂപ്പർ സ്റ്റാർ അശോക് രാജ് എന്ന നടനായിട്ടായിരുന്നു താരം അഭിനയിച്ചത്.
സിനിമയിലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒന്നായിരുന്നു ക്ളൈമാക്സിലെ മമ്മൂട്ടിയുടെ പ്രസംഗം. ബാലനുമായി അശോക് രാജിനുണ്ടായിരുന്ന സൗഹൃദത്തിന്റെ കഥ പറയുന്ന പ്രസംഗം ഇന്നും സിനിമ കാണുന്ന പ്രേക്ഷകരുടെ കണ്ണു നനയിക്കാൻ പോന്നതാണ്.
ഇപ്പോഴിതാ, ഈ രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ മുകേഷ്.
ഈ രംഗത്തിന്റെ ഷൂട്ടിനായി ഒരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നുവെന്നും എന്നാൽ സംവിധായകന് അവർക്ക് ഒരു നിർദേശം പോലും നൽകേണ്ടി വന്നിരുന്നില്ലെന്നുമാണ് മുകേഷ് പറയുന്നത്.
സാധാരണ ഗതിയിൽ സംവിധായകന് അലറേണ്ടി വരാറുണ്ടെന്നും എന്നാൽ മമ്മൂട്ടിയുടെ ഡയലോഗ് കേട്ട് ജനങ്ങളുടെ കണ്ണ് നിറഞ്ഞുവെന്നും മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്.
'കഥയുടെ അവസാന ഭാഗത്ത് മമ്മുക്ക വന്ന് ഒരു പ്രസംഗം നടത്തുന്നുണ്ട്. പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും സൂപ്പർ സ്റ്റാറിനെ കാണാൻ വരുന്ന കുറെ നാട്ടുകാരും വന്ന് നിൽക്കുന്നുണ്ട്,'
അവർക്ക് ഈ കഥ എന്താണെന്ന് അറിയില്ല, ബാർബർ ബാലനെ അറിയില്ല, അദ്ദേഹത്തിന്റെ ഫ്രണ്ടാണ് ഈ സൂപ്പർ സ്റ്റാറെന്നും അറിയില്ല, വേറെ ഒന്നും അറിയില്ല,
'സാധാരണ ഗതിയിൽ ഇത്തരം രംഗങ്ങൾ എടുക്കുമ്പോൾ സംവിധായകന് അലറേണ്ടി വരും. സങ്കടപ്പെട്ട് കണ്ണ് നിറഞ്ഞിരിക്കട്ടെ, നിങ്ങൾ ചിരിച്ച് കൊണ്ട് സംസാരിക്കാതിരിക്കൂ, എന്നൊക്കെ നിർദേശം നൽകേണ്ടി വരാറുള്ള സംവിധായകൻ മിണ്ടാതിരിക്കുകയാണ്,
'കട്ട് ചെയ്തെടുക്കുന്ന ഈ രംഗത്തിലെ മമ്മൂക്കയുടെ ഈ ഡയലോഗ് ഡെലിവെറിയും ഇമോഷനും കണ്ടിട്ട് ആളുകൾ തനിയെ കരഞ്ഞു കൊണ്ടിരിക്കുകയാണ്,'
അങ്ങനെ ഒരു സീൻ എന്റെ ജീവിതത്തിലോ സിനിമയിലോ നാടകത്തിലോ ഇതിന് 'മുൻപോ പിൻമ്പോ കണ്ടിട്ടില്ല,'എന്നായിരുന്നു മുകേഷ് പറഞ്ഞത്.

അതേസമയം. ചിത്രത്തിൽ അഭിനയിച്ചതിന് മമ്മൂട്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് മുകേഷ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പണം വാങ്ങാൻ നിർബന്ധിച്ചപ്പോൾ ഈ സിനിമയ്ക്ക് പണം വാങ്ങില്ലെന്ന് ഭാര്യ സുൽഫത്തിന് താൻ വാക്ക് നൽകി എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും മുകേഷ് പറഞ്ഞിരുന്നു.
സിനിമയിൽ അശോക് രാജ് എന്ന കഥാപാത്രമാണെങ്കിലും അവിടെ ആളുകൾ കാണുക മമ്മൂട്ടിയെ ആണെന്നും കോടി കണക്കിന് രൂപ മുടക്കി ഒരു സിനിമ എടുത്താലും ഒരുപക്ഷെ ഇത്രയും ഗംഭീരമാവില്ല.
അതുകൊണ്ട് മുകേഷിന്റെ അടുത്തെന്ന് പൈസ വാങ്ങരുത് എന്നാണ് സുൽഫത്ത് പറഞ്ഞതെന്നാണ് മമ്മൂട്ടി പറഞ്ഞത്. അവൾക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞതായി മുകേഷ് പറഞ്ഞിരുന്നു.


Click it and Unblock the Notifications