ഫിലോസഫി പഠിച്ചിട്ടും ഒന്നും ചെയ്തിരുന്നില്ല; പ്രണവ് സിനിമയിൽ എത്തിയതിനെ കുറിച്ച് സുചിത്ര മോഹൻലാൽ
പ്രണവ് മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും സെലക്ടീവ് ആയി മാത്രം സിനിമകൾ ചെയ്യുന്ന അപൂർവ്വം നായകന്മാരിൽ ഒരാളാണ്. ഓരോ സിനിമയുടെ ഷൂട്ടിങ് കഴിയുമ്പോഴും തന്റെ യാത്രകളുടെ തിരക്കിലേക്ക് തിരിച്ചു പോകാറുള്ള, ഇത് വരെ ഒരു അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെടാത്ത, പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്ത ഒരേയൊരു താര പുത്രനാണ് മോഹൻലാലിന്റേയും സുചിത്രയുടെയും മകൻ. മുൻപൊന്നും സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത, സ്കൂൾ ടീച്ചറാകാനും യാത്ര ചെയ്യാനും ഇഷ്ടമുള്ള വ്യക്തിയാണ് തന്റെ മകനെന്ന സൂപ്പർതാരം പറഞ്ഞിട്ടുണ്ട്.
കുറച്ചു കാലങ്ങൾക്ക്, മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, സുചിത്ര മോഹൻലാൽ മകൻ പ്രണവിനെ കുറിച്ചും, അയാൾക്ക് യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും, മനസ്സ് തുറന്നിരുന്നു. അന്ന് അപ്പുവിനെ ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ താനോ മോഹൻലാലോ നിർബന്ധിച്ചിട്ടില്ല എന്നും, ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചത് അയാൾ തന്നെയാണെന്നും, താര പത്നി പറഞ്ഞു.

പ്രണവിനെയും വിസ്മയയെയും കല്യാണത്തിന് നിർബന്ധിക്കാൻ പറ്റില്ല, അത് അവരുടെ കുറ്റമല്ല: സുചിത്ര മോഹൻലാൽ
"അപ്പു ചെറുപ്പത്തിലേ മുതൽ ഇങ്ങനെയായിരുന്നു. അവൻ ഇങ്ങനെ ഒരു 'ഔട്ട്ഡോർ' വ്യക്തിയാണ്. അവൻ പഠിച്ചത് ഊട്ടിയിലാണ്, ഇന്റർനാഷണൽ സ്കൂളാണ്. അവിടുത്തെ പിള്ളേരുടെ ഒരു കൾച്ചർ ഇങ്ങനെയാണ് - ട്രെക്കിങ്ങും പോവുക, ഹൈക്കിങ് ചെയ്യുക ഒക്കെ. അങ്ങനെയൊക്കെ ചെറുപ്പത്തിലേ ആ ഒരു ലൈഫ്സ്റ്റൈൽ ആയതുകൊണ്ട് ആയിരിക്കാം, അവിടുത്തെ പതിമൂന്നാം ക്ലാസ് കഴിഞ്ഞയുടനെ അവനും അവന്റെ ഫ്രണ്ടും വന്നു പറഞ്ഞു, ഹിമാലയത്തിൽ ട്രെക്കിങ്ങിന് പോവുകയാണെന്ന്. അന്ന് എന്റെയൊരു ഫ്രണ്ടിന് ഒപ്പം വിടാൻ നോക്കി, പക്ഷെ ഒറ്റക്ക് പോണമെന്നാണ് അവൻ പറഞ്ഞത്," സുചിത്ര വിശദീകരിച്ചു.

"ആദ്യമൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, "സിനിമയിൽ ഒന്ന് ശ്രമിച്ചു നോക്കിയാലോ," എന്ന്. എന്താണെന്ന് വച്ചാൽ, അവൻ ഓസ്‌ട്രേലിയയിൽ പോയി ഫിലോസഫി പഠിച്ചതാണ്. ഒന്നുകിൽ അത് കഴിഞ്ഞിട്ട് വീണ്ടും പഠിച്ചിട്ട്, ഒരു ടീച്ചറാവുകയോ മറ്റോ ചെയ്യാം. അങ്ങനെയാണെങ്കിൽ ഓക്കേ ആയിരുന്നു. ഇത്, അവൻ അതും ചെയ്യുന്നില്ല. അപ്പോൾ, എന്ത് പ്രൊഫഷനാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്? അതായിരുന്നു എന്റെ ചോദ്യം," താര പത്നി വെളിപ്പെടുത്തി. അങ്ങനെ പതുക്കെ പതുക്കെയാണ്, സിനിമ അഭിനയം ഒന്ന് ശ്രമിച്ചു നോക്കാമെന്ന് പ്രണവ് മോഹൻലാൽ തീരുമാനിക്കുന്നത്.
"ഞാൻ വളർന്നത് ഒരു സിനിമ കുടുംബത്തിലാണ്, അച്ഛൻ പ്രൊഡ്യൂസറായിരുന്നു. കല്യാണം കഴിച്ചത് ഒരു നടനെയാണ്, ഇന്ന് എന്റെ സഹോദരനും പ്രൊഡ്യൂസറാണ്. എനിക്ക് ഒരു കുട്ടിയെങ്കിലും ഡോക്ടർ ആവണം എന്നുണ്ടായിരുന്നു, പക്ഷെ അവർക്ക് രണ്ടാൾക്കും താത്പര്യമില്ല. അങ്ങനെ സിനിമയിൽ ഒന്ന് ശ്രമിച്ചു നോക്കുന്നോ എന്ന് ചോദിച്ചു. അതാവുമ്പോൾ, അവർക്ക് മാർഗനിർദ്ദേശം കൊടുക്കാൻ നമ്മളൊക്കെ ഉണ്ടല്ലോ. പക്ഷെ അഭിനയിച്ച പറ്റൂ എന്നൊന്നും പ്രണവിനോട് നിർബന്ധിച്ചു പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്തു നോക്കാം എന്ന് സമ്മതിച്ചതാണ് അപ്പു 'ആദി'യിൽ അഭിനയിച്ചത്," സുചിത്ര ഓർത്തെടുത്തു.
എന്തായാലും, വർഷത്തിൽ ഒരു സിനിമയെ ചെയ്യൂ എന്ന തന്റെ തീരുമാനത്തിന് പ്രണവ് മോഹൻലാൽ ഇത് വരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. അടുത്തതായി പ്രശസ്ത നടൻ പ്രത്യക്ഷപ്പെടുക, ഭ്രമയുഗം സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമായ 'ഡയസ് ഇറേ'യിലാണ്. ഏറെ പ്രത്യേകതകളുള്ള ചിത്രം തീയറ്ററിൽ എത്തുക ഒക്ടോബർ അവസാന ആഴ്ചയായിരിക്കും എന്നാണ് റിപോർട്ടുകൾ.


Click it and Unblock the Notifications











