എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? എന്റെ ഭാവി! പൊട്ടിക്കരഞ്ഞുകൊണ്ട് മമ്മൂക്ക ചോദിച്ചു; മുകേഷ് പറയുന്നു
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടൻ മുകേഷ്. ഒരുകാലത്ത് നായക നടനായുൾപ്പടെ സിനിമയിൽ തിളങ്ങി നിന്ന അദ്ദേഹം ഇന്നും സിനിമകളിൽ സജീവമാണ്. അഭിനയത്തിലെന്നത് പോലെ കഥകൾ പറയുന്ന കാര്യത്തിലും മുകേഷ് ബഹുകേമനാണ്. മുകേഷ് കഥകൾക്ക് ഒരുപാട് ആരാധകരുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ മുകേഷ് പങ്കുവയ്ക്കുന്ന കഥകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് മുൻപ് സ്റ്റേജ് ഷോകളിലും മറ്റും അവസരം കിട്ടുമ്പോഴെല്ലാം സിനിമാലോകത്തെ രസകരമായ കഥകൾ മുകേഷ് പങ്കുവയ്ക്കാറുണ്ടായിരുന്നു.
അത്തരത്തിൽ കൈരളിയുടെ ഒരു വേദിയിൽ വെച്ച് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ഒരു കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 90 കളിൽ ഒരു സിനിമയുടെ ഷൂട്ടിങ് ഇടവേളയിൽ സംഭവിച്ച അപകടത്തെ കുറിച്ചാണ് മുകേഷിന്റെ വാക്കുകൾ. വണ്ടിയിൽ നിന്ന് വീണ് ഞെറ്റി മുറിഞ്ഞ മമ്മൂട്ടി റോഡിൽ വച്ച് പൊട്ടിക്കരഞ്ഞതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്.

"സെറ്റിൽ വച്ച് ബൈക്കെടുത്ത് ഓടിക്കുന്ന ശീലം മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ ബൈക്ക് എടുക്കാൻ നേരം മമ്മൂക്കയ്ക്ക് ഇതൊക്കെ ഓടിക്കാൻ അറിയാമോ എന്ന് ഞാൻ ചോദിച്ചു. മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു, 'അത് അറിയാവുന്നത് കൊണ്ടാണ് മേള എന്ന സിനിമയിൽ അഭിനയിക്കാൻ കെ ജി ജോർജ് എന്നെ വിളിച്ചത്'. ധൈര്യമായിട്ട് കേറിക്കൊള്ളു എന്ന്.
അങ്ങനെ ഞങ്ങൾ ഒരു ദിവസം റൗണ്ട് അടിച്ചു, രണ്ടാമത്തെ ദിവസം റൗണ്ട് അടിച്ചു. മൂന്നാമത്തെ ദിവസം ഒരു വളവ് തിരിഞ്ഞപ്പോൾ റോഡിലെ ചളിയിൽ സ്കിഡ് ചെയ്തു, ഒരു സൈക്കിളുകാരനുമായി കൂട്ടിയിടിച്ച് റോഡിൽ കമഴ്ന്നടിച്ചു വീണു. ഞാൻ ചാടി എണീറ്റു. ഇദ്ദേഹത്തിന്റെ ഞെറ്റി ചെറുതായിട്ട് ഒന്ന് മുറിഞ്ഞു. ചെറിയൊരു മുറിവായിരുന്നു പക്ഷേ ചോര വന്നു. ബൈക്കിന്റെ കണ്ണാടി നോക്കി കൊച്ചു കുട്ടികളെ പോലെ അദ്ദേഹം അവിടെ നിന്നു പൊട്ടിക്കരഞ്ഞു," മുകേഷ് ഓർത്തു.
വേദിയിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഇടയ്ക്ക് കയറി ചെറുതായല്ല, ഒരു വശം മുഴുവൻ പൊട്ടിയെന്ന് തിരുത്തുന്നുണ്ട്. എന്നാൽ ചെറുതായി മാത്രമെ മുറിഞ്ഞുള്ളൂ എന്നായിരുന്നു മുകേഷിന്റെ വാദം. കണ്ണാടി നോക്കിയിട്ട് നിർത്താതെ കരഞ്ഞു കൊണ്ട് മമ്മൂക്ക, 'എടാ എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോ? എന്നെ സിനിമയിൽ എടുക്കുമോടാ എന്റെ മുഖം പോയെടാ' എന്നൊക്കെ ചോദിച്ചുവെന്നും മുകേഷ് പറയുന്നു.

താൻ എങ്ങനെയൊക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും മലയാളത്തിന്റെ പൗരുഷം നിന്ന് പൊട്ടി പൊട്ടി കരയുകയായിരുന്നു. നൂറു കണക്കിന് സിനിമകളിൽ അതിശക്തന്മാരായ നായകന്മാരെ അവതരിപ്പിച്ച അദ്ദേഹം ഇന്നും സിനിമകളിൽ മാസ്സ് ഡയലോഗുകൾ പറയുമ്പോൾ തനിക്ക് അന്ന് പുത്തൂരിൽ നടന്ന സംഭവത്തിൽ കരഞ്ഞ മമ്മൂക്കയെയാണ് ഓർമ്മ വരുകയെന്ന് പറഞ്ഞാണ് മുകേഷ് അവസാനിപ്പിക്കുന്നത്.
ദുൽഖർ സൽമാനും മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും സദസിൽ ഇരിക്കെയാണ് സദസിനെ മൊത്തം പൊട്ടിചിരിപ്പിച്ച് മുകേഷ് ഈ കഥ പറഞ്ഞത്. നടന്മാരായ മനോജ് കെ ജയൻ, സിദ്ദിഖ് എന്നിവരും ഇവർക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു. നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. ഈ കഥയുടെ പൂർണ രൂപം എവിടെ കിട്ടുമെന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications