അച്ഛന്റെ അഭിനയം മോശമായിരുന്നു എന്ന് വിനീത്; അത് പറയാനുള്ള സെൻസ് അവനുണ്ടായതിലാണ് സന്തോഷമെന്ന് ശ്രീനിവാസൻ!
ഒരുകാലത്ത് മലയാള സിനിമയിൽ ഓൾറൗണ്ടറായി നിറഞ്ഞു നിന്ന പ്രതിഭയാണ് ശ്രീനിവാസൻ. നടനായും തിരക്കഥകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ശ്രീനിവാസനെ പോലെ തന്നെ മക്കളായ വിനീതും ധ്യാനും ഇന്ന് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തി കഴിഞ്ഞു. അച്ഛനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ് ഇരുവരും.
എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ പോലും മക്കളെ സഹായിക്കാൻ ശ്രീനിവാസൻ തയ്യാറായിട്ടില്ല. അച്ഛന്റെ യാതൊരു സഹായവുമില്ലാതെയാണ് തങ്ങൾ സിനിമയിലേക്ക് എത്തിയതെന്ന് വിനീതും ധ്യാനും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ശ്രീനിവാസൻ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മക്കളുടെ സിനിമാ പ്രവേശത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. പണ്ട് മുതൽ തന്റെ സിനിമാ അനുഭവങ്ങൾ മക്കളോട് പറയാറുണ്ടായിരുന്നെന്നും അവർ ജനിച്ചപ്പോൾ മുതൽ കണ്ടുവളർന്നത് സിനിമാക്കാരെ ആണെന്നും ശ്രീനിവാസൻ പറയുന്നു. അതെല്ലാം കണ്ടുവളർന്ന അവർക്ക് ഏതെങ്കിലും ഘട്ടത്തിൽ സിനിമയിലേക്ക് വരണമെന്ന തോന്നൽ ഉണ്ടായതാകാം എന്നും അദ്ദേഹം പറഞ്ഞു. വിനീത് തന്നോട് അഭിനയം കൊള്ളില്ലെന്ന് പറഞ്ഞ ഒരു രസകരമായ സംഭവവും ശ്രീനിവാസൻ പങ്കുവെച്ചു.
'ഞാൻ എന്റെ സിനിമാ അനുഭവങ്ങളാണ് മക്കളോട് പറയാറുള്ളത്. സിനിമയിലെ മാത്രമല്ല. ജീവിതത്തിൽ നമ്മൾ കടന്നുപോയിട്ടുള്ള അനുഭവങ്ങൾ പലതും സന്ദർഭം ലഭിക്കുമ്പോൾ പറയാറുണ്ട്. അത് കുറച്ചു മനഃപൂർവം തന്നെയാണ്. അവർ ജനിച്ചതും വളർന്നതുമൊക്കെ ഒരുവിധം തരക്കേടില്ലാത്ത ചുറ്റുപാടിലാണ്. പക്ഷെ എന്റെ സ്ഥിതി അതായിരുന്നില്ല. അതൊക്കെ ഞാൻ പറഞ്ഞാൽ മാത്രമേ ഇങ്ങനെയൊക്കെ ലോകത്ത് ഉണ്ടെന്ന് അവർക്ക് മനസിലാവുകയുള്ളൂ. അതറിയാവുന്നത് കൊണ്ടാണ് അക്കാര്യങ്ങൾ പറയാറുള്ളത്,'
'ഒരു സിനിമയ്ക്ക് മാത്രമാണ് ഞാൻ മക്കളെ സെറ്റിൽ കൊണ്ടുപോയിട്ടുള്ളത്. അതും കൊണ്ടുപോയതല്ല. നാട്ടിലേക്ക് വരുന്ന വഴി സെറ്റിൽ കയറിയതാണ്. ആ സിനിമയുടെ പേര് ഞാൻ ഓർക്കുന്നില്ല. ഞാൻ അന്ന് വിനീതിനോട് ഒരു ചോദ്യം ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. അന്ന് അവന് ഏഴ് വയസും മറ്റുമാണ് പ്രായം. ഒരു ഷോട്ടിൽ അഭിനയിച്ച ശേഷം ഞാൻ ഇവനോട് എന്റെ അഭിനയം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. വളരെ മോശമായിരുന്നു എന്നായിരുന്നു മറുപടി. അത് പറയാനുള്ള സെൻസ് അന്ന് അവനുണ്ടായി എന്നതിൽ എനിക്ക് സന്തോഷം തോന്നുന്നു,' ശ്രീനിവാസൻ പറഞ്ഞു.
'അച്ഛനും അമ്മയും തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു പ്രായം കഴിയുമ്പോൾ അവർക്ക് തന്നെ തോന്നും അവർ എന്തായിരിക്കണം എന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യം ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ഈ ജീവിതം തന്നെ വെറുത്ത് പോകും. അങ്ങനെയൊരു അവസ്ഥ അവർക്ക് ഉണ്ടാകരുത്. ഞാൻ ഒരിക്കലും അവരെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. അവർ ജനിക്കുമ്പോൾ തന്നെ ഞാൻ സിനിമയിലാണ്,'

'അതുകൊണ്ട് അവർ എപ്പോഴും കാണുന്നത് സിനിമയുമായി ബന്ധപ്പെട്ട ആളുകളെയും മറ്റുമാണ്. അങ്ങനെയൊരു ലോകത്താണ് അവർ വളർന്നത്. അതുമായി ബന്ധപ്പെട്ട സംസാരങ്ങളും ആളുകൾ വന്നു പോകുന്നതും ഞാൻ കഥ ആലോചിക്കുന്നതും എഴുതുന്നതും എനിക്ക് അങ്ങനെ ഭ്രാന്ത് വരുന്നതുമൊക്കെ കണ്ടാണ് അവർ വളർന്നത്. അങ്ങനെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അവർക്ക് ഇങ്ങനെയൊരു തോന്നൽ ഉണ്ടായതായിരിക്കാം. അവരുടെ സിനിമാ പ്രവേശവുമായി എനിക്ക് യാതൊരു ബന്ധവുമില്ല,' ശ്രീനിവാസൻ വ്യക്തമാക്കി.
അതേ സമയം അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ ഈയടുത്താണ് തിരികെ സാധാരണ ജീവിതത്തിലേക്കും സിനിമയിലേക്കുമെല്ലാം തിരിച്ചെത്തിയത്. വിനീത് ശ്രീനിവാസൻ നായകനായെത്തിയ കുറുക്കൻ എന്ന സിനിമയിലൂടെ ആയിരുന്നു ശ്രീനിവാസന്റെ തിരിച്ചുവരവ്.


Click it and Unblock the Notifications