പ്രണവിനെയും വിസ്മയയെയും കല്യാണത്തിന് നിർബന്ധിക്കാൻ പറ്റില്ല, അത് അവരുടെ കുറ്റമല്ല: സുചിത്ര മോഹൻലാൽ
മോഹൻലാലും ഭാര്യ സുചിത്രയും എന്നും മക്കളായ പ്രണവിനേയും വിസ്മയയെയും അവരുടെ ജീവിതങ്ങൾ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുള്ള മാതാപിതാക്കളാണ്. സാധാരണയായി കണ്ടു വരുന്നത് പോലെ, മക്കളെ ഏതെങ്കിലും ഒരു തൊഴിൽ മേഖലയിലേക്ക് നിർബന്ധിച്ചു കൊണ്ട് വരാനോ, തങ്ങളുടെ ഇഷ്ടങ്ങൾ അവർക്ക് മേലെ അടിച്ചേൽപ്പിക്കാനോ താനും ഭാര്യയും തയ്യാറല്ലെന്ന്, സൂപ്പർ താരം വെളിപ്പെടുത്തിയിരുന്നു. പ്രണവിനോട് ഒന്ന് അഭിനയിച്ചു നോക്കാൻ പറഞ്ഞത് മാത്രമാണ്, ഇതിന് വിപരീതമായി നടന്ന ഒരു കാര്യം.
ഇതേ മനോഭാവമാണ്, മക്കളുടെ വിവാഹ കാര്യത്തിലും തനിക്കും ചേട്ടനും ഉള്ളത് എന്ന് കുറച്ചു കാലം മുൻപ് സുചിത്ര മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. വളരെ അപൂർവ്വമായി മാത്രം മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന താര പത്നി, മുൻപൊരിക്കൽ മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്. പ്രണവിനോടോ വിസ്മയയോടൊ ഇത് വരെ കല്യാണം കഴിക്കാൻ ആവശ്യപ്പെടുകയോ, അതിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് സുചിത്ര വെളിപ്പെടുത്തി.

പണ്ടത്തെ പോലെ കുട്ടികളെ കല്യാണം കഴിക്കാൻ വേണ്ടി നിർബന്ധിക്കാനോ, അത് അവരുടെ മേലെ അടിച്ച് ഏൽപ്പിക്കാനോ കഴിയില്ല എന്നാണ് മോഹൻലാലിന്റേയും തന്റെയും വിശ്വാസം എന്നാണ് താര പത്നി പറഞ്ഞത്. അത് ഒരിക്കലും അവരുടെ കുറ്റമായി കാണാൻ കഴിയില്ല. കല്യാണവും, അത് കഴിഞ്ഞു ഒന്നിച്ചുള്ള ജീവിതവും, ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്ന, കോമ്പ്രോമൈസ് ഏറെ ആവശ്യമുള്ള ഒരു കാര്യമാണ്. എന്നാൽ അതിനൊന്നും തയ്യാറാവുന്നവരല്ല ഇന്നത്തെ കുട്ടികൾ എന്നാണ് സുചിത്ര പറഞ്ഞത്. എന്നാൽ അത് കുട്ടികളുടെ കുറ്റമല്ല, മാറുന്ന ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം എന്നും അവർ കൂട്ടിച്ചേർത്തു.
"ഇപ്പോൾ നമ്മൾ കല്യാണം കഴിച്ചു കഴിഞ്ഞിട്ട്, അത് മുന്നോട്ട് പോകണമെങ്കിൽ രണ്ടു ഭാഗത്ത് നിന്നും അഡ്ജസ്റ്റ്മെന്റുകൾ, വിട്ടുവീഴ്ചകൾ, ഒക്കെ ഉണ്ടായാലേ പറ്റൂ. എങ്കിലേ ഒരു വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ പറ്റുകയുള്ളു. പക്ഷെ ഇപ്പോഴത്തെ പിള്ളാർ അങ്ങനെയല്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരുടെ കുറ്റമല്ല. ഇപ്പോഴത്തെ സാഹചര്യങ്ങളും, ആളുകളുടെ മൊത്തത്തിൽ ഉള്ളൊരു ചിന്താഗതിയും, എല്ലാം വേറെയാണ്," സുചിത്ര മോഹൻലാൽ പറഞ്ഞു.

"ഇപ്പോൾ ആണെങ്കിൽ കുറെ പേർ വിട്ടുവീഴ്ചകൾ ചെയ്യില്ല, അത് മറ്റ് കുട്ടികൾ ആണെങ്കിലും ശരി, എന്റെ സ്വന്തം മക്കളാണെങ്കിലും ശരി. അവരുടെ മൈൻഡ് സെറ്റൊക്കെ വേറെയാണ്. അപ്പോൾ, ഞാൻ അവരെ "ഇല്ല പറ്റില്ല... കല്യാണം കഴിക്കണം എന്ന് പറഞ്ഞ് അവരെ ഫോഴ്സ് ചെയ്തു കല്യാണം കഴിപ്പിച്ചിട്ട്, നാളെ എന്തെങ്കിലും ശരിയായില്ല എന്നുണ്ടെങ്കിൽ, ജീവിത കാലം മുഴുവൻ ഞാൻ അതിന് പഴി കേൾക്കേണ്ടി വരും. ചേട്ടൻ (മോഹൻലാൽ) ഷൂട്ടിംഗ്, മറ്റേത്, എന്നൊക്കെ പറഞ്ഞ് തിരക്കിലാവും. കേൾക്കേണ്ടത് ഞാൻ ആയിരിക്കും," ഒരു ചിരിയോടെ താര പത്നി കൂട്ടി ചേർത്തു.
"പിന്നെ നമ്മൾ പിള്ളേർക്ക് ആ ഒരു ഫ്രീഡം കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് എപ്പോഴാണ് കല്യാണം വേണ്ടതെന്ന് പറഞ്ഞാൽ, നമ്മൾ അപ്പോൾ അതുമായി മുന്നോട്ട് പോകും, എന്നാണ് അവരോട് പറഞ്ഞിട്ടുള്ളത്," സുചിത്ര മോഹൻലാൽ പറഞ്ഞു നിർത്തി. താര ദമ്പതികളുടെ മൂത്ത മകൻ പ്രണവ് മോഹൻലാൽ ഇന്ന് അറിയപ്പെടുന്ന നടനാണ്. എങ്കിലും, വല്ലപ്പോഴും മാത്രം ക്യാമറയ്ക്ക് മുന്നിലെത്തി, ബാക്കി സമയം യാത്ര ചെയ്യാനാണ് അദ്ദേഹത്തിന് ഇഷ്ടം. മകൾ വിസ്മയയും ഉടൻ തന്നെ അഭിനയത്തിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്.


Click it and Unblock the Notifications











