ആദർശം മാറ്റിവെച്ച് പൈസ വാങ്ങി പുട്ടടിക്കാൻ പറഞ്ഞ പ്രമുഖ നടൻ; ഞാൻ അയാളോട് പറഞ്ഞു!, ശ്രീനിവാസന്റെ വാക്കുകൾ
മലയാള സിനിമയിലെ പ്രധാനിയാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയിട്ടുള്ള അദ്ദേഹം മലയാള സിനിമയിലെ പകരക്കാരില്ലാത്ത വ്യക്തിത്വമാണ്. അസുഖ ബാധിതനായി കുറച്ചു നാൾ വിശ്രമത്തിലായിരുന്ന നടൻ ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് മലയാള സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കിയതാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. അടുത്തിടെ പല വേദികളിലും എത്തി തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് നടൻ സദസിനെ കയ്യിൽ എടുത്തിരുന്നു.
എല്ലാ തുറന്ന് സംസാരിക്കുന്ന പ്രകൃതകാരനാണ് ശ്രീനിവാസൻ. അദേഹത്തിന്റെ അഭിമുഖങ്ങളിൽ ഒക്കെ തുറന്നു പറച്ചിലുകൾ കാണാം. ഒരിക്കൽ കൈരളിയിലെ ഒരു പരിപാടിയിൽ തന്നോട് ആദർശം മാറ്റിവെച്ച് പണം വാങ്ങി പുട്ടടിക്കാൻ പറഞ്ഞ ഒരു നടനെ കുറിച്ച് ശ്രീനിവാസൻ സംസാരിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. വിശദമായി വായിക്കാം.

'ഒരു നടന്റെ ഏതാനും സിനിമകൾ സാമ്പത്തിക വിജയം നേടുമ്പോൾ ചില നിർമ്മാതാക്കൾ ഈ നടന്റെ ചുറ്റുമിങ്ങനെ കറങ്ങാൻ തുടങ്ങും. അവർക്ക് വേണ്ടത് ഈ നടന്റെ ഡേറ്റാണ്. കാരണം സാമ്പത്തിക വിജയം നേടി കഴിയുമ്പോൾ സംവിധായകന് പ്രസക്തിയില്ലാതാവുകയും നടൻ താരമാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ താരം തന്നെയാകും ആര് സംവിധാനം ചെയ്യാണം എന്നെ. ആര് എനിക്ക് വേണ്ടി കഥയെഴുതണം എന്നെല്ലാം തീരുമാനിക്കുന്നത്,'
'അങ്ങനെ കുറെ സിനിമകൾ ഓടി കഴിയുമ്പോൾ ഒരു നടന്റെ ആഗ്രഹങ്ങൾക്ക് ചിറക് മുളയ്ക്കും. ആദ്യം ചെറിയ ആവശ്യമായിരിക്കും പിന്നീട് വലിയ വലിയ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങും. അപ്പോൾ അതിനനുസരിച്ച് പ്രതിഫല തുകയിൽ മാറ്റം വരുത്തും. പിന്നീട് കൂടുതൽ കൂടുതൽ കിട്ടണം എന്ന് ആഗ്രഹിക്കും. സിനിമ ഓടുന്നതൊക്കെ നടന്റെ കഴിവ് കൊണ്ടാണെന്ന് അയാൾക്ക് സ്വയം തോന്നും,'
'അങ്ങനെ അയാൾ ഒരു പ്ലാൻ ഇട്ടിട്ട് അതിന് വേണ്ടി കുറെ പണം സംഘടിപ്പിക്കാനായി അതിന് വേണ്ടി മാത്രമായി ചില സിനിമകൾ ചെയ്തേക്കാം എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്ന കാലമാണ്. ഒരു അഞ്ച് സിനിമയെങ്കിലും അയാൾ അങ്ങനെ പ്ലാൻ ചെയ്തിട്ടുണ്ട്. അതിന് അയാൾ പറഞ്ഞാൽ കേൾക്കുന്ന സംവിധായകനും ആണ്,'
'അങ്ങനെ ഒരു സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ നിർമ്മാതാവ് അതിലൊരു വേഷം ചെയ്യണം എന്ന് പറഞ്ഞ് എന്നെ സമീപിച്ചു. നിർമ്മാതാവും സംവിധായകനും കൂടി കലക്കൻ സിനിമയാകും എന്നെല്ലാം എന്നോട് പറഞ്ഞു. തിരക്കഥയെല്ലാം എഴുതി തയ്യാറായി ഇരിക്കുകയാണ്. പ്രധാന നടനെ വായിച്ച് കേൾപ്പിച്ചു അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് പറഞ്ഞു,'
'അത് എഴുതി കഴിഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഒന്ന് വായിക്കാൻ കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ തിരക്കഥ എനിക്ക് തന്നു. ഞാൻ വായിച്ചു. വായിച്ചപ്പോൾ തന്നെ ഇതൊരു ചതി പ്രയോഗമാണെന്ന് എനിക്ക് തോന്നി. കാരണം ആ നടന് ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ശരിയായ നടപടിയല്ലെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന് പണം ആവശ്യമായത് കൊണ്ടാകാം,'

'തിരക്കഥ വായിച്ചു കഴിഞ്ഞ ശേഷം ഞാൻ നിർമ്മാതാവിനെ വിളിച്ചു. ഞാൻ ഇത് അഭിനയിക്കുന്നോ ഇല്ലയോ എന്നത് പ്രശ്‍നമല്ല. നിങ്ങളിത് ചെയ്യണോ എന്ന് ആലോചിക്കൂ എന്ന് പറഞ്ഞു. അതിനു ശേഷം അദ്ദേഹം തിരക്കഥാകൃത്തുമായി എന്റടുക്കൽ വന്നു. അത് എത്രത്തോളം നല്ലതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. ഞാൻ പറഞ്ഞു എനിക്ക് ഈ റോൾ ചെയ്യാൻ ഒരു ന്യായം വേണം. പൈസക്ക് വേണ്ടി ചെയ്യില്ല എന്ന്. അങ്ങനെ അവർ പോയി,'
'അത് കഴിഞ്ഞപ്പോൾ തന്നെ ആ നടൻ എന്നെ വിളിച്ചു. സംവിധായകനും തിരക്കഥാകൃത്തും വന്നില്ലേ എന്ന് ചോദിച്ചു, തിരക്കഥ വായിച്ചില്ലെന്നും എന്ത് തോന്നുന്നെന്നും ചോദിച്ചു. ഞാൻ പറഞ്ഞു അത് സിനിമയെക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന്. നിന്റെ അഭിപ്രായമല്ല ഇവിടെ പ്രധാനം. ഞാൻ വായിച്ചാ ശേഷമാണല്ലോ ശ്രീനി വായിച്ചത് എന്ന് അദ്ദേഹം പറഞ്ഞു,'
'ശ്രീനിയുടെ സിനിമയോടുള്ള സമീപനം കുറച്ച് ആദർശപരമാകുന്നുണ്ടോ എനിക്ക് സംശയമുണ്ട്. അത്രയൊന്നും വേണ്ട. ജീവിതത്തിൽ പണമൊക്കെ ആവശ്യമാണ്. നീ ആ റോൾ ചെയ്ത് പണം വാങ്ങി പുട്ടടിക്കടായെന്ന് നടൻ എന്നോട് പറഞ്ഞു. ആ പുട്ട് നിങ്ങൾ അടിച്ചോളൂ, എനിക്ക് സൗകര്യമില്ലെന്ന് ഞാൻ പറഞ്ഞു. ആ സിനിമ ഇറങ്ങി പരാജയപ്പെട്ടു,' ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications