'മരിച്ചാൽ എന്നെ കുഴിച്ചിടരുത്, കത്തിക്കണം; അത് എനിക്ക് നിർബന്ധമാണ്'; ഷീലയുടെ ആഗ്രഹത്തിന് പിന്നിൽ!
മലയാള സിനിമയിൽ മറ്റൊരു നായികയ്ക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള നടിയാണ് ഷീല. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് സിനിമയിലെത്തിയ ഷീല ഇന്നും സജീവമാണ്. ഷീലയെ പോലെ വിജയകരമായ കരിയർ ഗ്രാഫുള്ള അപൂർവം നടിമാരെ മലയാളത്തിൽ ഉണ്ടായിട്ടുള്ളു. അറുപതുകളിലും എഴുപതുകളിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. കറുത്തമ്മയും കള്ളിച്ചെല്ലമ്മയുമെല്ലാം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങളാണ്.
പതിമൂന്നാം വയസ്സിൽ സിനിമയിൽ എത്തിയ ഷീല ഇടക്കാലത്ത് സിനിമയിൽ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു. മകനോടൊപ്പം സമയം വേണമെന്ന ചിന്ത വന്നതോടെയായിരുന്നു സിനിമ വിട്ടത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ച് വരുന്നത്. തിരിച്ചുവരവിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഷീലാമ്മ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. ഏറ്റവും ഒടുവിൽ അനുരാഗം എന്ന സിനിമയിലാണ് ഷീല അഭിനയിച്ചത്.

സിനിമ തനിക്ക് ശ്വാസം പോലെയാണെന്നും മരണം വരെ സിനിമ ചെയ്യുന്നത് തുടരുമെന്നുമാണ് ഷീല മുൻപ് പറഞ്ഞിട്ടുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ മരണശേഷം തന്റെ മൃതദേഹം കുഴിച്ചിടരുതെന്ന് മകനോട് ആഗ്രഹം പറഞ്ഞിട്ടുണ്ടെന്ന് ഷീല പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്.
ഇനിയൊരു ജന്മം വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജന്മമെടുക്കുന്നത്. ദൈവം എല്ലാം തന്നു. തന്റെ ആശകളെല്ലാം തീർത്തു. തൃപ്തയാണ്. പക്ഷേ അവസാനമായൊരു ആഗ്രഹമുണ്ട്. അത് താൻ എഴുതിവെച്ചിട്ടുണ്ട് എന്നാണ് ഷീല പറഞ്ഞത്. മരിച്ചാല്‍ തന്റെ മൃതദേഹം ദഹിപ്പിക്കണം. ശരീരം പുഴുവരിച്ച് നശിക്കരുത് എന്ന നിര്‍ബന്ധമുണ്ടെന്ന് ഷീല പറയുന്നു.
''ഹിന്ദു വിഭാഗത്തിനിടയിലുള്ള വലിയൊരു നല്ല കാര്യമാണ് മരിച്ച ശേഷം ശരീരം ദഹിപ്പിക്കുന്നത്. നമ്മുടെ ശരീരം പുഴുവും കുത്തി കിടക്കുന്നത് എന്തിനാണ്. അതോടെ കൂടി തീരുകയാണ്. ഓരോ കൊല്ലവും ബന്ധുക്കള്‍ കല്ലറയില്‍ വന്ന് പ്രാർത്ഥന നടത്തുന്ന ആചരമൊക്കെ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്. മക്കളൊക്കെ വന്ന് പൂക്കളൊക്കെ അർപ്പിച്ച് മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുകയൊക്കെ വേണം.

അവരൊക്കെ ചെയ്യുമോയെന്ന് നമുക്കെങ്ങനെ അറിയാം, അവർ മറന്നുപോയാലോ, അതല്ല ഇനി രാജ്യത്തിന് പുറത്താണെങ്കിലോ. അപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുമോ. അതിലും നല്ലത്, എന്നെ ഞാനാക്കിയ എന്റെ കേരളത്തില്‍ എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചു കളയണമെന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണ്'' എന്നാണ് ഷീല പറഞ്ഞത്.
തലമുറകളായി തങ്ങൾ സിറിയൻ കാത്തലിക്സ് ആണ്. എന്നാൽ തനിക്ക് ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം എന്നുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. അമ്പലത്തിൽ പോകാൻ ഇഷ്ടമാണ്. ഹിന്ദുക്കൾ പോലും പോകാത്ത അമ്പലങ്ങളിൽ പോലും പോയിട്ടുണ്ടെന്നും ഷീല ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്.
മനസാക്ഷിയാണ് എന്റെ ദൈവം. ഞാനൊരു തെറ്റ് ചെയ്താൽ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപമെന്നും നടി പറഞ്ഞു. മകന് ജന്മം നൽകിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമെന്നും ഷീല പറയുകയുണ്ടായി.


Click it and Unblock the Notifications