'ഇന്ന് ഞാൻ സന്തോഷവതിയായ ഒരു സാധാരണ വീട്ടമ്മയാണ്...'; തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തിന് സംയുക്തയുടെ മറുപടി
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം. സംയുക്തയുടെ ഒരു വമ്പൻ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് വെറും നാല് വർഷം മാത്രമാണ് താരം സിനിമയിൽ സജീവമായി തുടർന്നത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്തയ്ക്ക് കഴിഞ്ഞു. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്.

പൊതുവേദികളിലും സംയുക്ത എത്താറുണ്ട്. അടുത്തിടെ ഭർത്താവ് ബിജുമേനോന് ഒപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതുവെ വേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ എത്തുമ്പോൾ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ സംയുക്തയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ സംയുക്ത നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.
കൈതപ്രം സോമയാഗത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയത്. വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഇല്ല എന്ന് പറയാതെ പറയുകയായിരുന്നു സംയുക്ത. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് സംയുക്ത പറഞ്ഞു.
സംയുക്തയുടെ യോഗ മാസ്റ്റർ കൈതപ്രം വാസുദേവൻ നമ്പൂതിരിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സംയുക്ത യാഗഭൂമിയിൽ എത്തിയത്. വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതല്ല ഈ യാഗത്തിന് എത്തിയതിന്റെ പ്രാധാന്യമെന്നും സംയുക്ത പറയുകയായുണ്ടായി. ഏപ്രിൽ-മെയ് മാസത്തിൽ നടന്ന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് സംയുക്തയാണെന്ന് ബിജു മേനോൻ മുൻപൊരിക്കൽ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. സംയുക്ത സിനിമ വിട്ട കാലം മുതൽ അതിന് കാരണം ഞാനാണോ എന്ന ചോദ്യം കേട്ട് തുടങ്ങിയതാണെന്ന് ബിജു മേനോൻ പറയുകയുണ്ടായി. 'സംയുക്ത എന്താണ് അഭിനയത്തിലേക്ക് തിരിച്ച് വരാത്തതെന്ന ചോദ്യം നിരവധി തവണ ഞാൻ നേരിട്ടിട്ടുണ്ട്. പലപ്പോഴും ഞാൻ അതിന് മറുപടി കൊടുക്കാറില്ല. അത് അവളുടെ തീരുമാനമാണ്',
'ഫാമിലി ലൈഫിലേക്ക് കടന്നപ്പോൾ മുതൽ സംയുക്ത നല്ല തിരക്കിലാണ്. മോൻ ജനിച്ചതോടെ രണ്ടാളും ജോലിക്ക് പോവുക എന്നത് പ്രായോഗികമായി നടക്കില്ലായിരുന്നു. ഞാൻ ജോലിക്ക് പോവുന്നില്ലെന്നും മോന്റെ കാര്യങ്ങൾ നോക്കാമെന്നും തീരുമാനിച്ചത് സംയുക്തയാണ്. മാറി നിന്ന സമയത്തും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. അതിലൊക്കെ തീരുമാനമെടുത്തത് അവളാണ്. അഭിനയിക്കണ്ട എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അവളായിട്ട് തീരുമാനിച്ചതാണ്. തികച്ചും വ്യക്തിപരമായ തീരുമാനം. അതിലൊന്നും ഞാൻ കൈകടത്തിയിട്ടില്ല', ബിജു മേനോൻ പറഞ്ഞു.


Click it and Unblock the Notifications