രക്താർബുദത്തെ അതിജയിച്ച് 18-ാം വയസ്സിൽ ഉയരങ്ങളിലേക്ക്; കൂട്ടായത് അമ്മയുടെ പ്രാർത്ഥന; സ്റ്റീഫൻ ദേവസിയുടെ ജീവിതം
കീബോര്‍ഡിൽ മാന്ത്രിക സംഗീതം തീർക്കുന്ന കലാകാരനാണ് സ്റ്റീഫൻ ദേവസി. കേരളത്തിലെ സംഗീത സദസുകളിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് അദ്ദേഹം. പങ്കെടുക്കുന്ന വേദികൾ എല്ലാം തന്റേത് കൂടിയാക്കി മാറ്റുന്നതിൽ പ്രത്യേക വൈഭവമുണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഫിനാലെ വേദിയിലും സ്റ്റീഫൻ ദേവസി എത്തിയിരുന്നു. ഈ പരിപാടിയുടെ അവിഭാജ്യ ഘടകമാണ് സ്റ്റീഫനെന്നാണ് അവതാരകനായ മോഹൻലാൽ പറഞ്ഞത്.
കുട്ടിക്കാലം മുതൽ തന്നെ സംഗിതഞ്ജനാവാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് സ്റ്റീഫൻ ദേവസി. പതിനെട്ടാമത്തെ വയസ്സിൽ പ്രശസ്ത സംഗീത സംവിധായകൻ ജോണി സാഗരികയോടൊപ്പം മ്യൂസിക് ആൽബം മേഖലയിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് വിവിധ സ്റ്റേജ് ഷോകളിലൂടെയും ഗാനങ്ങളിലൂടെയും സ്റ്റീഫന്റെ മാന്ത്രികത കേരളം അറിയുകയായിരുന്നു. ഈ വിരലുകളിലെ മാന്ത്രികത എന്നും നിലനിൽക്കട്ടെ എന്നാണ് കഴിഞ്ഞദിവസം ബിഗ് ബോസിൽ വേദിയിൽ വച്ച് മോഹൻലാൽ സ്റ്റീഫനെ ആശംസിച്ചത്.

19-മത്തെ വയസ്സിൽ അന്ന് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന ഗായകൻ ഫ്രാങ്കോയുമായി ചേർന്ന് പോപ്പ് ബാൻഡ് ഉണ്ടാക്കിയതാണ് സ്റ്റീഫന്റെ നേട്ടങ്ങളുടെ തുടക്കം. ഇന്ത്യൻ സംഗീത ചക്രവർത്തി എ ആർ റഹ്മാൻ അടക്കമുള്ള പ്രഗത്ഭരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും കലാകാരന് ലഭിച്ചു. അങ്ങനെ നിരവധി നേട്ടങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ ഈ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. 2002 ൽ അന്നത്തെ മാർപ്പാപ്പ ആയിരുന്ന ജോൺ പോൾ രണ്ടാമന് മുൻപിൽ പരിപാടി അവതരിപ്പിക്കാനും സ്റ്റീഫന് അവസരം ലഭിച്ചിരുന്നു.
സംഗീതത്തിനപ്പുറം ജീവിതത്തിലും എറെ വിസ്മയിപ്പിച്ചിട്ടുണ്ട് സ്റ്റീഫൻ ദേവസി. കീബോർഡ് കൊണ്ട് വേദിയിൽ വൺമാൻഷോ നടത്തുമ്പോഴും ജീവിത്തോട് പടപൊരുതിയ ഓർമകളുണ്ട് അദ്ദേഹത്തിന്. നേരിട്ട ദുഃഖങ്ങളെയെല്ലാം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പക്കലുള്ള ഏക മറുപടി പ്രാർത്ഥന എന്നാണ്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ പനി ബാധിക്കുകയും, വിട്ടു മാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ, രക്താർബുദത്തിന്റെ തുടക്കം ആണെന്ന് കണ്ടെത്തുകയും ചെയ്ത സംഭവം സ്റ്റീഫൻ ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
വീട്ടുകാരൊക്കെ ആകെ തകർന്നുപോയ നിമിഷമായിരുന്നു അതെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ആരംഭത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികിൽസിച്ച് മാറ്റാൻ സാധിച്ചു. ദൈവം തനിക്ക് വേണ്ടി കാത്തുവെച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാകാം അസുഖത്തെ അതിജീവിച്ചത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവർക്കും അവരവരുടേതായ ചിലത് ചെയ്ത് തീർക്കാനുണ്ടെന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.

പ്രീഡിഗ്രി തോറ്റത് വെളിപ്പെടുത്താൻ മടിയില്ലാത്ത സ്റ്റീഫൻ, പഠനമല്ല തന്റെ ജീവിതലക്ഷ്യം എന്ന് മുൻപേ ഉറപ്പിച്ചിരുന്നു എന്നാണ് പറയുന്നത്. പ്രീഡിഗ്രി തോറ്റെങ്കിലും അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത തനിക്കുണ്ടായിട്ടില്ല. ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതിൽ വീട്ടുകാർക്ക് സങ്കടമുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ജീവിതം കൊണ്ട് ആ തോൽവി വിജയമാക്കി എന്നാണ് കരുതന്നതെന്ന് അദ്ദേഹം പറയുന്നു.
വലിയ വിശ്വാസികളാണ് സ്റ്റീഫന്റെ കുടുംബം, തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്കെല്ലാം കാരണം പ്രാർത്ഥന മാത്രമാണ് എന്ന് കരുതുന്നവരാണ് അവർ. സ്റ്റീഫൻ ലോകത്തിന്റെ ഏതുകോണിൽ ആണെങ്കിലും, പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് പ്രാർത്ഥന ആരംഭിക്കുന്ന വ്യക്തിയാണ് അമ്മയെന്ന് അദ്ദേഹത്തിന്റെ പിതാവ് മുൻപ് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











