'എനിക്ക് തെലുങ്ക് ഇൻഡസ്ട്രി തന്നെ വിടേണ്ടി വന്നു'; ജൂനിയർ എൻടിആറുമായുള്ള പ്രണയം ചർച്ച ആയതിനെ കുറിച്ച് സമീറ!
ബോളിവുഡിലും തെന്നിന്ത്യയിലുമൊക്കെ ഒരുപോലെ ആരാധകരുണ്ടായിരുന്ന നടിയാണ് സമീറ റെഡ്‌ഡി. വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകർ നടിയെ ഓർക്കാൻ. 2002 മുതൽ പത്ത് വർഷക്കാലം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏകദേശം 25 ഓളം സിനിമകളിലാണ് സമീറ അഭിനയിച്ചത്.
മലയാളത്തിൽ മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. എന്നാൽ വിവാഹശേഷം പൂർണമായും സിനിമകളിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് സമീറ. 2014ൽ ആണ് സമീറ അക്ഷയ് വർധയെ വിവാഹം കഴിച്ചത്. രണ്ടു കുട്ടികളുടെ അമ്മയാണ് സമീറ ഇന്ന്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവക്കാറുണ്ട്.

സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് മറ്റെല്ലാ നായികമാരെയും പോലെ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച നായികയായിരുന്നു സമീറ. സമീറയുമായി ഒരിടക്ക് ചേർത്ത് കേട്ടിരുന്ന പേര് തെലുങ്കിലെ സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ആയിരുന്നു. 2006 ൽ, ആണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതടക്കമുള്ള വാർത്തകൾ പുറത്തുവന്നത്.
ഇരുവരും ഒന്നിച്ച് അശോക് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ ആയിരുന്നു. ചിത്രത്തിന് ശേഷം പൊതുവെ ഒരു റിസർവ്ഡ് വ്യക്തിയായി അറിയപ്പെട്ടിരുന്ന ജൂനിയർ എൻടിആറും സമീറയും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. സമീറയുടെ ആദ്യ ചിത്രമായ നരസിംഹ്ടുവിലും നായകനായിരുന്നു എൻടിആർ.

എന്നാൽ ഇവരുടേത് വെറും സഹൃദമല്ലെന്നും അതിനപ്പുറമുള്ള ബന്ധമാണെന്നുമാണ് കിംവദന്തികൾ പ്രചരിച്ചത്. വർഷങ്ങൾക്ക് ശേഷം സമീറ തന്നെ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും, ആ ഗോസിപ്പ് താൻ തെലുങ്ക് സിനിമയും നടനുമായുള്ള സൗഹൃദം വരെ ഉപേക്ഷിക്കാനും കാരണമായെന്നും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തെലുങ്കിലെ ഒരു മാധ്യമപ്രവർത്തകയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സമീറ അത് പറഞ്ഞത്. സമീറയുടെ അന്നത്തെ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 'ഞാൻ വളരെ ഫ്രണ്ട്ലിയും സ്ട്രൈറ്റ് ഫോർവേഡുമായ വ്യക്തിയാണ്. ഞാൻ ഒന്നും മറച്ചുവെക്കാൻ ശ്രമിക്കില്ല. അദ്ദേഹം നല്ലൊരു സഹനടനായത് കൊണ്ട് പലരും തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് സത്യം. അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു,'

'തെലുങ്ക് റെഡ്ഡി പെൺകുട്ടിയായ ഞാൻ തെലുങ്ക് സിനിമയിൽ എത്തിയപ്പോൾ ഒന്നും അറിയില്ലായിരുന്നു. ആളുകൾ ഓരോന്ന് പറയുകയും അത് എന്റെ കുടുംബത്തെ ബാധിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് പ്രശ്നമായത്. ഞാൻ എത്ര ബോൾഡ് വേഷങ്ങൾ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും എന്റെ അച്ഛൻ ഇപ്പോഴും ഒരു സാധാരണക്കാരനായ റെഡ്ഢിയാണ്. ഞാൻ അദ്ദേഹത്തോട് മറുപടി പറയേണ്ടി വരും,'

'അദേഹത്തിന് കുടുംബക്കാരുടെ അടുത്ത് നിന്ന് ഒരുപാട് ചോദ്യങ്ങളുണ്ടായി. അദ്ദേഹം എന്നോട് ഇതിനെ കുറിച്ച് നിരന്തരം ചോദിക്കാൻ തുടങ്ങി, ഇത് ഒരു സംസാര വിഷയമായപ്പോൾ ഞാൻ തെലുങ്ക് സിനിമയിൽ നിന്ന് തന്നെ മാറാൻ തീരുമാനിച്ചു. എൻടിആറിനെ വിവാഹം കഴിക്കാൻ പോവുകയാണോ? എന്നിങ്ങനെ ആരാധകർ പലതും പറഞ്ഞുകൊണ്ടിരുന്നു,'
'ആളുകൾ ഞങ്ങളെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. എന്റെ സിനിമകളെക്കുറിച്ചല്ല അവർ സംസാരിച്ചത്. എന്റെ കഴിവിനെക്കുറിച്ചല്ല അവർ സംസാരിച്ചത്. സമീറ റെഡ്ഡിയിൽ നിന്ന് സമീറ എൻടിആറിലേക്ക് അവർ ശ്രദ്ധ കേന്ദ്രീകരിച്ചു,' അതാണ് സംഭവിച്ചതെന്ന് സമീറ പറഞ്ഞു.


Click it and Unblock the Notifications