അവനും ജീവിതം എന്താണെന്ന് അറിയണം! ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് ലഭിച്ചയാളാണ്; മകനെ കുറിച്ച് നവ്യ പറഞ്ഞത്
മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നവ്യ. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരത്തിന് തിരിച്ചുവരവിലും പഴയ സ്നേഹം ആരാധകരിൽ നിന്നും അതുപോലെ തന്നെ ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവ സാന്നിധ്യമാണ് നവ്യ നായർ.
തന്റെ പുതിയ വിശേഷങ്ങളെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വിശേഷങ്ങളുമായി നവ്യ എത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാവ്യയുടെ പഴയൊരു പ്രസംഗമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുൻപൊരിക്കൽ ഗാന്ധി ഭവനിൽ ഒരു പരിപാടിയ്ക്ക് എത്തിയപ്പോൾ നവ്യ സംസാരിച്ച വാക്കുകളാണ് വൈറലാകുന്നത്.

"മാതാ പിതാ ഗുരു ദൈവം എന്ന് ചെറിയ ക്ലാസില്‍ മുതലേ നമ്മള്‍ പഠിക്കുന്നുണ്ട്. അന്ന് മുതൽ ഇന്ന് വരെ എന്റെ അച്ഛനും അമ്മയോളം മറ്റൊന്നും എനിക്ക് വലുതായിട്ടില്ല. അച്ഛനും അമ്മയ്ക്കും മുകളിലായി ഞാൻ ആരെയും കണക്കാക്കിയിട്ടില്ല. അങ്ങനെ അല്ലാതെ ഇവിടെ താമസിക്കുന്ന ഒരുപാട് അച്ഛനമ്മമാർ ഉണ്ട്. താനേറെതല്ലാത്ത കാരണത്താൽ അനാഥരായി പോകേണ്ടി വന്ന കുറെ കുട്ടികളുണ്ട്. ഇവരെയൊക്കെ കാണുമ്പോൾ ഇമോഷണലാവുകയാണ്.
ഇവിടെ വന്നപ്പോൾ ഞാൻ എന്റെ മകനെ കുറിച്ചാണ് ചിന്തിച്ചത്. സായ് കൃഷ്ണ എന്നാണ് പേര്. 11 വയസുണ്ട്. ഇടക്കിടക്ക് ഞാൻ എന്റെ മോനോട് പറഞ്ഞുകൊടുക്കും, ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ പോകണമെന്ന്. എന്നാലാണ് നിനക്ക് എന്തൊക്കെയാണ് ഈശ്വരൻ തന്നിരിക്കുന്നത് എന്ന് അറിയൂ എന്ന്. ഈ ലോകത്ത് ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്ന് അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ കഴിയുക എന്നുള്ളതാണ്. അത് ലഭിച്ച ഒരാളാണ് ഞാൻ, അങ്ങനെ ഒരാളാണ് എന്റെ മകൻ.
പക്ഷെ അവന് കിട്ടിയത് എത്ര വലുതാണെന്ന് മനസിലാകണമെങ്കിൽ മറ്റുള്ളവർക്ക് എന്താണ് കിട്ടാത്തത് എന്ന് കൂടി അവൻ അറിയണം. ഈയിടയ്ക്ക് ബഹ്‌റൈനില്‍ പോയപ്പോള്‍, അവന്‍ രണ്ട് ടി ബിയുടെ മെമ്മറി കാർഡ് നോക്കി. ഒരുലക്ഷത്തോളം രൂപയായിരുന്നു വില. എന്തിനാ മോനെ ഇത് എടുക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എന്റെ ഗെയിമുകളൊക്കെ കളിയ്ക്കാൻ കുറെ സ്‌പെയ്‌സ് വേണം അമ്മേ എന്നാണ് അവൻ പറഞ്ഞത്. അത്രയും സ്‌പെയ്‌സ് എന്റെ കയ്യിൽ ഇരിക്കുന്ന പിഎസ് 5 ന് ഇല്ലെന്നും പറഞ്ഞു.

എനിക്ക് ടെക്നിക്കലി അത്ര വലിയ അറിവൊന്നും ഇല്ല. എന്നിട്ടും ഞാൻ ചോദിച്ചു പഴയത് ഡിലീറ്റ് ചെയ്താൽ പോരെ എന്ന്. അവൻ അത് സമ്മതിച്ചു. അവൻ അങ്ങനെയൊരു ഓപ്‌ഷനെ കുറിച്ച് ചിന്തിക്കാതിരുന്നത് അവന് ഒന്നില്ലെങ്കിൽ മറ്റൊന്ന് വാങ്ങാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് അവനെ ഞാൻ ഇവിടെ കൊണ്ടുവരും. അവനും അറിയട്ടെ ഈ ജീവിതം എന്താണ് എങ്ങനെയാണ് എന്നൊക്കെ," നവ്യ നായർ പറഞ്ഞു.
അതേ സമയം ജാനകി ജാനെയാണ് നവ്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ വർഷം ആദ്യമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇതിനു പുറമെ സ്റ്റാർ സിംഗർ സീസൺ 9, കിടിലം തുടങ്ങിയ പരിപാടികളിൽ വിധികർത്താവായും നവ്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.


Click it and Unblock the Notifications