ചെറുപ്പത്തിലേ അമ്മ പോയി, തനിച്ചാണ് വളർന്നത്; എന്റെ കഥവെച്ച് ഒരു സിനിമ പിടിക്കാം; സുബ്ബലക്ഷ്മി പറഞ്ഞത്
നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിടവാങ്ങി എന്ന വാർത്ത വേദനയോടെയാണ് മലയാളികൾ കേട്ടത്. മുത്തശ്ശി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സുബ്ബലക്ഷ്മി മലയാളികൾക്ക് അത്രത്തോളം പ്രിയങ്കരിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ആയിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്കു മറക്കാനാകാത്ത ഒരുപിടി വേഷങ്ങൾ തന്ന ശേഷമാണ് സുബ്ബലക്ഷ്മിയുടെ മടക്കം.
ചിരിക്കുന്ന മുഖത്തോടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സുബ്ബലക്ഷ്മി നന്ദനം സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കല്യാണ രാമൻ, സിഐഡി മൂസ, പാണ്ടിപ്പട എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ്‌യ്ക്കൊപ്പം ബീസ്റ്റ് എന്ന സിനിമയിലാണ് നടി അവസാനം അഭിനയിച്ചത്. സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്‍മി അഭിനയിച്ചിരുന്നു.

അടുത്ത കാലത്തായി അഭിനയത്തിൽ അത്ര സജീവമല്ലാതിരുന്ന സുബ്ബലക്ഷ്മി, മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷും പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെയാണ് ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നത്. തന്റെ എൺപതുകളിലും ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു സുബ്ബലക്ഷ്മിക്ക് ഇഷ്ടം. ചെറുപ്പകാലത്തും താൻ തനിച്ചായിരുന്നു എന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ സുബ്ബലക്ഷ്മി പറഞ്ഞിട്ടുണ്ട്. ആവശ്യങ്ങൾ പറയാനോ കേൾക്കാനോ തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ മരണശേഷം താനും സഹോദരങ്ങളും തീർത്തും ഒറ്റപ്പെട്ടു പോയെന്നും സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.
"കൊച്ചു നാൾ തുടങ്ങി കഷ്ടത തുടങ്ങി. സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു. വലിയ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. അച്ഛൻ വലിയ പൊസിഷനിൽ ഉള്ള ആളായിരുന്നു. ദീവാൻ സർ സി പി രാമസ്വാമി അയ്യർ വന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തതാണ് എന്റെ അമ്മയെ. അത്ര നല്ല ബാക്ക്ഗ്രൗണ്ടിൽ, നല്ലൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്.
ആ വീട്ടിലെ ആദ്യത്തെ പെൺകുട്ടി ആയിരുന്നു ഞാൻ. അതുകൊണ്ട് വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്. എന്നാൽ 28 വയസുള്ളപ്പോൾ അമ്മ മരിച്ചു. ഈ കാലത്ത് 28 ആം വയസ്സിൽ ആണ് കല്യാണം തന്നെ നടക്കുന്നത്. അമ്മ മരിക്കുമ്പോൾ എനിക്ക് അപ്പോൾ പതിനൊന്ന് വയസ്സ് പോലുമായിരുന്നില്ല. എനിക്ക് താഴെ ഒരു അനുജത്തിയും അനുജനും ഉണ്ടായിരുന്നു. തോട്ടിലിൽ അവരെ കിടത്തി ആട്ടി കൊണ്ടിരിക്കുന്ന ആ പ്രായം, അപ്പോഴാണ് അമ്മ മരിക്കുന്നത്.

അച്ഛന്റെ എല്ലാ കാര്യങ്ങളും അമ്മ ആയിരുന്നു നോക്കുന്നത്. പുള്ളി ഭയങ്കര സെറ്റപ്പിൽ ഉള്ള ആളായിരുന്നു. ഓഫീസിൽ നിന്നും വന്നാൽ ടൈ അഴിക്കാനും സോക്സ് അഴിക്കാനും വരെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം അച്ഛന് വലിയ ഷോക്കായിരുന്നു. ഈ കുട്ടികളെ എങ്ങനെ വളർത്തും എന്നായിരുന്നു അച്ഛന് ചിന്ത. അച്ഛന്റെ ചേച്ചി ഭയങ്കര പണക്കാരിയായിരുന്നു കുട്ടികൾ ഇല്ല. അവരുടെ കൂടെ ആയി ഞങ്ങൾ മൂന്ന് പേരും. ഒരു സാമൂഹിക പ്രവർത്തനം പോലെ ആയിരുന്നു അവർ കാര്യങ്ങൾ ചെയ്തിരുന്നത്.
എന്നാൽ ഞങ്ങൾക്ക് അത് അറിയുന്നുണ്ടായിരുന്നില്ല, കുട്ടികൾ അല്ലെ. ഞങ്ങൾക്ക് അമ്മയുടെ സ്നേഹം ഒക്കെ ആയിരുന്നു അപ്പോൾ ആവശ്യം. അനിയന് ഒന്നര വയസെ ഉണ്ടായിരുന്നുള്ളു. പക്ഷെ അവിടെ ചെന്നപ്പോൾ ഞങ്ങൾ കൂട്ടിലിട്ട കിളികളെ പോലെ ആയി മാറി. ഞങ്ങളുടെ ഈ കഥ എടുത്താൽ ഒരു സിനിമ തന്നെ പിടിക്കാം. ആകെ കെട്ടിയിട്ട പോലെ ആയിരുന്നു," എന്നായിരുന്നു സുബ്ബലക്ഷ്മിയുടെ വാക്കുകൾ.


Click it and Unblock the Notifications











