ധ്യാന്റെ മകൾ ജീവിതത്തിലുണ്ടാക്കിയ മാറ്റം, അവളുണ്ടെങ്കിൽ വീട് ഉണരും; ദൈവം നൽകിയ സമ്മാനം: ശ്രീനിവാസനും ഭാര്യയും!
മലയാളികൾക്ക് പ്രേത്യേക സ്നേഹമുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകനെന്ന നിലയിലും നല്ല നടനെന്ന നിലയിലും ശ്രദ്ധനേടിയിട്ടുള്ള ധ്യാൻ, കൂടുതൽ ജനപ്രീതി നേടുന്നത് അഭിമുഖങ്ങളിലൂടെയാണ്. രസകരമായി സംസാരിക്കുന്ന, പരാജയങ്ങളെ പോലും കോമഡിയാക്കുന്ന ധ്യാനിന്റെ മുഖം അഭിമുഖങ്ങളിലൂടെയാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്. കരിയറിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന് തുടരെ പരാജയങ്ങളാണ്. എന്നാൽ സിനിമയുടെ വിജയ പരാജയത്തിനപ്പുറമാണ് ആരാധകരുടെ മനസ്സിൽ ഇന്ന് ധ്യാനിനുള്ള സ്ഥാനം.
കുടുംബകാര്യങ്ങളെല്ലാം രസകരമായി ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ പൊതുവെ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന ധ്യാനിന്റെ അമ്മ വിമലയും ഭാര്യ അർപ്പിതയുമൊക്കെ ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരാണ്. ധ്യാൻ പറഞ്ഞിട്ടുള്ള കഥകളിലൂടെയാണ് ഇവർ ആരാധകർക്ക് പരിചിതരാകുന്നത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീകളായാണ് ധ്യാൻ ഇരുവരെയും വിശേഷിപ്പിച്ചിട്ടുള്ളത്. മൂന്ന് വയസ്സായ മകൾക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ചും ധ്യാൻ വാചാലനായിട്ടുണ്ട്.

അടുത്തിടെ ശ്രീനിവാസനൊപ്പം വിവിധ അഭിമുഖങ്ങളിൽ ധ്യാനിന്റെ അമ്മ വിമല എത്തിയിരുന്നു. അതിലൊക്കെ മകനെയും കുടുംബത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ ബിഹൈൻഡ്‌വുഡ്സിന് നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസനും വിമലയും ധ്യാനിന്റെ ഭാര്യ അർപ്പിതയെയും കൊച്ചു മകളെയും കുറിച്ച് സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.
'ധ്യാനുമായി വളരെ അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ഒരു പെൺകുട്ടിയാണ് അർപ്പിത. നമ്മളൊക്കെ ആയിട്ട് വളരെ സ്നേഹത്തിലാണ്. ദൈവം നൽകിയ ഒരു സമ്മാനം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുണ്ട്. ബേസിക്കലി അവൻ നല്ല ഒരാളാണ്. അതുകൊണ്ടാകും ദൈവം ഇത്രയും നല്ലൊരു മോളെ കൊടുത്തത്', എന്നാണ് അമ്മ വിമല ശ്രീനിവാസൻ പറഞ്ഞത്. അർപിതയ്ക്ക് നല്ല ഹ്യൂമർ സെൻസുണ്ടെന്ന് ശ്രീനിവാസനും വ്യക്തമാക്കി.
'ധ്യാനിന്റെ കുഞ്ഞാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു എന്റർടൈൻമെന്റ് എന്ന് പറയുന്നത്. കുറെ ദിവസം ഇവിടെ ഉണ്ടാവില്ലെങ്കിലും ഒരു ദിവസം വന്നാൽ വീട് മുഴുവൻ ഉണരും. അവളെ കുറേദിവസം കാണാതിരുന്നാൽ വലിയ വിഷമമാണ്', എന്നും ശ്രീനിവാസനും ഭാര്യ വിമലയും പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിൽ മകളെ കുറിച്ച് ധ്യാനും വാചാലനായിരുന്നു. തന്റെ അച്ഛനെ പോലും മകൾക്ക് വിലയില്ലെന്ന് ധ്യാൻ തമാശയായി പറഞ്ഞിരുന്നു. 'ഞാൻ അവളെ സുഹൃത്തിനെ പോലെയാണ് കാണുന്നത്. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്. സ്റ്റാർ കിഡ് എന്ന ഭാവമൊന്നും ആൾക്ക് വന്നിട്ടില്ല. അച്ഛനാണ് വീട്ടിലെ വലിയ സ്റ്റാർ. അച്ഛന്റെ സിനിമകളൊക്കെ അവൾ കണ്ടിട്ടുണ്ട്. എന്നാൽ അച്ഛനെ പോലും അവൾക്ക് ഒരു വിലയുമില്ല. ഞങ്ങൾ സിനിമയിൽ ആണെന്നൊക്കെ അവൾക്ക് അറിയാം. എങ്കിലും ഒരു വിലയുമില്ല' എന്നാണ് ധ്യാൻ പറഞ്ഞത്.
2017 ലാണ് ധ്യാനും അർപ്പിതയും വിവാഹിതരാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ആദ്യം സുഹൃത്തുക്കളായിരുന്നു ഇവർ. പിന്നീടാണ് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറുന്നത്. തന്റെ കുറ്റങ്ങൾ എല്ലാം അറിഞ്ഞു പ്രണയിച്ച ആളാണ് അർപ്പിതയെന്ന് ധ്യാൻ മുൻപ് പറഞ്ഞിട്ടുണ്ട്. തന്നെ വിട്ട് പോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടും പോകാതിരുന്ന ആളാണെന്നും തങ്ങൾ വിവാഹിതരാകുമോ എന്ന ഉറപ്പ് പോലുമില്ലാതെയാണ് പ്രണയിച്ചതെന്നും ധ്യാൻ പറയുകയുണ്ടായി. എന്തായാലും ഇന്ന് മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇരുവരും.


Click it and Unblock the Notifications