ഇത് നിന്റെ കൺട്രോളിൽ നിൽക്കുന്നതല്ല! സമരസപ്പെട്ട് പോകാൻ പഠിക്കണം; അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് പേളി!
സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് പേളി മാണി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് പേളിക്ക് ഉള്ളത്. കുടുംബത്തിലെ ഒരംഗത്തെ പോലെ പേളിയെ സ്നേഹിക്കുന്നവർ നിരവധിയാണ്. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷും മകൾ നിലയും അച്ഛനും അമ്മയും സഹോദരിയുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
അടുത്തിടെയാണ് താൻ രണ്ടാമതും ഗർഭിണിയാണെന്ന് പേളി ആരാധകരെ അറിയിച്ചത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. എങ്കിലും ജോലിയിൽ നിന്നും ഇടവേളയെടുക്കാൻ പേളി ഒരുക്കമല്ല. പോഡ്കാസ്റ്റ് വീഡിയോകളും മറ്റുമായി കൂടുതൽ സജീവമായി കൊണ്ടിരിക്കുകയാണ് പേളി. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനെല്ലാം താരം സമയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആരാധകർക്കായി നടത്തിയ ക്യൂ ആൻഡ് എയിൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആളുകൾ നിരന്തരം ചോദിക്കുന്നത് സംബന്ധിച്ച് വന്ന ചോദ്യത്തിന് പേളി നൽകിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു.

ആളുകൾ നിരന്തരമായി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നായിരുന്നു ഒരു ആരധകന്റെ ചോദ്യം. ഈ ജീവിതരീതി താൻ തിരഞ്ഞെടുത്തതാണ്. അതുകൊണ്ട് തന്നെ അതിൽ പരാതികളില്ല. ആളുകളുടെ ജിജ്ഞാസ അറിയാവുന്നതിനാൽ അതിനെ താൻ ബഹുമാനിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. അതിനു പിന്നാലെ പേളിയുടെ പഴയൊരു അഭിമുഖം ഇപ്പോൾ ശ്രദ്ധനേടുകയാണ്. സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്റെ അച്ഛൻ മാണി പോൾ നൽകിയ ഉപദേശത്തെ കുറിച്ചാണ് പേളി പറയുന്നത്.
"ഇൻഡസ്ട്രിയിൽ വരുന്ന സമയത്ത് എന്റെ ഡാഡി പറഞ്ഞത് ഇങ്ങനെയാണ്, 'ഇത് നിന്റെ കൺട്രോളിൽ നിൽക്കുന്നൊരു ഇൻഡസ്ട്രില്ല. നീയും ലക്ഷക്കണക്കിന് ആളുകളും നേർക്കുനേർ വരുന്നൊരു ഇടമാണ്. നിന്നെ ഇഷ്ടപ്പെടുന്നവരുണ്ടാകും, വെറുക്കുന്നവരുണ്ടാകും, വിമർശനങ്ങളുണ്ടാകും'. പോപ്പുലാരിറ്റി, ടാലന്റ് എല്ലാം രണ്ടാമത്തെ കാര്യമാണ്. ആളുകളുമായി ഡീൽ ചെയ്യാൻ പഠിക്കുക എന്നതാണ് പ്രധാന കാര്യം.
സമൂഹം പലതരത്തിലും പ്രതികരിക്കും, അതിനോടെല്ലാം സമരസപ്പെട്ടു പോകാൻ പഠിക്കണം. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ വാഹനമോടിക്കുന്നത്. അപകടമുണ്ടാകരുത് എന്നാണ് ആഗ്രഹമെങ്കിൽ പിന്നെ റോഡിലിറങ്ങരുത്. ആൾക്കാരെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാൻ നമുക്ക് സാധിക്കില്ല, അങ്ങനെ നിയന്ത്രിക്കാൻ വേണ്ടി ശ്രമിച്ചാൽ പിന്നെ എനിക്കെന്റെ ജീവിതം മുഴുവനും ഈയൊരു വിഷയത്തിനായി മാത്രം ഉഴിഞ്ഞു വയ്‌ക്കേണ്ടി വരും.

സമൂഹം അങ്ങനെയാണ്, നമ്മൾ സ്ട്രോങ്ങ് ആകുംതോറും ഇതൊന്നും നമുക്ക് വിഷയമാകാതെ വരും. നമ്മൾ ടഫ് ആവുക, കാണ്ടാമൃഗത്തിന്റെ തൊലിയുള്ളവരാവുക എന്നത് തന്നെയാണ് ഏകമാർഗം", പേളി പറഞ്ഞു. ബിഹൈൻഡ്വുഡ്‌സിന് നൽകിയ ഇതേ അഭിമുഖത്തിൽ തന്റെ വൈറലായ തേങ്ങാക്കൊല മാങ്ങാത്തൊലിയെ കുറിച്ചും പേളി സംസാരിച്ചിരുന്നു.
'തേങ്ങാക്കൊല മാങ്ങാത്തൊലി ഞാൻ ആത്മാർത്ഥമായി എഴുതിയ വരികളാണ്. പക്ഷേ ഇപ്പോൾ ശ്രീനി അതെല്ലാം കാണിക്കുമ്പോൾ എന്റെ മകളിരുന്ന് കയ്യടിക്കും. വിവാഹത്തിന് ശേഷമാണ് ശ്രീനി ആ വീഡിയോ കണ്ടത്. യുട്യൂബിന്റെ ഓണറെ പരിചയമുണ്ടെങ്കിൽ അതിന്റെ എല്ലാ വീഡിയോസും ഡിലീറ്റ് ചെയ്യാൻ പറഞ്ഞേനെ. ട്രോളുകൾ എല്ലാം വളരെ എൻജോയ് ചെയ്തിരുന്നു, പക്ഷേ ഇപ്പോൾ ട്രോളന്മാർക്കെന്നെ വേണ്ടതായ പോലെയാണ്. അവരെന്നെ പാടെ അവഗണിക്കുന്നതായാണ് തോന്നുന്നത്', പേളി മാണി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications