കലാഭവൻ മണി അന്ന് ചെയ്‌തത് ഇന്ത്യയിലെ മറ്റൊരു നടനും ചെയ്യില്ല; അനുഭവം പങ്കുവച്ച് വിനു കിരിയത്ത്
മലയാളി പ്രേക്ഷകർ അതിരറ്റ് സ്നേഹിച്ച കലാകാരനാണ് കലാഭവൻ മണി. മലയാള സിനിമയിലെ പകരക്കാരില്ലാത്ത കലാകാരനായാണ് കലാഭവൻ മണിയെ എന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനും എല്ലാമായിരുന്നു കലാഭവൻ മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താരപരിവേഷവുമില്ലാതെ സാധാരണക്കാർക്കിടയിലായിരുന്നു മണിയുടെ ജീവിതം. അതുകൊണ്ട് തന്നെ വിടപറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മണിയുണ്ട്.
മണിയെ കുറിച്ച് സംസാരിക്കുമ്പോൾ സഹപ്രവർത്തകർക്കെല്ലാം ഇന്നും നൂറ് നാവാണ്. എല്ലാവരുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് അദ്ദേഹം. കൈമറന്ന് പലരെയും സഹായിക്കുകയും ചെയ്തിട്ടുണ്ട് നടൻ. ഇപ്പോഴിതാ മണിയെ കുറിച്ച് തിരക്കഥാകൃത്തും നിർമാതാവുമായ വിനു കിരിയത്ത് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

മണി നായകനായി അഭിനയിച്ച മൈഡിയർ കരടി എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു വിനു കിരിയത്ത്. നായകനാക്കിയത് കൊണ്ട് കലാഭവൻ മണി ചിത്രത്തിന് പ്രതിഫലം വാങ്ങിയില്ലെന്നാണ് വിനു കിരിയത്ത് പറയുന്നത്. ഒരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മൈഡിയർ കരടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർക്കസും മറ്റും കടന്നുവരുന്ന ചിത്രമായിരുന്നു മൈഡിയർ കരടി. തിരുവനന്തപുരത്ത് സർക്കസ് നടക്കുന്ന സമയം നോക്കിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് വച്ചത്. എന്നാൽ ഷൂട്ടിങ് സമയമായപ്പോഴേക്കും സർക്കസുക്കാർ പോയി. അത് തനിക്ക് മാനസികമായും സാമ്പത്തികമായും വലിയ ഷോക്കായിരുന്നുവെന്ന് വിനു പറയുന്നു.
'അതോടെ പടത്തിന്റെ ചെലവ് കൂടി. തമിഴ്നാട്ടിൽ മറ്റൊരു സർക്കസ് ടീമുണ്ടെന്ന് അറിഞ്ഞിട്ട് പിന്നെ മുഴുവൻ ആർട്ടിസ്റ്റുമായി അങ്ങോട്ട് പോയി. അത് താമസ സൗകര്യങ്ങളൊന്നും ഇല്ലാത്ത സ്ഥലമായിരുന്നു. ദൂരെ ആയിരുന്നു ഹോട്ടലൊക്കെ. എങ്ങനെയൊക്കെ ആ പടം തീർത്തു. വലിയ നഷ്ടം വന്നില്ല',
'ഈ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് മണി തിരിച്ചു പോകുമ്പോൾ മണിക്ക് ഞൻ ഒരു ലക്ഷം രൂപ കൊടുത്തു. അതായിരുന്നു മണിക്കുള്ള പ്രതിഫലം. പാക്കപ്പിന്റെ സമയത്ത് നിർമാതാവിനെ സംബന്ധിച്ച് ഒരു ക്രൂഷ്യൽ ടൈമാണ്. മണി പൈസ എണ്ണിയപ്പോൾ ഞാൻ പേടിച്ചു. എന്തെങ്കിലും പറഞ്ഞാൽ നാണക്കേടാണ്. എന്ത് ചെയ്യുമെന്ന് ചിന്തിച്ചു നിൽക്കെ മണി അതിൽ നിന്നും ഒരു പതിനായിരം രൂപ എടുത്ത് ഡാഷ് ബോർഡിൽ വച്ചു. എന്നിട്ട് തൊണ്ണൂറായിരം രൂപ എനിക്ക് തിരിച്ചു തന്നു. എനിക്ക് പെട്രോളിന്റെ പൈസ മാത്രം മതിയെന്ന് പറഞ്ഞു',

'ഞാൻ ചോദിച്ചപ്പോൾ, എന്നെ നായകനാക്കിയതല്ലേ. പാക്കപ്പ് അല്ലേ. ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞു. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും ഇത് ചെയ്യില്ല', വിനു കിരിയത്ത് പറഞ്ഞു. അതേസമയം കോമഡി വേഷങ്ങളിൽ നിന്നാണ് മണി കരിയർ ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നായക നിരയിലേക്കെത്താൻ മണിക്ക് സാധിച്ചു. അതിൽ നിർണായക പങ്കുവഹിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മൈഡിയർ കരടി. വില്ലൻ വേഷങ്ങളിലും നടൻ തിളങ്ങിയിരുന്നു.
കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. ആമേൻ ആണ് കുറേക്കാലങ്ങൾക്ക് ശേഷം നടന് ലഭിച്ച ശ്രദ്ധേയ സിനിമകളിൽ ഒന്ന്. പോയി മറഞ്ഞു പറയാതെ എന്ന സിനിമയിലാണ് നടൻ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications