ലളിതയോട് എനിക്കൊരു കടമുണ്ട്, ഇതുവരെ കൊടുത്തിട്ടില്ല; അത് ഞാൻ ഒരിക്കലും വീട്ടില്ല; ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞത്
പ്രസവിച്ചു കിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും കാണാൻ പോകാൻ വണ്ടിക്കൂലി ഇല്ലാതിർന്നപ്പോൾ കെപിഎസി ലളിത സഹായിച്ചതിനെ കുറിച്ച് ഒടുവിൽ ഉണ്ണികൃഷ്ണൻ പറഞ്ഞത്
മലയാളത്തിലെ അതുല്യ നടന്മാരിൽ ഒരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം ചെയ്ത് വെച്ച നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കോമഡി, സീരിയസ് എന്ന് വേണ്ട എല്ലാത്തരം കഥാപാത്രങ്ങളെയും സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.
സംസ്ഥാന അവാർഡ് ലഭിച്ച നിഴൽകൂത്ത് സിനിമയിലെ കാളിയപ്പൻ, ദേവാസുരത്തിലെ പെരിങ്ങോടൻ, തൂവൽകൊട്ടാരത്തിലെ മാരാർ, രസതന്ത്രത്തിലെ ഗണപതി ചെട്ടിയാർ തുടങ്ങി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടന്റെ കഥാപാത്രങ്ങൾ ഒട്ടേറെയാണ്. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അദ്ദേഹം 2006 ലാണ് മരണപ്പെടുന്നത്.

ഇപ്പോഴിതാ, ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഒരു പഴയ വീഡിയോ ശ്രദ്ധനേടുകയാണ്. അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ എത്തിയപ്പോഴുള്ളതാണ് വീഡിയോ. കെപിഎസി ലളിത, നെടുമുടി വേണു, സത്യൻ അന്തിക്കാട് എന്നിവരും വീഡിയോയിലുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവരെല്ലാം. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്.
വീഡിയോയിൽ കെപിഎസി ലളിതയിൽ നിന്ന് വാങ്ങിയ ഒരു കടത്തെ കുറിച്ച് ഒടുവിൽ സംസാരിക്കുന്നുണ്ട്. കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമായിരുന്നു നടന് ഉണ്ടായിരുന്നത്. ഒരുപാട് സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മകൾ ജനിച്ചപ്പോൾ കുഞ്ഞിനെ കാണാന്‍ നാട്ടിലേയ്ക്ക് പോകാൻ വേണ്ടി ആയിരുന്നു കെപിഎസി ലളിതയുടെ കയ്യില്‍ നിന്ന് ഒടുവിൽ പണം കടം വാങ്ങിയത്. ആ സമയത്ത് നടിയുടെ സാമ്പത്തിക സ്ഥിതിയും അത്രയ്ക്ക് ഭഭ്രമായിരുന്നില്ല. എന്നിട്ടും നടി പണം നൽകുകയും താൻ അതും കൊണ്ട് മകളെ കാണാൻ പോയെന്നുമാണ് താരം പറഞ്ഞത്. ആ കടം ഒരിക്കലും വീട്ടിലെന്നും ഒടുവിൽ പറയുന്നുണ്ട്. അദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

'ലളിതയുടെ കയ്യില്‍ നിന്ന് ഞാൻ 250 രൂപ കടം വാങ്ങിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല. ആ കടം ഞാന്‍ വീട്ടില്ല. അതിന്റെ പലിശ കൂട്ടി നോക്കുകയാണെങ്കില്‍ രണ്ട് മൂന്ന് ലക്ഷം രൂപ ആയിട്ടുണ്ടാവും,' ഒടുവിൽ പറഞ്ഞു. പണം കടം വാങ്ങിയത് എന്തിനാണ് എന്ന് പറഞ്ഞത് കെപിഎസി ലളിതയായിരുന്നു.
'ഉണ്ണി ഏട്ടന്റെ ഭാര്യ മൂത്ത മകളെ പ്രസവിച്ച് കിടക്കുകയാണ് നാട്ടിൽ. മദ്രാസില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ വണ്ടിക്കൂലിയില്ല. കുട്ടിയെ കാണാന്‍ ഒരു നിവൃത്തിയും ഇല്ല. അങ്ങനെ അദ്ദേഹം ഓടി എന്റെ അടുത്ത് വന്നു. എന്നെ ആദ്യം വീട്ടിലേക്ക് വന്നോട്ടെ എന്ന് ചോദിച്ച് വിളിച്ചു. അപ്പോ ഞാന്‍ വന്നോളാന്‍ പറഞ്ഞു,'

'വന്നിട്ട് എന്നോട് പറഞ്ഞു എന്നെ ഒന്ന് സഹായിക്കണം, എന്റെ ഭാര്യ പ്രസവിച്ചു. എനിക്ക് ആ കുഞ്ഞിനെ കാണാന്‍ കൊതിയാകുന്നു. ഒരു 250 രൂപ തന്നാല്‍ ഞാന്‍ പോയൊന്ന് കണ്ടിട്ട് വരാം' എന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് ആകെ വല്ലാതായി,' എന്നാണ് കെപിഎസി ലളിത പറഞ്ഞത്.

എന്നാൽ ലളിത മാര്‍വാഡിയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് വാങ്ങിയിരുന്ന സമയമായിരുന്നു അതെന്ന് ഒടുവിൽ പറയുന്നുണ്ട്. 'ഇതിലെ രസം എന്താണെന്ന് വെച്ചാല്‍ ലളിത മാര്‍വാഡിയുടെ കയ്യില്‍ നിന്നും പലിശയ്ക്ക് കടം വാങ്ങിയിരിക്കുകയാണ്. തൂങ്ങി ചത്തവന്റെ കാലില്‍ തൂങ്ങി ചാവുക എന്ന് പറയില്ലേ. എന്ന് പറഞ്ഞപോലെ ആയിപ്പോയി അത്' ആ പണം ഞാൻ ഒരിക്കലും തിരിച്ച് കൊടുക്കില്ല എന്നും ഒടുവിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷമായിരുന്നു കെപിഎസി ലളിത വിട പറഞ്ഞത്. അതിന് മുന്നത്തെ വർഷമായിരുന്നു നെടുമുടി വേണുവിന്റെ വിയോഗം.


Click it and Unblock the Notifications











