'കിഴവി, മൊട്ട തുടങ്ങിയ വിളികള്‍ കേട്ടുകഴിഞ്ഞു; ഇതും അഴകാണ്'; പുതിയ ലുക്കിനെ പറ്റി പൃഥ്വിരാജിന്റെ നായിക ഗായത്രി
ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം മലയാള സിനിമയിൽ കാണാതായ ഒരുപിടി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഗായത്രി രഘുറാം. 2002ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിയിലൂടെയാണ് ഗായത്രി മലയാളികൾക്ക് പരിചിതയാകുന്നത്. ഗായത്രിയെ ആദ്യമായും അവസാനമായും മലയാളത്തിൽ കാണുന്നതും ഈ ചിത്രത്തിലാണ്. ശേഷം തമിഴിലും തെലുങ്കിലുമായി ശ്രദ്ധകൊടുക്കുകയായിരുന്നു നടി.
എന്നാൽ അധികം വൈകാതെ താരം അഭിനയം വിട്ടു. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയതോടെയാണ് ഗായത്രി അഭിനയം നിർത്തിയത്. എന്നാൽ നാല് വർഷത്തിനുള്ളിൽ ആ ബന്ധം വേർപിരിഞ്ഞു,. തുടർന്ന് നടി നാട്ടിലേക്കും പിന്നീട് സിനിമയിലേക്കും തിരിച്ചെത്തി. രണ്ടാം വരവിൽ സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും നടി സജീവമായി. പിന്നാലെ 2020 ൽ താൻ അഭിനയം വിടുന്നതായി നടി പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.

എന്നാലിപ്പോൾ രാഷ്ട്രീയത്തിൽ നിന്നും അകന്നു നിൽക്കുകയാണ് താരം. എങ്കിലും തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗായത്രി പങ്കുവയ്ക്കാറുണ്ട്. അതിനിടെ താരത്തിന്റെ പുതിയ ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മുടി പറ്റെ വെട്ടി ഡൈ ചെയ്യാതെ സോൾട്ട് ആൻഡ് പേപ്പർ ലുക്കിലുള്ള ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വൈറലാകുന്നത്. ഗായത്രി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുമ്പ് പങ്കുവെച്ച ചിത്രങ്ങളാണ് ഇത്.
അടുത്തിടെയാണ് തല മുട്ടയടിച്ച് ഗായത്രി ആരാധകരെ ഞെട്ടിച്ചത്. ഇതിനു ശേഷം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മുട്ടയടിച്ച ശേഷം നൽകിയൊരു അഭിമുഖത്തിൽ താൻ അത്തരമൊരു തീരുമാനം എടുക്കാനുണ്ടായ കാരണത്തെ കുറിച്ച് ഗായത്രി മനസുതുറന്നിരുന്നു. ചിത്രങ്ങൾ വൈറലാകുമ്പോൾ ഗായത്രി അന്ന് പറഞ്ഞതും ആരാധകരുടെ ശ്രദ്ധനേടുകയാണ്.
ബാഹ്യസൗന്ദര്യത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ് ഗായത്രി പറഞ്ഞത്. മുടി മൊട്ടയടിച്ചതിന്റെ പേരിലും നര കറുപ്പിക്കാത്തതിന്റെ പേരിലും തനിക്ക് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും എന്നാൽ അതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
''കിഴവി, മൊട്ട തുടങ്ങിയ വിളികൾ ഇതിനോടകം കേട്ടു കഴിഞ്ഞു. ഇക്കാലത്ത് നിരവധിപ്പേർ കോസ്‌മെറ്റിക് ഉൽപന്നങ്ങൾക്കു പണം മുടക്കുന്നുണ്ട്. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകൾ പോലും യുവത്വം നിറയുന്ന ലുക്ക് വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. മുടി സ്റ്റൈൽ ചെയ്യണം എന്നെല്ലാം അവർ ആഗ്രഹിക്കുന്നു. ഇതും അഴകാണ്. അത്രയും ചെലവില്ലാതെ സുന്ദരിയാകാം എന്ന് ചിന്തിച്ചു നോക്കൂ.'' എന്നായിരുന്നു ഗായത്രിയുടെ വാക്കുകൾ.

2001 ല്‍ റെപലേലോ രാധ എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്. തുടർന്ന് തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ ചെയ്ത ശേഷമായിരുന്നു മലയാളത്തിലേക്കുള്ള വരവ്. എന്നാൽ അതിനുശേഷം തമിഴിലാണ് താരം സജീവമായത്. രണ്ടാം വരവിലും തമിഴിലാണ് ഗായത്രി ശ്രദ്ധനൽകിയത്.
കൊറിയോഗ്രാഫര്‍മാരായ രഘുറാമിന്റെയും ഗിരിജ രഘുറാമിന്റെയും മകളായ ഗായത്രി കൊറിയോഗ്രാഫറായും തിളങ്ങിയിട്ടുണ്ട്. സംവിധായകന്‍ കൃഷ്ണസ്വാമി സുബ്രഹ്‌മണ്യനാണ് ഗായത്രിയുടെ മുതുമുത്തച്ഛന്‍. പ്രശസ്ത നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, കൊറിയോ ഗ്രാഫര്‍മാരായ കലാ മാസ്റ്റര്‍, ബ്രിന്ദ മാസ്റ്റര്‍ എന്നിവരുടെ ബന്ധുകൂടിയാണ്.


Click it and Unblock the Notifications











