ഗർഭം ധരിക്കാൻ 14 തവണ ശ്രമം നടത്തി, എല്ലാം പരാജയപ്പെട്ടു! ആരോഗ്യവും മോശമായി; നടി കശ്മീര ഷാ പറഞ്ഞത്!
മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും ഇരട്ട വേഷത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അതിലെ 'തകില് പുകില്' എന്ന് തുടങ്ങുന്ന ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. ആ ഗാനരംഗത്തിൽ ചടുലമായ ചുവടുകളുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഒരു ബോളിവുഡ് സുന്ദരിയുണ്ട്. നടി കശ്മീര ഷാ.
ഹിന്ദി, മറാത്തി സിനിമകളിൽ നടിയായും ഡാൻസറയുമെല്ലാം തിളങ്ങിയിട്ടുള്ള നടിയാണ് കശ്മീര ഷാ, നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ്. ഒരുപിടി പരമ്പരകളിലും ഒപ്പം തന്നെ റിയാലിറ്റി ഷോകളിലും കശ്മീര സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ സംവിധായകയായും അരങ്ങേറ്റം നടത്തിയിരുന്നു.

രണ്ടു തവണ വിവാഹിതയായ താരം ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ ഭർത്താവ് അഭിഷേകിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരമിപ്പോൾ. റയാൻ, കിഷാംഗ് എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. 2012 ലാണ് കശ്മീര നടനായ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. ഏകദേശം അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2017 ലാണ് ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിക്കുന്നത്.
കുട്ടികൾക്ക് വേണ്ടി ഒരുപാട് നാൾ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് വാടക ഗർഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാനുള്ള തീരുമാനം എടുത്തതെന്ന് കശ്മീര ഒരിക്കൽ പറഞ്ഞിരുന്നു. ഒരുപാട് വിഷമിച്ച നാളുകളായിരുന്നു അതെന്നാണ് നടി പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു കശ്മീര മനസുതുറന്നത്. ഇപ്പോഴിതാ കാശ്മീരയുടെ ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'കുട്ടികൾ വേണമെന്ന ആഗ്രഹത്താൽ ഇടക്കാലത്ത് ഞാൻ അഭിനയത്തിൽ നിന്ന് തന്നെ ഇടവേളയെടുത്തിരുന്നു. ഏകദേശം മൂന്ന് വർഷക്കാലം ഞാൻ ഗർഭം ധരിക്കാൻ ശ്രമിച്ചു. പക്ഷേ അതൊന്നും വിജയിച്ചില്ല. എന്റെ ആരോഗ്യം മോശമായി. ഐവിഎഫ് ചികിത്സയ്ക്കിടെ ഞാൻ എന്റെ ശരീരം തന്നെ മറന്നു. ഗർഭം ധരിക്കാനുള്ള എന്റെ 14 ശ്രമങ്ങളും പരാജയപ്പെട്ടു. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ തന്നെ ഐവിഎഫ് കുത്തിവെപ്പ് എടുക്കുമ്പോഴും ഉണ്ടാകും',
'മൂഡ് സ്വിങ്സ് വരും, ശരീരഭാരം കൂടുന്നു, അമ്മയാകാൻ പോകുന്ന ഏതൊരു അമ്മയെയും പോലെ നിങ്ങൾ അസ്വസ്ഥരാകും. ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടാണ്, കാരണം അത് സ്വാഭാവികമായി ഉണ്ടാകുന്നതല്ല. എന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിനെ കുറിച്ച് ഡോക്ടർ തന്നെ പറയുന്നുണ്ടായിരുന്നു', കശ്മീര പറഞ്ഞു.

ശരീര സൗന്ദര്യം നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ വാടക ഗർഭധാരണം തിരഞ്ഞെടുത്തതെന്ന് ആളുകൾ കരുതി. സത്യത്തിൽ എനിക്ക് സൗന്ദര്യം നഷ്ടപ്പെടുകയായിരുന്നു. ഐവിഎഫ് കുത്തിവെപ്പുകൾ ബാധിച്ചു. ഞാൻ സൈസ് 24 ൽ നിന്ന് സൈസ് 32 ലേക്ക് പോയി. പക്ഷേ അതൊന്നും തന്നെ തളർത്തിയില്ലെന്നും കശ്മീര കൂട്ടിച്ചേർത്തു.
കുട്ടികളുള്ള നിരവധിപേർ ആ സമയത്ത് തന്നെ കുറിച്ച് മോശം പറയുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു. ശരിരയായ പങ്കാളിയെ കണ്ടെത്തുന്നത് മുതൽ കുഞ്ഞുങ്ങൾക്കായി ശ്രമിക്കുന്നതും അമ്മയാകുന്നത് വരെ എല്ലാ കാര്യങ്ങളും ജീവിതത്തിൽ വളരെ വൈകിയാണ് സംഭവിച്ചത്.
പ്രായം കൂടുംതോറും സ്ത്രീകൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ പ്രയാസമാകും. അങ്ങനെയൊരു ഘട്ടത്തിലാണ് വാടക ഗർഭധാരണം പ്രധാന പങ്ക് വഹിക്കുന്നത്, നടി പറഞ്ഞു. ഇന്ന് തന്റെ കുട്ടികൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും കശ്മീര ഷാ വ്യക്തമാക്കി.


Click it and Unblock the Notifications