ഭാര്യയും മക്കളും കഷ്ടപ്പെടരുതെന്ന് സുകുമാരന് നിർബന്ധമുണ്ടായിരുന്നു, അതിനു വേണ്ടി ചെയ്തത്; ശാന്തിവിള ദിനേശ്

ഒരുകാലത്ത് മലയാള സിനിമയുടെ സൗകുമാര്യമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനാണ് സുകുമാരൻ. അധ്യാപനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ സുകുമാരൻ അതിവേഗമാണ് മലയാള സിനിമയിലെ മുൻനിര താരമായി വളർന്നത്. കരുത്തുറ്റ, വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് സുകുമാരൻ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത്. ജയനും നസീറുമൊക്കെ കത്തി നിന്നിരുന്ന മലയാള സിനിമയിൽ സുകുമാരൻ തന്റേതായ ഒരു പാത കണ്ടെത്തി.

എംടി സംവിധാനം ചെയ്ത നിർമാല്യത്തിലൂടെയാണ് സുകുമാരൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ശംഖുപുഷ്പം എന്ന സിനിമയ്ക്ക് ശേഷമാണ് സുകുമാരൻ മലയാള സിനിമയിൽ തന്റെയിടം ഉറപ്പിക്കുന്നത്. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് നടന് ലഭിച്ചത്. നായകനായും സഹനടനായും വില്ലനായുമെല്ലാം സുകുമാരൻ തിളങ്ങി. കോമഡിയോ വില്ലത്തരമോ എന്തും ആ കൈകളിൽ ഭദ്രമായിരുന്നു. 1997 ജൂൺ 16ന് നാലാപത്തിയൊമ്പതാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത് വരെ 250 ഓളം ചിത്രങ്ങളിലാണ് സുകുമാരൻ അഭിനയിച്ചത്.

Sukumaran

കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി തുടങ്ങിയ സിനിമകൾ നിർമ്മിക്കുകയും ചെയ്തിരുന്നു അദ്ദേഹം. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ സിനിമയാക്കണം എന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ അന്തരിച്ചത്. ഇപ്പോൾ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളാണ്. ഭാര്യ മല്ലികയും അഭിനയത്തിൽ സജീവമാണ്. ഇവരിലൂടെ സുകുമാരന്റെ ഓർമ്മകൾ പലപ്പോഴും പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

ഇപ്പോഴിതാ, സുകുമാരനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ സമ്പന്നൻ സുകുമാരൻ ആയിരുന്നുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചു വെച്ചിരുന്നുവെന്നും ഭാര്യയും മക്കളും കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറഞ്ഞത്.

'മലയാള സിനിമയിലെ നായകന്മാരിൽ ഏറ്റവും സമ്പന്നൻ സുകുമാരൻ ആയിരുന്നുവെന്ന് ഞാൻ പറയും. സുകുവേട്ടൻ ഒരു രൂപ പോലും കളഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഒരു രൂപ പോലും മലയാള സിനിമയിൽ നിന്ന് കിട്ടാനില്ല. ചെയ്ത സിനിമകൾക്ക് എല്ലാത്തിനും ചെലവായ തുകയെങ്കിലും കിട്ടിയിട്ടുണ്ട്. ഇരകൾ ഒക്കെ ചെലവാക്കിയ തുക കിട്ടി കാണണം. എന്നാൽ പടയണി എന്ന സിനിമ ഭയങ്കര ലാഭമുണ്ടാക്കിയത് ആണ്. അതിൽ നിന്നൊക്കെ കിട്ടിയ പൈസ ഉറുമ്പ് സൂക്ഷിക്കുന്നത് പോലെ അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു',

'ഊട്ടിയിലൊക്കെ വന്ന് ഒരുപാട് വസ്തുവകകൾ ഒക്കെ വാങ്ങിയിട്ടു. രണ്ടു മക്കളും ഭാര്യയും കഷ്ടപ്പെടരുത് എന്ന ബോധമുണ്ടായിരുന്നു. അത് എല്ലാവർക്കും ഉണ്ടാവണം. അതില്ലാതെ പോയവർ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല. മൂന്നൂറ് രൂപ ശമ്പളത്തിൽ നാടകത്തിൽ അഭിനയിച്ചിരുന്ന ആൾ, മുപ്പതിനായിരം രൂപയിലേക്കും മൂന്ന് ലക്ഷത്തിലേക്കും മാറുമ്പോൾ അത് സേവ് ചെയ്യാനുള്ള മനസും ഉണ്ടാവണം. അത് ഇല്ലാത്തവർക്കാണ് അവസാന സമയം കഷ്ടമായി പോകുന്നത്', ശാന്തിവിള ദിനേശ് പറഞ്ഞു.

Sukumaran

സാമ്പത്തികമായും അല്ലാതെയും കുട്ടികൾക്ക് വേണ്ടതെല്ലാം ഒരുക്കി വെച്ചിട്ടാണ് അദ്ദേഹം പോയതെന്ന് മുൻപൊരിക്കൽ മല്ലിക സുകുമാരനും പറഞ്ഞിട്ടുണ്ട്. 'മക്കൾക്കും എനിക്കും വേണ്ടി എല്ലാം കരുതി വെച്ചിട്ട് പോയ ആളാണ് സുകുവേട്ടൻ. സാധാരണ സിനിമാക്കാരെ കുറിച്ച് ഒരു പറച്ചിലുണ്ട്, അകാലത്തിൽ പൊലിഞ്ഞ് പോകുമ്പോൾ വീട്ടുകാർക്ക് തീരാ ദുഃഖവും കഷ്ടപ്പാടുമാണെന്ന്',

'പക്ഷേ ഇവിടെ എങ്ങനെ ജീവിച്ചോ, മക്കൾക്ക് അതേ സമ്പന്നതയിൽ ഒന്നിനും കുറവ് വരാതെ വളർത്തി കൊണ്ടുവരാനുള്ളത് അദ്ദേഹം പറയാറുള്ളത് പോലെ തന്നെ പ്രവർത്തികമാക്കിയിരുന്നു' എന്നാണ് മല്ലിക പറഞ്ഞത്. ഇന്ദ്രജിത് പ്ലസ് ടുവിലും പൃഥ്വിരാജ് പത്തിലും പഠിക്കുമ്പോഴാണ് സുകുമാരൻ മരിക്കുന്നത്.

More from Filmibeat

Read more about: sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X