പറശ്ശിനിക്കടവ് മുത്തപ്പനോട് കുണ്ടറ ജോണി രഹസ്യമായി പറഞ്ഞ ആഗ്രഹം, മുത്തപ്പൻ അനുഗ്രഹിച്ചു; മുകേഷ് പറഞ്ഞത്
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ കുണ്ടറ ജോണി വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പ്രിയനടന്റെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. സോഷ്യൽ മീഡിയയിലൂടെ അനുശോചനമറിയിച്ച് എത്തുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. ജോണിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെച്ചും എത്തുകയാണ് താരങ്ങൾ.
സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ സാധുവായിരുന്നു കുണ്ടറ ജോണി എന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന ജോണിയുടെ പഴയ അഭിമുഖങ്ങളും, ജോണിയെ കുറിച്ച് സഹപ്രവർത്തകർ സംസാരിക്കുന്ന വീഡിയോകളുമൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അക്കൂട്ടത്തിൽ നടൻ മുകേഷിന്റെ ഒരു വീഡിയോയും ശ്രദ്ധനേടുകയാണ്. സൂപ്പർ സ്റ്റാറാകാൻ ആഗ്രഹിക്കുന്ന താരങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയിലാണ് കുണ്ടറ ജോണിയെ കുറിച്ചും അദ്ദേഹവുമായുള്ള പഴയ ഒരു ഓർമ്മയും മുകേഷ് പങ്കുവെച്ചത്. കണ്ണൂരിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് കുണ്ടറ ജോണി അടക്കമുള്ള താരങ്ങൾക്കൊപ്പം പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്ത് അനുഗ്രഹം വാങ്ങാൻ പോയതും അവിടെ വെച്ച് ജോണി പറഞ്ഞ ആഗ്രഹത്തെകുറിച്ചുമാണ് മുകേഷ് പറയുന്നത്.
'ഒരു ദിവസം ഷൂട്ടിങ് സെറ്റില്‍ കണ്ണൂരിലുള്ള എന്റെ ഒരു പരിചയക്കാരന്‍ വന്നു. അദ്ദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗമാണ്. ഞങ്ങളെ എല്ലാവരെയും അദ്ദേഹം ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. സമയം പോലെ വരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പോയി. രണ്ടു വണ്ടി നിറയെ ആളുകളുണ്ട്. അന്ന് അവിടെ മുത്തപ്പന്‍ വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാന്‍ പറ്റും, അനുഗ്രഹത്തിനായി എല്ലാവരും വരിയായി നിന്നു. ഭീമന്‍ രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്',
'ഏറ്റവും മുന്നിലായി നില്‍ക്കുന്നത് ഞാനാണ്. എന്റെ പിന്നിലാണ് കുണ്ടറ ജോണിയുള്ളത്. എങ്ങാനും മുത്തപ്പന്‍ ഒരാള്‍ക്ക് മാത്രമേ അനുഗ്രഹം കൊടുക്കുമെങ്കിലോ എന്ന് കരുതി ജോണി പതിയെ എന്നെ തട്ടി മാറ്റി മുന്നില്‍ വന്നു നിന്നു. വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പന്‍ വന്നു. നന്നേ പൊക്കം കുറഞ്ഞ ആളാണ് മുത്തപ്പന്‍ വെള്ളാട്ട് കെട്ടിയിരുന്നത്. അദ്ദേഹം പീഠത്തില്‍ ഇരുന്നു, നമ്മള്‍ ഓരോരുത്തരായി പോയി ഇനി അനുഗ്രഹം വാങ്ങണം. ആദ്യം കുണ്ടറ ജോണി പോയി',
'അനുഗ്രഹം മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ജോണി കരുതിയത്, എന്നാൽ 'എന്താ മോന്റെ ആഗ്രഹം' എന്ന് മുത്തപ്പന്‍ ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചിരുന്നില്ല. ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാന്‍ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. 'സൂപ്പര്‍ സ്റ്റാറാകണം' എന്നാണ് പറഞ്ഞത്. എനിക്ക് കേള്‍ക്കാമായിരുന്നു. പക്ഷെ മുത്തപ്പന് അത് വ്യക്തമായില്ല. 'എന്താ മോനെ, കേട്ടില്ല' എന്ന് മുത്തപ്പന്‍ പറഞ്ഞു',

'അതോടെ ജോണി എന്താണ് പറഞ്ഞത് എന്ന് കേള്‍ക്കാന്‍ എല്ലാവര്‍ക്കും ആവേശമായി. പക്ഷേ, ഇനി സൂപ്പര്‍സ്റ്റാര്‍ എന്ന ആഗ്രഹം ഉറക്കെ പറയാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ജോണി മാറ്റി പറഞ്ഞു, 'നല്ല ആരോഗ്യം വേണം'. മുത്തപ്പന്‍ ജോണിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ജോണി മാറി നിന്നു, അടുത്തത് എന്റെ ഊഴമായിരുന്നു. ഞാന്‍ മുത്തപ്പനോട് പറഞ്ഞു, 'എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം' എന്ന്',
'അത് കേട്ട് ജോണി ശ്ശെ ഇത് പറഞ്ഞാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ നിന്നു. മനസ്സില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്കറിയാല്ലോ, സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്റെയും. എനിക്ക് ശേഷം വന്ന എല്ലാവരും അത് തന്നെ പറഞ്ഞു, മനസ്സിലെ ആഗ്രഹം നടക്കണമെന്ന്. ഉദ്ദിഷ്ടകാര്യം നടക്കട്ടെ എന്ന് മുത്തപ്പന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു', മുകേഷ് പറഞ്ഞു.
മലയാളത്തിലെ പ്രിയതാരങ്ങളെല്ലാം കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുന്നുണ്ട്. 72 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമയിൽ അത്ര സജീവമല്ലാത്ത നടൻ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മേപ്പടിയാൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications