സ്നേഹമുണ്ടായിരുന്നു, വിവാഹത്തിന് തീരുമാനിച്ചിരുന്നു; പക്ഷെ!, കമൽഹാസനുമായുള്ള പ്രണയത്തെ പറ്റി ശ്രീവിദ്യ പറഞ്ഞത്
മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ എന്നും പറഞ്ഞ് കേട്ടിട്ടുള്ള പേരാണ് നടി ശ്രീവിദ്യയുടേത്. ശാലീന സൗന്ദര്യത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലാകെ നിറഞ്ഞ് നിന്നിരുന്ന നടി വിടപറഞ്ഞിട്ട് വർഷങ്ങളേറെയായി. എങ്കിലും മലയാളികളുടെ മനസ്സിൽ മായാത്ത ഓര്‍മ്മയായി ഇന്നും നിറഞ്ഞു നില്‍ക്കുകയാണ് ശ്രീവിദ്യ.
ശ്രീവിദ്യ അവിസ്മരണമാക്കിയ നിരവധി കഥാപാത്രങ്ങളും നിറം മങ്ങാതെ നിൽക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം നടി അഭിയനയിച്ചിട്ടുണ്ട്. സംഗീതാജ്ഞയായ എം എൽ വസന്തകുമാരിയുടെയും ആർ കൃഷ്ണമൂർത്തിയുടെയും മകളായ ശ്രീവിദ്യ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയതാണ്.

നൃത്തത്തിൽ നിന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. പതിമൂന്ന് വയസ്സായിരുന്നു അന്ന് പ്രായം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ നായികയാവുകയായിരുന്നു.
പിന്നീട് അങ്ങോട്ട് ശ്രീവിദ്യ എന്ന നടി മലയാള സിനിമയുടെ തന്നെ മുഖമായി മാറി. 40 വർഷക്കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന താരം 800ല്‍ പരം സിനിമകളിലാണ് അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും സജീവമായിരുന്നു.

തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ കൊണ്ട് ശ്രീവിദ്യ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. ശ്രീവിദ്യയുടെ പ്രണയങ്ങളും വിവാഹവും എല്ലാം സിനിമാ ലോകം വലിയ രീതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുള്ള ബന്ധത്തിന്റെ പേരിലാണ് ശ്രീവിദ്യ കൂടുതലായും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.
അണ്ണൈ വേളാങ്കണ്ണി, ഉണർച്ചികൾ, അപൂർവ രാഗങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ കമൽ ഹാസനുമായി ഒന്നിച്ചു അഭിനയിച്ച ശ്രീവിദ്യ കമൽ ഹസനുമായി പ്രണയത്തിലാവുകയായിരുന്നു. പക്ഷേ ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയി. ഇതേക്കുറിച്ച് ശ്രീവിദ്യ ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ സംസാരിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

കമൽ ഹാസനോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുന്നതിനിടെ നടനോട് അന്ന് സ്നേഹം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്നേഹമുണ്ടായിരുന്നു. വിവാഹത്തിലേക്ക് പോകാൻ എല്ലാം തീരുമാനിച്ചിരുന്നു. അദ്ദേഹം വേണ്ടെന്ന് വെച്ചു അതാണ് സംഭവിച്ചത് എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.

കഴിഞ്ഞു പോയതിനെ കുറിച്ച് തനിക്ക് ഖേദമില്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്. എനിക്കതിൽ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. അതിന് ഉദാഹരണം പറയാം. പുള്ളി പിന്നീട് സ്വന്തം പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോഴൊക്കെ ഞാൻ പോവുകയോ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ കടന്നു പോകുന്ന ശരിയും തെറ്റുകളുമാണ്.

എല്ലാം സഹിക്കാനും ക്ഷമിക്കാനും തനിക്ക് കഴിയുന്നത് ഈശ്വരാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണെന്നും ശ്രീവിദ്യ പറയുന്നുണ്ട്. ഞാൻ ദൈവത്തിനെ മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. എന്റെ അമ്മ ദൈവമായി എന്റെ കൂടെയുണ്ട് എന്നുള്ളൊരു വിശ്വാസം എനിക്കുണ്ടെന്നും ശ്രീവിദ്യ പറയുന്നു.
നമ്മൾ പലപ്പോഴും ഞാൻ ഞാൻ എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് പ്രശ്‍നങ്ങൾ ഉണ്ടാവുന്നത്. ഞാനെന്നുള്ളത് മാറ്റിയിട്ട്, ഞങ്ങൾ, നമ്മൾ എന്നൊക്കെ മാത്രം നമ്മൾ എപ്പോൾ ചിന്തിക്കുന്നവോ. അന്ന് മുതൽ ശാശ്വതമായ സന്തോഷമാണെന്നും ശ്രീവിദ്യ ആ അഭിമുഖത്തിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











