ഞാനും ലാലും ഇടി കൂടിയത് പുഴുക്കള്‍ നുരയ്ക്കുന്നിടത്ത്; ഓര്‍മ്മകളില്‍ കുണ്ടറ ജോണിയുടെ കിരീടം
മലയാളികള്‍ ഇന്ന് ഉണര്‍ന്നത് നടന്‍ കുണ്ടറ ജോണിയുടെ മരണവാര്‍ത്തയിലേക്കാണ്. ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു കുണ്ടറ ജോണി. വില്ലന്‍ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടുന്നത്. ഓണ്‍ സ്‌ക്രീനില്‍ പേടിപ്പിക്കുന്ന വില്ലനായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ സൗമ്യനായ, എപ്പോഴും ചിരിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു കുണ്ടറ ജോണി.
കുണ്ടറ ജോണിയെന്ന നടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന ചിത്രമായിരിക്കും കിരിടീം. ഈയ്യടുത്ത് കിരീടത്തില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത സംഘട്ടന രംഗത്തെക്കുറിച്ച് കുണ്ടറ ജോണി മനസ് തുറന്നിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

''കിരീടത്തിലെ ആ ഫൈറ്റ് സീന്‍ തിരുവനന്തപുരം മ്യൂസിയത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്താണു ചിത്രീകരിച്ചത്. വേസ്റ്റൊക്കെ ഇടുന്ന സ്ഥലമാണ്. ബ്രേക്കില്ലാതെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു ഷൂട്ട്. കാപ്പിയും ബിസ്‌കറ്റുമൊക്കെ മറ്റുള്ളവര്‍ വായില്‍ വച്ചു തരും. കൈയും ദേഹവും എല്ലാം അഴുക്കായിരുന്നു. ഓരോ തവണ മണ്ണ് ഇളകുമ്പോളും പുഴുക്കള്‍ നുരഞ്ഞുവന്നു'' എന്നായിരുന്നു കുണ്ടറ ജോണി പറഞ്ഞത്.
ഇതോടെ ലൊക്കേഷന്‍ മാറ്റണമോ എന്ന് സംവിധായകന്‍ ചോദിച്ചുവെങ്കിലും അവിടെ വച്ച് തന്നെ ഷൂട്ട് ചെയ്യാന്‍ താനും മോഹന്‍ലാലും തയ്യാറായിരുന്നുവെന്നാണ് കുണ്ടറ ജോണി പറഞ്ഞത്. ഷൂട്ട് കഴിഞ്ഞതോടെ ഡെറ്റോളൊഴിച്ച് കുളിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കിരീടം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി മാറിയതോടെ കുണ്ടറ ജോണിയ്ക്കും കയ്യടി നേടാനായി.
പിന്നീട് കിരീടം തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതേസമയം, മലയാളത്തില്‍ വെറും രണ്ടര മണിക്കൂറില്‍ ഷൂട്ട് ചെയ്ത ഈ രംഗം ചിത്രീകരിക്കാന്‍ തെലുങ്കില്‍ എടുത്തത് ആറ് ദിവസമാണെന്നും കുണ്ടറ ജോണി ചൂണ്ടിക്കാണിച്ചിരുന്നു. കുണ്ടറ ജോണിയെ മലയാളത്തിന് അപ്പുറത്തേക്ക്, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കുമൊക്കെ എത്തിക്കാന്‍ സഹായിച്ച സിനിമയാണ് കിരീടം.
മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. മറ്റ് ഭാഷയില്‍ അഭിനയിക്കുമ്പോള്‍ നമ്മളെ കൂടുതല്‍ ഉയരാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ മലയാള സിനിമയില്‍ എല്ലാവരും ഒരുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ഭാഷയില്‍ വില്ലനും നായകനും തമ്മില്‍ ഒരുപാട് അകലമുണ്ടായിരുന്നുവെന്നാണ് കുണ്ടറ ജോണി നേരത്തെ പറഞ്ഞത്.

നായകന്റെ വണ്ടിയില്‍ പോലും വേറൊരാള്‍ കയറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കിരീടത്തിന്റെ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ നായകന്റെ വണ്ടിയിലേക്ക് കയറ്റില്ലായിരുന്നുവെന്നും കുണ്ടറ ജോണി പറഞ്ഞിരുന്നു. എന്നാല്‍ മലയാളത്തില്‍ അങ്ങനെയായിരുന്നില്ല. എല്ലാവരും ഒരുമിച്ച് ഒരു വണ്ടിയിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1979 ല്‍ പുറത്തിറങ്ങിയ നിത്യ വസന്തം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നാടോടിക്കാറ്റ്, കിരീടം, ചെങ്കോല്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ദേവാസുരം, ഭരത്ചന്ദ്രന്‍ ഐപിഎസ്, തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിക്കതിലും വില്ലന്‍ വേഷങ്ങളിലായിരുന്നു അഭിനയിച്ചത്. മേപ്പടിയാനാണ് ഒടുവിലിറങ്ങിയ സിനിമ.


Click it and Unblock the Notifications











