വേദന സഹിച്ച്, ഓര്‍മകള്‍ മാഞ്ഞ് ശ്രീ; വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ പോകട്ടേയെന്ന് പ്രാര്‍ത്ഥിച്ചു
മലയാളികളുടെ പ്രിയ ഗായകനാണ് ബിജു നാരായണന്‍. മലയാളി എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരുന്ന ശബ്ദത്തിന്റെ ഉടമയുടെ ജീവിതത്തിലുണ്ടായ ദുരന്തം ആരാധകരേയും വേദനിപ്പിക്കുന്നതായിരുന്നു. ഭാര്യ ശ്രീലതയുടെ അപ്രതീക്ഷിതമായ മരണം ബിജു നാരായണനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു.
ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലതയെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചുമൊക്കെ ബിജു നാരായണന്‍ സംസാരിച്ചിരുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബിജുവും ശ്രീലതയും വിവാഹം കഴിച്ചത്. ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു ശ്രീലതയുടെ മരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പതിനേഴാം വയസിലാണ് ശ്രീയെ ഞാന്‍ കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത്. പിന്നീട് പത്ത് വര്‍ഷക്കാലം നീണ്ട പ്രണയം. അതു കഴിഞ്ഞ് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 21 വര്‍ഷമായി. 31 വര്‍ഷണായി എന്റെ മനസിന്റെ ഏറ്റവും അടുത്ത് നിന്നിരുന്നയാള്‍. അതായിരുന്നു ശ്രീ. അങ്ങനെ ഒരാള്‍ പോയപ്പോഴുള്ള ശൂന്യതയെ ഏത് വിധത്തില്‍ നേരിടണമെന്നനിക്കറിയില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നുമറിയില്ല.'' എന്നാണ് ബിജു നാരായണന്‍ പറയുന്നത്.
ശ്രീലതയുടെ അവസാന നാളുകളും വേദനയോടെ ബിജു നാരായണന്‍ ഓര്‍ക്കുന്നുണ്ട്. കാന്‍സര്‍ എന്നാല്‍ വേദനയാണ്. അവസാന ഘട്ടങ്ങളില്‍ ആ വേദന കണ്ടു നില്‍ക്കാന്‍ പോലും വയ്യ എന്നാണ് അദ്ദേഹം പറയുന്നത്. വളരെ കൂടിയ സ്‌റ്റേജില്‍ ശ്രീയ്ക്ക് മോര്‍ഫിന്‍ ഇന്‍ഫ്യൂഷന്‍ കൊടുക്കുകയായിരുന്നു. അത്ര വേദന സഹിച്ച്. ഒരുപക്ഷെ ഓര്‍മ പോലും മാഞ്ഞു പോയിട്ട് ശ്രീ കിടക്കുന്നത് സങ്കല്‍പ്പിക്കാനും വയ്യായിരുന്നു. അതുകൊണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെ എന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം ഇന്നും തന്നെ വേദനിപ്പിക്കുന്നൊരു കാര്യവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ജീവിതത്തില്‍ ഒന്നും ആവശ്യപ്പെടാത്ത ശ്രീലത ഒരിക്കല്‍ തന്നോട് ഒരു കാര്യം ആവശ്യപ്പെട്ടുവെന്നും തന്നെക്കൊണ്ട് സാധിക്കുന്നതായിരിട്ടു പോലും ആ ആഗ്രഹം തനിക്ക് സാധിച്ചു കൊടുക്കാനായില്ലെന്നാണ് ബിജു നാരായണന്‍ പറയുന്നത്.

''ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആള്‍ എന്നോട് ആവശ്യപ്പെട്ട ഒരേയൊരുകാര്യം സാധിച്ചു കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമേശ്ശിരയില്‍ ഞങ്ങള്‍ക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അവിടെയായിരുന്നു. മൂന്നാം ഏക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടന്ന സമയം. അന്ന് ശ്രീ പറഞ്ഞു, എല്ലാ ഗായകരും വരുമല്ലോ എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം. അതിനെന്താ എടുക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു.'' താരം പറയുന്നു.
''അന്ന് അല്‍പം ഗൗരവ്വമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ ഈ ഫോട്ടോയുടെ കാര്യം ഞാന്‍ വിട്ടുപോയി. എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഓര്‍ക്കുന്നത്. അയ്യോ കഷ്ടമായിപ്പോയല്ലോ അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം ഞാന്‍ ശ്രീയോട് പറഞ്ഞു. പക്ഷെ അതിന് ശ്രീ കാത്തു നിന്നില്ല. അതിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്. പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ അത്തരം കൊച്ചു മോഹങ്ങളുടെ സന്തോഷം തേടുന്ന മനസും കൈ വിട്ടു പോയി''എന്നും ബിജു നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications